Quantcast

ജിബ്രാൾട്ടർ വഴിയും അടയുന്നു; കടൽ വഴി ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ നീക്കം

ഹൂതികളുടെ വിജയകരമായ ഓപറേഷനു ശേഷമാണ് പടിഞ്ഞാറൻ സഹാറ കേന്ദ്രീകരിച്ചുള്ള ഇറാന്റെ നീക്കം

MediaOne Logo

Web Desk

  • Published:

    24 Dec 2023 10:44 AM GMT

ജിബ്രാൾട്ടർ വഴിയും അടയുന്നു; കടൽ വഴി ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ നീക്കം
X

തെഹ്‌റാൻ: ചെങ്കടൽ വഴിയുള്ള ജലമാർഗം സ്തംഭിപ്പിച്ചതിന് പിന്നാലെ, ഇസ്രായേലിനെ ഒറ്റപ്പെടുത്താൻ ജിബ്രാൾട്ടർ യാത്രാമാര്‍ഗവും അടയ്ക്കാൻ നീക്കം. മൊറോക്കോയിലെ വിമത സംഘടന പെലിസാരിയോ മുന്നണിയുമായി ചേർന്ന് ഇറാൻ റവല്യൂഷണറി ഗാർഡാണ് നീക്കം നടത്തുന്നത്. എല്ലാ സമുദ്രവഴിയും അടച്ച് ഇസ്രായേലിലേക്കുള്ള ചരക്കുകടത്ത് തടയുകയാണ് ലക്ഷ്യം. ഇസ്രായേലിലെത്തുന്ന ചരക്കുകള്‍ 99 ശതമാനവും വരുന്നത് കടല്‍ മാര്‍ഗമാണ്.

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവേശന മാര്‍ഗമാണ് ജിബ്രാൾട്ടർ. ചെങ്കടലിലെ പ്രശ്നങ്ങള്‍ മൂലം കേപ് ഓപ് ഗുഡ്‌ഹോപ് ചുറ്റിപ്പോകുന്ന കപ്പലുകൾ മെഡിറ്ററേനിയൻ കടലിലേക്ക് പ്രവേശിക്കുന്നത് ഇതുവഴിയാണ്. മൊറോക്കോയ്ക്കും സ്‌പെയിനിനും ഇടയിലാണ് ഇരുസമുദ്രങ്ങൾക്കുമിടയിലെ സ്‌ട്രൈറ്റ് ഓഫ് ജിബ്രാൾട്ടർ.

അറ്റ്‌ലാന്റിക് സമുദ്രം വഴി വരുന്ന കപ്പലുകള്‍ പടിഞ്ഞാറൻ സഹാറയിൽ (വെസ്റ്റേൺ സഹാറ) വച്ച് തടയാമെന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡിന്റെ കണക്കുകൂട്ടൽ. 266,000 ചതുരശ്ര കിലോമീറ്റർ പടർന്നുകിടക്കുന്ന പ്രദേശം പെലിസാരിയോ മുന്നണിയുടെ നിയന്ത്രണത്തിലാണുള്ളത്. വലിയ കടല്‍ത്തീരവും പടിഞ്ഞാറന്‍ സഹാറയിലുണ്ട്. അൽജീരിയൻ പിന്തുണയും പെലിസാരിയോ വിഭാഗത്തിനുണ്ട്. മൊറോക്കൻ സർക്കാറുമായി നിരന്തരം സംഘർഷത്തിലുള്ള ഇവര്‍ക്കെതിരെ ഈയിടെ ഇസ്രായേൽ നിലപാടെടുത്തിരുന്നു. ഈ വർഷം മാർച്ചിൽ പടിഞ്ഞാറൻ സഹാറയ്ക്ക് മേലുള്ള മൊറോക്കൻ പരമാധികാരത്തെ അംഗീകരിച്ചാണ് ഇസ്രായേൽ പെലിസാരിയോ മുന്നണിയെ ചൊടിപ്പിച്ചത്.




