Quantcast

തകര്‍ന്നടിഞ്ഞ സമ്പദ്ഘടന, വിഷാദത്തിലാണ്ട ജനത, ആഗോള 'പ്രതിച്ഛായാ' നഷ്ടം-ഇസ്രായേൽ തോറ്റ യുദ്ധം

പുറത്തുകാണുന്നതൊന്നുമല്ല ഇപ്പോൾ ഇസ്രായേൽ. മാനസികവ്യഥയിലാണ്ടും മനോവീര്യം നഷ്ടപ്പെട്ടും കഴിയുന്ന ജനത, തകർന്നടിഞ്ഞ സമ്പദ്‍വ്യവസ്ഥ, രാഷ്ട്രീയമായും നയതന്ത്രപരമായും സൈനികമായും ചെന്നുപെട്ടിരിക്കുന്ന വലിയൊരു സന്ദിഗ്ധാവസ്ഥ. ഇതെല്ലാമാണ് ഒക്ടോബർ ഏഴ് ഇസ്രായേലിനു സമ്മാനിച്ചത്

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2024-10-07 18:36:59.0

Published:

7 Oct 2024 6:17 PM GMT

തകര്‍ന്നടിഞ്ഞ സമ്പദ്ഘടന, വിഷാദത്തിലാണ്ട ജനത, ആഗോള പ്രതിച്ഛായാ നഷ്ടം-ഇസ്രായേൽ തോറ്റ യുദ്ധം
X

''ഒക്ടോബർ 7 എത്രകണ്ട് ഇസ്രായേലി ജനതയെ ബാധിച്ചിട്ടുണ്ടെന്ന് കുറച്ചു മുൻപ് ഒരു അമേരിക്കൻ രാഷ്ട്രീയക്കാരൻ എന്നോട് ചോദിച്ചു. ഈ രാജ്യം അപരിചിതമായൊരാൾക്ക്, അയാൾക്ക് അതുവരെയും പരിചയമില്ലാത്തൊരാൾ ഒക്ടോബർ ഏഴു മുതൽ തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികസംഘർഷത്തെ കുറിച്ച് ഏതാനും മിനിറ്റുകൾകൊണ്ട് വിവരിച്ചാൽ മനസിലാക്കാനാകുമോ? ഒക്ടോബർ 7 ഇസ്രായേലി ജനതയോടു ചെയ്തത് വിവരിക്കാൻ വാക്കുകൾ മതിയാകില്ല. അതിന്റെ ആഘാതം എല്ലായിടത്തുമുണ്ട്; നമ്മുടെ ശ്വാസത്തിൽ പോലും.''

(ഇസ്രായേൽ ജീവിതം പ്രമേയമായുള്ള പ്രശസ്ത ബ്ലോഗായ 'ഇൻസ്പിറേഷൻ ഫ്രം സയണി'ൽ എഴുത്തുകാരി ഫോറസ്റ്റ് റെയിൻ മാർസ്യ)

''1948നുശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഒക്ടോബർ ഏഴിന് ഇസ്രായേൽ നേരിട്ടത്. ഒരു മുന്നൊരുക്കവുമുണ്ടായിരുന്നില്ല. ഇന്റലിജൻസ് പിഴച്ചു. സൈന്യം ആകെ വിഭ്രാന്തിലായിരുന്നു. നേതൃത്വം പ്രതികരിച്ചതാണെങ്കിലോ വളരെ മോശം രീതിയിലും. ഇതെങ്ങനെ സംഭവിച്ചെന്ന ഞെട്ടലിലായിരുന്നു രാജ്യമൊന്നടങ്കം.''

(1973ലെ യോം കിപ്പൂർ യുദ്ധനാളുകളിൽ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഗോൾഡ മെയറിന്റെ പ്രസ് സെക്രട്ടറിയായിരുന്ന മെറോൺ മെദ്നീസി)

