Quantcast

നായ്ക്കളെ ചായംപൂശി 'പാണ്ട'കളാക്കി; സന്ദർശകരെ കബളിപ്പിച്ചെന്ന് വിമർശനം

ചെെനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ജൂ മൃഗശാലയിലാണ് സംഭവം.

MediaOne Logo

Web Bureau

  • Published:

    12 May 2024 10:40 AM GMT

Chinese zoo dyes dogs to pass them off as panda bears
X

ബെയ്ജിങ്: ചെെനയിലെ ജിയാങ്‌സു പ്രവിശ്യയിലെ തായ്‌ജൂ മൃഗശാലയില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. ചൗ-ചൗ ഇനത്തില്‍പ്പെട്ട നായകളെ പാണ്ടകളെപ്പോലെയാക്കാൻ നായകളുടെ ദേഹത്ത് കറുപ്പും വെളുപ്പും ചായങ്ങള്‍ പൂശി പ്ര​​ദർശനത്തിന് എത്തിച്ചു. വീഡിയോ പുറത്തുവന്നതോടെ മൃഗശാലയിലെ അധികാരികൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മെയ് 1-ന് നടന്ന എക്സിബിഷന്റെ വീഡിയോയാണ് പുറത്തുവന്നത്. തുടക്കത്തിൽ കറുപ്പും വെള്ളയും നിറങ്ങളുള്ള പാണ്ടകളാണ് കാണികൾക്ക് മുന്നിൽ എത്തിയതെങ്കിൽ അൽപ്പ സമയത്തിന് ശേഷം പാണ്ടകൾ ചൗ ചൗ നായ്ക്കളായി മാറി.

എക്സിബിഷൻ കാണാൻ സന്ദർശകരിൽ നിന്ന് 20 യുവാൻ (ഇന്ത്യൻ കറൻസിയിൽ 235.65 രൂപ) മൃഗശാല അധികൃതർ ഈടാക്കിയിരുന്നുവെന്ന് സ്കൈ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സന്ദർശനം ആരംഭിച്ച് കുറച്ച് സമയം പിന്നിട്ടപ്പോഴാണ് കാണികളിൽ ചിലർ പാണ്ടകളിലെ മാറ്റം ശ്രദ്ധയിൽ പെടുന്നത്. വടക്കൻ ചൈനയിൽ നിന്നുള്ള നായ ഇനമായ ചൗ ചൗസാണ് അവയെന്നും നായ്ക്കൾക്ക് പാണ്ടകളോട് സാമ്യമുള്ള ചായം പൂശിയാണ് പ്രദർശിപ്പിച്ചതെന്നും മനസിലായത്.

കടുത്ത വിമർശനം ഉയർന്നതോടെ നായകളെ ചായം പൂശാനുള്ള തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് മൃഗശാല അധികൃതര്‍ രം​ഗത്തെത്തി. "ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ചതതല്ല, ഒരു പുതിയ പ്രദർശനം മാത്രമാണ് നിങ്ങൾ കണ്ടത്" അധികൃതര്‍ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു. മൃഗശാല അധികൃതർ അധികമായി തുകയൊന്നും ഈടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ആളുകളും മുടിക്ക് ചായം പൂശുന്നു. നായ്ക്കൾക്ക് നീളമുള്ള രോമമുണ്ടെങ്കിൽ പ്രകൃതിദത്ത ചായം ഉപയോഗിക്കാം. മൃഗശാലയിൽ പാണ്ട കരടികളൊന്നുമില്ല” ഒരു മൃഗശാലയുടെ വക്താവും പാണ്ട പ്രദർശനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു മുൻപും ചൈനയിലെ മൃഗശാലയിൽ ഇങ്ങനെ മൃഗങ്ങളെ വ്യാജമായി ചിത്രീകരിച്ചതായി ആരോപണം ഉയർന്നിരുന്നു.

TAGS :

Next Story