ഹമാസ്-ഇസ്രായേൽ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും ചെങ്കടൽ ഉപരോധിക്കാനുള്ള ഹൂതികളുടെ തീരുമാനത്തിന് ബലമേകുന്നത് ഇറാനാണ്. ഹൂതികളുടെ ഉപരോധം ഇതുവരെ വിജയകരമായി നടപ്പായിട്ടുണ്ട്. കപ്പൽ ഉപരോധത്തിനെതിരെ യുഎസിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട തീര സംരക്ഷണ ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. കപ്പലുകൾക്ക് സംരക്ഷണ കവചമൊരുക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന യുഎസ് നിർദേശം ആസ്‌ട്രേലിയ, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലിയും ചെവിക്കൊണ്ടിട്ടില്ല. പടിഞ്ഞാറന്‍ സഹാറ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ ഇറാന്‍ നീക്കം നടത്തുമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഭയമുണ്ട്. പൊടുന്നനെയുള്ള ഇവരുടെ പിന്മാറ്റത്തിന് കാരണവും ഇതാണെന്ന് കരുതപ്പെടുന്നു.

ഹൂതികളുടെ വിജയകരമായ ഓപറേഷനു ശേഷമാണ് പടിഞ്ഞാറൻ സഹാറ കേന്ദ്രീകരിച്ചുള്ള ഇറാന്റെ നീക്കം. ഏഷ്യയിൽനിന്ന് ചെങ്കടൽ ഒഴിവാക്കി കേപ് ഓഫ് ഗുഡ്‌ഹോപ്പിലൂടെ പോകുന്ന കപ്പലുകൾ പടിഞ്ഞാറൻ സഹാറയുടെയും മൊറോക്കോയുടെയും തീരത്തുകൂടെയാണ് ജിബ്രാൾട്ടർ കടലിടുക്കിലേക്ക് പ്രവേശിക്കേണ്ടത്. കപ്പലുകളെ ആക്രമിക്കാൻ വേണ്ട ഡ്രോണുകൾ അടക്കമുള്ള ആയുധങ്ങൾ പെലിസോരികളുടെ കൈവശമുണ്ടോ എന്നതിൽ വ്യക്തതയില്ല. എന്നാൽ ഇറാൻ റവല്യൂഷണി ഗാർഡിന്റെ പക്കൽ ഇത്തരം ആയുധങ്ങൾ ധാരാളമുണ്ട്.

ജിബ്രാൾട്ടർ വഴിയുള്ള യാത്ര കൂടി മുടങ്ങിയാൽ കടൽവഴി ഇസ്രായേൽ ഒറ്റപ്പെടും. യൂറോപ്പും പ്രതിസന്ധിയിലാകും. ഓരോ ദിവസവും ശരാശരി 300 കപ്പലുകൾ ജിബ്രാൾട്ടർ വഴി കടന്നു പോകുന്നു എന്നാണ് കണക്ക്. ലോകത്തെ ആകെ കടൽവ്യാപാരത്തിന്റെ 20 ശതമാനവും യൂറോപ്യൻ യൂണിയന്റെ വാതക ഇറക്കുമതിയുടെ 80 ശതമാനവും ഇതുവഴിയാണ്.

ഇത് വെറുതെ പറയുന്നതല്ല എന്നാണ് ഇറാൻ റവല്യൂഷണറി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റസ നഖ്ദി മുന്നറിയിപ്പു നൽകുന്നത്. 'ഇത് വെറുംവാക്കല്ല. മെഡിറ്ററേനിയൻ സമുദ്രവും സ്‌ട്രൈറ്റ് ഓഫ് ജിബ്രാൾട്ടറും മറ്റു ജലമാർഗങ്ങളും അടയ്ക്കും.' - എന്നായിരുന്നു നഖ്ദിയുടെ വാക്കുകൾ.

Summary: Israel is moving towards a total naval blockade from all sides

TAGS :

Next Story