ആശങ്കയുയർത്തി ചൈനീസ് കപ്പൽ മാലദ്വീപിലേക്ക്; ലക്ഷ്യം സമുദ്രഗവേഷണമെന്ന് റിപ്പോർട്ട്
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റെ ബെയ്ജിങ് സന്ദർശനത്തിനു പിന്നാലെയാണ് ചൈനീസ് കപ്പൽ മാലെ ലക്ഷ്യമാക്കി പുറപ്പെട്ടിരിക്കുന്നത്
ബെയ്ജിങ്: ചൈനീസ് കപ്പൽ മാലദ്വീപിലേക്കു തിരിച്ചതായി റിപ്പോർട്ട്. ഇന്ത്യയും മാലദ്വീപും തമ്മിൽ നയതന്ത്രതർക്കം തുടരുന്നതിനിടെയാണു പുതിയ നീക്കം. ഷിയാങ് യാങ് ഹോങ് 03 എന്ന പേരിലുള്ള ഗവേഷണ കപ്പലാണ് മാലദ്വീപ് തീരത്തെത്തുന്നത്. ഇന്ത്യൻ സൈനികവൃത്തങ്ങളെയും ഒരു സ്വതന്ത്ര ഗവേഷകനെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റെ ബെയ്ജിങ് സന്ദർശനത്തിനു പിന്നാലെയാണ് ചൈനീസ് കപ്പൽ പുറപ്പെട്ടിരിക്കുന്നത്. സൈനിക കപ്പലല്ല ഇതെന്നാണു വിവരം. എന്നാൽ, കപ്പൽ വഴി നടത്തുന്ന ഗവേഷണം സൈനിക ആവശ്യത്തിന് ഉപയോഗിച്ചേക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. നേരത്തെ ശ്രീലങ്കൻ തീരത്തും ഇത്തരത്തിൽ ചൈനീസ് കപ്പൽ എത്തിയിരുന്നതായി ഇന്ത്യൻ നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ മാലെ ലക്ഷ്യമാക്കിയാണു കപ്പൽ സഞ്ചരിക്കുന്നതെന്ന് ഗവേഷകനായ ഡാമിയൻ സിമൺ എക്‌സിൽ കുറിച്ചു. ഇവിടെ സമുദ്ര ഗവേഷണം നടത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഇത് ഇന്ത്യയ്ക്ക് ആശങ്കയുയർത്തുന്നതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ശ്രീലങ്കയിലെത്തിയതും ഷിയാങ്ങിനു സമാനമായ കപ്പലാണെന്നാണു വിലയിരുത്തൽ. അന്ന് ഇന്ത്യ ശക്തമായ എതിർപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം കപ്പൽ മാലദ്വീപ് തീരത്തോട് അടുക്കുമെന്നാണു വിവരം. പുതിയ നീക്കം ഇന്ത്യൻ നാവികസേന സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നു കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി.
കഴിഞ്ഞ നവംബറിൽ മുഹമ്മദ് മുഇസ്സു പ്രസിഡന്റായി സ്ഥാനമേറ്റതിനു പിന്നാലെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കു തുടക്കമാകുന്നത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യം ചൈനയോട് കൂടുതൽ അടുക്കാൻ നീക്കം നടത്തുകയാണിപ്പോൾ. മാലദ്വീപിൽ പുതിയ പ്രസിഡന്റ് അധികാരമേറ്റാൽ ആദ്യം ഇന്ത്യയിലാണ് എത്താറുള്ളത്. എന്നാൽ, ഈ കീഴ്‌വഴക്കം തെറ്റിച്ച മുഇസ്സു ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ലെന്നു മാത്രമല്ല, ചൈന സന്ദർശിക്കുകയും ചെയ്തു.
ഇതിനിടെയാണ് മാലദ്വീപ് മന്ത്രിമർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകളിടുന്നത്. കേന്ദ്രം ശക്തമായ എതിർപ്പ് അറിയിച്ചതോടെ ഇക്കാര്യത്തിൽ മാലദ്വീപ് സർക്കാരിന്റെ വിശദീകരണവും വന്നു.
എന്നാൽ, ഇതിനുശേഷമാണ് കൂടുതൽ പ്രകോപനവുമായി മുഇസ്സു ചൈനയിലെത്തുന്നത്. ഇരുരാജ്യങ്ങളും സൈനികരംഗത്തെ സഹകരണം ഉൾപ്പെടെ സുപ്രധാനമായ 20 കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ മാലദ്വീപിൽ വിന്യസിച്ച 80 ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ആവശ്യവും അയൽരാജ്യം ഉയർത്തിയിട്ടുണ്ട്.
Summary: Chinese research vessel heading to Maldives: Report
Adjust Story Font
16