Quantcast

ചൈന നിർമ്മിച്ചുകൊണ്ടിരുന്ന ആണവ അന്തർവാഹിനി മുങ്ങിപ്പോയി; വെളിപ്പെടുത്തലുമായി യുഎസ്

മുങ്ങിപ്പോകാനുള്ള കാരണമെന്താണെന്നോ ആ സമയം കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നതിൽ വ്യക്തത വന്നിട്ടില്ല

MediaOne Logo

Web Desk

  • Published:

    28 Sep 2024 4:30 AM GMT

ചൈന നിർമ്മിച്ചുകൊണ്ടിരുന്ന ആണവ അന്തർവാഹിനി മുങ്ങിപ്പോയി; വെളിപ്പെടുത്തലുമായി യുഎസ്
X

വാഷിങ്ടൺ: ചൈന നിർമ്മിച്ചുകൊണ്ടിരുന്ന ആധുനിക ആണവ അന്തർവാഹിനി മുങ്ങിപ്പോയെന്ന് യുഎസ്. പേര് വെളിപ്പെടുത്താത്ത യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനാണ് ചൈനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരം പുറത്തുവിട്ടത്. ആയുധശേഷിയിൽ കരുത്തുണ്ടാക്കാൻ ശ്രമിക്കുന്ന ചൈനക്ക് വലിയ നാണക്കേടുണ്ടാക്കുന്നതാണ് അന്തർവാഹിനി മുങ്ങിയതെന്ന് യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

മെയ്- ജൂൺ മാസത്തിലാണ് ​ചൈനയുടെ ഫസ്റ്റ് ഇൻ ക്ലാസ് ആണവ അന്തർവാഹിനി തുറമുഖത്ത് മുങ്ങിയത്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം​ കണ്ടെത്തിയത്. കപ്പൽ മുങ്ങാനുള്ള കാരണമെന്താണെന്നോ, ആ സമയം കപ്പലിൽ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ കപ്പൽ മുങ്ങിയതിനെ പറ്റി പ്രതികരിക്കാൻ ചൈനീസ് എംബസി തയാറാവുകയോ കൂടുതൽ വിവരങ്ങൾ നൽകാനോ തയാറായിട്ടില്ല. അങ്ങനെയൊരുസംഭവം ഞങ്ങൾക്ക് അറിയില്ലെന്നും അതുകൊണ്ട് ഒരു വിവരവും നൽകാനാകില്ലെന്നും ​വക്താവ് പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, മുങ്ങിയ കപ്പലിന്റെ ചിത്രം എഎഫ്പി പുറത്തുവിട്ടു. യാങ്സി നദിയിലെ ഷുവാങ്‍ലിയു കപ്പൽശാലയിൽ നങ്കൂരമിട്ടിരിക്കുന്ന അന്തർവാഹിനി മുങ്ങുന്നതിന് മുന്നോടിയുള്ള ചിത്രമാണ് പുറത്തുവിട്ടത്. വാൾ സ്ട്രീറ്റ് ജേണലാണ് ചൈനീസ് അന്തർവാഹിനിയെ പറ്റിയുള്ള വാർത്ത ആദ്യം പുറത്തുവിട്ടത്.

സാൻഫ്രാൻസിസ്കോ ആസ്ഥാനമായ പ്ലാനറ്റ് ലാബ്സിൽ നിന്നുള്ള ജൂൺ മുതലുള്ള നിരവധി ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവന്നത്. ജൂൺ 15 ന് എടുത്ത ചിത്രത്തിൽ കപ്പൽ ഡോക്കിൽ അന്തർവാഹിനി ഭാഗികമായി മുങ്ങിക്കിടക്കുന്നത് കാണാം. കപ്പൽശാലയിൽ നിന്നുള്ള ചിത്രങ്ങളിൽ ക്രെയിനുകളും മറ്റ് രക്ഷാ പ്രവർത്തന സാമഗ്രികളും ചുറ്റിലുമുണ്ട്. എന്നാൽ ആഗസ്റ്റ് 25 ന് എടുത്ത ചിത്രത്തിൽ​ ഡോക്കിൽ അന്തർവാഹിനി വ്യക്തമായി കാണാം. മുങ്ങിയ അന്തർവാഹിനി തന്നെയാണോ ഡോക്കിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ലെന്നാണ് റിപ്പോർട്ട്.

2022 ലെ കണക്കനുസരിച്ച്, ചൈനയ്ക്ക് ആറ് ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും ആറ് ആണവ ആക്രമണ അന്തർവാഹിനികളും 48 ഡീസൽ പവർ അറ്റാക്ക് അന്തർവാഹിനികളും ഉണ്ടെന്നാണ് ചൈനയുടെ സൈന്യത്തെക്കുറിച്ചുള്ള പെന്റഗൺ റിപ്പോർട്ട് പറയുന്നത്. 2025 ഓടെ മുങ്ങിക്കപ്പൽ ശക്തി 65 ആയും 2035 ഓടെ 80 ആയും വളർത്താനുള്ള ശ്രമത്തിലാണ് ചൈനയെന്നും യുഎസ് സൈന്യം പറയുന്നു.

പസഫിക് സമുദ്രത്തിൽ നടത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം വിജയകരമാണെന്ന് ചൈന അവകാപ്പെ​ട്ടതിന് പിന്നാലെയാണ് അന്തർവാഹിനി മുങ്ങിയ വാർത്തപുറത്തുവരുന്നത്. ചൈന ആണവമേഖലയിൽ നടത്തുന്ന കൂടുതൽ ഇടപെടലുകൾ അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

TAGS :

Next Story