ജനന നിയന്ത്രണം തിരിച്ചടിയായി; കുട്ടികളുണ്ടാവാൻ ദമ്പതികൾക്ക് 'ബേബി ലോൺ' വാഗ്ദാനം ചെയ്ത് ചൈനീസ് പ്രവിശ്യ
1980ൽ അന്നത്തെ ഭരണാധികാരിയായിരുന്ന ഡെങ് ജിയാവോപിങ് ആണ് രാജ്യത്ത് ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. എന്നാൽ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. രാജ്യത്ത് വൃദ്ധൻമാരുടെ എണ്ണം കൂടുകയും യുവാക്കൾ കുറയുകയും ചെയ്തത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതോടെയാണ് 2016ൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് കുട്ടികളാവാമെന്ന നിലപാടിലെത്തിയത്.
ജനസംഖ്യ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണ നടപടികൾ വൻ തിരിച്ചടിയായതോടെ ജനന നിരക്ക് കൂട്ടാൻ വിവിധ പദ്ധതികളുമായി ചൈന. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യ കുട്ടികളുണ്ടാവാൻ വേണ്ടി വിവാഹിതരായ ദമ്പതികൾക്ക് 31,000 ഡോളറാണ് ലോണായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യത്തിൽ പുറത്തുവന്ന ചൈനയുടെ സെൻസസ് ഡാറ്റ അനുസരിച്ച് രാജ്യത്തെ ജനസംഖ്യാ വളർച്ചാനിരക്ക് 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്.
ഈ വർഷം ആഗസ്റ്റിൽ ചൈന ജനസംഖ്യാനയത്തിൽ മാറ്റം വരുത്തിയിരുന്നു. രണ്ടുകുട്ടി നയം തിരുത്തി മൂന്ന് കുട്ടികൾ ആവാമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നു. റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം ജിലിൻ, ലിയോണിങ്, ഹീലോങ്ജിയാങ് എന്നീ മൂന്ന് വടക്കുകിഴക്കൻ പ്രവിശ്യകളിലാണ് ജനസംഖ്യാ പ്രശ്‌നം രൂക്ഷമായിട്ടുള്ളത്.
വിവാഹം വൈകിപ്പിക്കുകയോ, കുടുംബാസൂത്രണം നടത്തുകയോ, താമസക്കാർ ജോലിക്കായി മറ്റു പ്രവിശ്യകളിലേക്ക് പോവുകയോ ഒക്കെ ചെയ്യുന്നതാണ് ഇവിടെ സ്ഥിതി മോശമാവാൻ കാരണം. ഈ പ്രവിശ്യകളിൽ 2010 നെ അപേക്ഷിച്ച് 2020ൽ ജനസംഖ്യ 10.3 ശതമാനമാണ് കുറഞ്ഞത്. ജിലിൻ പ്രവിശ്യയിൽ 12.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
1980ൽ അന്നത്തെ ഭരണാധികാരിയായിരുന്ന ഡെങ് ജിയാവോപിങ് ആണ് രാജ്യത്ത് ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. എന്നാൽ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. രാജ്യത്ത് വൃദ്ധൻമാരുടെ എണ്ണം കൂടുകയും യുവാക്കൾ കുറയുകയും ചെയ്തത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതോടെയാണ് 2016ൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് കുട്ടികളാവാമെന്ന നിലപാടിലെത്തിയത്. ഇതും ഫലപ്രദമാവാത്തതിനെ തുടർന്നാണ് മൂന്ന് കുട്ടികൾ വരെയാവാമെന്ന് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ വർഷം ആഗസ്റ്റിൽ തീരുമാനിച്ചത്.
1980ൽ കർശന നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് ഒറ്റക്കുട്ടിനയം നടപ്പാക്കിയത്. നിബന്ധന ലംഘിക്കുന്നവർക്കെതിരെ നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ഉപരോധം തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിച്ചതും വിമർശനത്തിന് കാരണമായിരുന്നു. 2016ൽ രാജ്യം നയംമാറ്റിയെങ്കിലും ഉയർന്ന ജീവിതച്ചെലവും നീണ്ട ജോലി സമയവും മൂലം ജനങ്ങൾ ഇതോട് മുഖംതിരിക്കുകയായിരുന്നു. ഒറ്റക്കുട്ടി നയത്തോട് ജനങ്ങൾ സാംസ്‌കാരികമായി ഇഴുകിച്ചേർന്നതും പുതിയ നയം ജനങ്ങൾ സ്വീകരിക്കുന്നതിന് തടസ്സമായി.
രാജ്യത്തെ ഉയർന്ന ജീവിതച്ചെലവാണ് കൂടുതൽ കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കാനുള്ള പ്രധാനകാരണം. 2005ൽ നടന്ന ഒരു പഠനത്ത ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം ചൈനയിൽ ഒരു സാധാരണ കുടുംബത്തിന് ഒരു കുട്ടിയെ വളർത്തുന്നതിന് 490,000 യുവാൻ (ഏകദേശം 57.6) ലക്ഷം രൂപ ചെലവായിരുന്നു. 2020ൽ ഈ തുക നാലിരട്ടിയായി വർധിച്ചു. രാജ്യത്ത് ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ചെലവ് 1.99 ദശലക്ഷം യുവാൻ (ഏകദേശം 2.35 കോടി രൂപ) ആയി ഉയർന്നതായാണ് പ്രദേശിക മാധ്യമങ്ങൾ പറയുന്നത്.
Adjust Story Font
16