Quantcast

മൊബൈൽ ഫോൺ ഉപയോഗിക്കാതെ എട്ട് മണിക്കൂർ; ചൈനീസ് യുവതിക്ക് സമ്മാനമായി കിട്ടിയത് 1 ലക്ഷം രൂപ

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് എട്ട് മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കാതെ വാര്‍ത്തകളില്‍ ഇടംനേടിയത്

MediaOne Logo

Web Desk

  • Updated:

    2024-12-09 09:23:10.0

Published:

9 Dec 2024 9:17 AM GMT

In China, a woman won 10,000 yuan for abstaining from phone and staying calm for 8 hours
X

ബെയ്‍ജിങ്: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ എത്ര മിനിറ്റ് നിങ്ങള്‍ക്ക് ഇരിക്കാനാകും...പോട്ടെ എത്ര സെക്കന്‍ഡ്.. മൊബൈല്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആധുനിക ലോകത്തിന് സാധിക്കില്ല. കാരണം നമ്മളെയൊക്കെ ഈ കൊച്ചു ഉപകരണം അത്രയധികം സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ മൊബൈല്‍ നമ്മുടെ ശരീരത്തിന്‍റെ തന്നെ ഒരു അവയവമായി മാറിയിരിക്കുന്ന ഇക്കാലത്ത് എട്ട് മണിക്കൂര്‍ അതുപയോഗിക്കാതെ ഒരു ലക്ഷം രൂപ അടിച്ചെടുത്തിരിക്കുകയാണ് ഒരു ചൈനീസ യുവതി.

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് എട്ട് മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കാതെ വാര്‍ത്തകളില്‍ ഇടംനേടിയത്. വീറും വാശിയും നിറഞ്ഞ എപ്പോള്‍ വേണമെങ്കിലും കൈവിട്ടുപോയേക്കാവുന്ന മത്സരത്തില്‍ വിജയിച്ച് 10,000 യുവാൻ (ഏകദേശം ₹1,16,000) നേടിയത്. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിങ് സെൻ്ററിലാണ് മത്സരം നടന്നത്. 100 പേരാണ് മത്സരത്തിലേക്ക് അപേക്ഷിച്ചിരുന്നത്. 10 പേര്‍ കടുത്ത മത്സരം കാഴ്ചവച്ചു. മൊബൈല്‍ ഫോണോ ഐപാഡോ ലാപ്ടോപ്പോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ ഉപയോഗിക്കാതെ എട്ട് മണിക്കൂര്‍ പ്രത്യേകം തയ്യാറാക്കിയ കിടക്കയില്‍ ചെലവഴിക്കണമെന്നായിരുന്നു നിബന്ധന. മത്സരത്തിന്‍റെ നിയമങ്ങള്‍ കര്‍ശനമായിരുന്നുവെന്നാണ് ജിമു ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരാര്‍ഥികള്‍ തങ്ങളുടെ ഫോണുകള്‍ മത്സരത്തിന് മുന്‍പ് സംഘാടകര്‍ക്ക് നല്‍കണം. അടിയന്തര ഘട്ടങ്ങളില്‍ കോള്‍ മാത്രം ചെയ്യാവുന്ന പഴയ മോഡലലിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.

പങ്കെടുക്കുന്നവർക്ക് ഭൂരിഭാഗം സമയവും കിടക്കയിൽ തന്നെ കഴിയേണ്ടി വന്നു. ടോയ്‌ലറ്റ് ഉപയോഗത്തിനായി അഞ്ച് മിനിറ്റ് ഉപയോഗപ്പെടുത്താം. പങ്കെടുക്കുന്നവരുടെ മാനസിക നില പരിശോധിക്കുന്നതിനായി സംഘാടകർ റിസ്റ്റ് സ്ട്രാപ്പുകൾ ഉപയോഗിച്ച് ഉറക്കവും ഉത്കണ്ഠയും നിരീക്ഷിച്ചുകൊണ്ടിരുന്നു. മത്സരാർഥികൾ ഗാഢനിദ്രയിൽ വീഴുകയോ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യരുത്. ഭൂരിഭാഗം പേരും കിടക്കയിൽ ഇരിക്കുമ്പോൾ വായനക്കും വിശ്രമത്തിനുമായി സമയം ചെലവഴിച്ചു. ചിലര്‍ ഭക്ഷണം കഴിക്കാനും കുടിക്കാനുമാണ് സമയം മാറ്റിവച്ചത്. സൂക്ഷ്മമായ വിലയിരുത്തലിനുശേഷം, ഡോങ് എന്ന യുവതിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

100ൽ 88.99 സ്കോറാണ് ഡോങ് നേടിയത്. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കിടക്കയില്‍ സമയം ചെലവഴിച്ചത് ഡോങ് ആയിരുന്നു. കൂടാതെ ഗാഢനിദ്രയിലേക്ക് പോവുകയോ വലിയ ഉത്കണ്ഠ പ്രകടിപ്പിക്കുകയോ ചെയ്തില്ല.

ഒരു ഫിനാൻസ് സ്ഥാപനത്തിലെ സെയിൽസ് മാനേജരാണ് ഡോങ്. ഒറ്റ രാത്രി കൊണ്ടാണ് ഡോങ് ചൈനീസ് സോഷ്യൽ മീഡിയയിലെ സെന്‍സേഷനായി മാറിയത്. അവളുടെ വ്യത്യസ്തമായ വസ്ത്രധാരണം കാരണം'പൈജാമ സഹോദരി' എന്ന വിളിപ്പേര് നേടുകയും ചെയ്തു. പരിമിതമായ ഫോൺ ഉപയോഗവും കുട്ടിയെ പഠിപ്പിക്കാൻ സമയം ചിലവഴിക്കുന്നതുമായ ഡോങ്ങിൻ്റെ ജീവിതശൈലി അവളെ പൊതുജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരിയാക്കി. പരിപാടി വ്യാപകമായ ശ്രദ്ധ നേടിയെങ്കിലും മത്സരം സ്പോൺസർ ചെയ്യുന്ന കിടക്ക കമ്പനിയുടെ ഐഡന്‍റിറ്റിയും അതിന് പിന്നിലെ ഉദ്ദേശ്യവും എന്തെന്ന് വ്യക്തമല്ല. എന്നിരുന്നാലും, നോ-മൊബൈൽ-ഫോൺ ചലഞ്ച് ചൈനയിലുടനീളം വ്യാപകമായ ചര്‍ച്ചക്ക് ഇടയാക്കി.

TAGS :

Next Story