**** **** **** **** **** **** ****

1973 ഒക്ടോബർ 6. യോം കിപ്പൂറിനുള്ള ഒരുക്കത്തിലായിരുന്നു അന്ന് ഇസ്രായേലികള്‍. യഹൂദ മതത്തിലെ ഏറ്റവും വിശുദ്ധമായ നാളുകളിലൊന്നാണ് യോം കിപ്പൂർ. പ്രായശ്ചിത്തത്തിന്റെയും മാനസാന്തരത്തിന്റെയും പാപപരിഹാരത്തിന്റെയുമെല്ലാം ദിനങ്ങൾ. അന്നാണ്, തീർത്തും അപ്രതീക്ഷിതമായി സീനായിലൂടെ, സൂയസ് കനാൽ കടന്ന് ഈജിപ്ഷ്യൻ സൈന്യവും ഗോലാൻ കുന്നുകളിലൂടെ സിറിയൻ സൈന്യവും ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലേക്ക് ഇരച്ചെത്തിയത്. ഇസ്രായേൽ ആകാശത്ത് വട്ടമിട്ടു പറന്ന് യുദ്ധവിമാനങ്ങൾ; കരയിൽ കവചിതടാങ്കുകളുടെ ഇരമ്പം.

ചരിത്രത്തിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ യുദ്ധവിജയങ്ങളിലൊന്നായി യോം കിപ്പൂറിനെ പറയാറുണ്ട്. എന്നാൽ, ഇസ്രായേലികളെ മാനസികമായി തകർത്തെറിഞ്ഞ ഏറ്റവും വലിയ ആക്രമണമായും അത് അറിയപ്പെട്ടു; 2023 ഒക്ടോബർ ഏഴുവരെയും. 2,600 ഇസ്രായേലികളായിരുന്നു 1973ൽ കൊല്ലപ്പെട്ടത്. എന്നാൽ, ആ മരണക്കണക്കിനപ്പുറമായിരുന്നു യുദ്ധം അവരിലേൽപ്പിച്ച മാനസികാഘാതം.

കൃത്യം അരനൂറ്റാണ്ടിനിപ്പുറം ഒരു സാബത്ത് ദിനത്തിന്റെ പുലർച്ചെയിൽ പേക്കിനാവിൽനിന്നെന്ന പോലെ ഇസ്രായേലി ജനത ഞെട്ടിയുണർന്നത് ഒരു ഭീകരയാഥാർഥ്യത്തിലേക്കായിരുന്നു. ആയിരക്കണക്കിനു റോക്കറ്റുകൾ ഗസ്സയിൽനിന്ന് ഇസ്രായേൽ ലക്ഷ്യമാക്കി തുരുതുരാ വർഷിക്കുന്നു. അതിർത്തിയിലെ അതീവസുരക്ഷാ വേലി കടന്ന് ഹമാസ് പോരാളികൾ ദക്ഷിണ ഇസ്രായേലിലെ ബീർ, കെഫാർ ആസ, നിർ ഓസ്, നെറ്റിവ് ഹാസാര, അലൂമിം ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി. സൈനിക താവളങ്ങൾ ആക്രമിച്ചു, വീടുകൾ ആക്രമിച്ചു. ഗസ്സയോട് ചേർന്നുള്ള റീമിൽ പൊടിപൊടിച്ച സൂപ്പർനോവ സംഗീതോത്സവത്തിലും ആക്രമണമഴിച്ചുവിട്ടു. ഔദ്യോഗിക കണക്കുപ്രകാരം ഈ ആക്രമണങ്ങളിലൊന്നായി 1,139 പേർ കൊല്ലപ്പെട്ടു. അതിൽ 373 പേരും ഇസ്രായേൽ സൈനികർ! സിവിലിയന്മാരും സൈനികരും ഉൾപ്പെടെ 250 പേരെ ബന്ദികളാക്കി ഗസ്സയിലേക്കു പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.


2023 ഒക്ടോബർ 7നു മുൻപും ശേഷവും എന്നായി ഇസ്രായേൽ ചരിത്രം അങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഒക്ടോബർ ഏഴിനുശേഷം, നാമിപ്പോൾ കാണുന്നത്, ഇനി കാണാനിരിക്കുന്നത്, അതിനുമുൻപുണ്ടായിരുന്ന ഇസ്രായേലല്ല. '1940കളിലും 60കളിലും 70കളിലുമെല്ലാം വലിയ വെല്ലുവിളികൾ നേരിട്ടതാണ് ഇസ്രായേൽ. എന്നാൽ, തങ്ങളുടെ ഭാവിക്കു വേണ്ടിയുള്ള പോരാട്ടമുഖത്താണിപ്പോൾ ജൂതരാഷ്ട്രമെ'ന്നാണ് പശ്ചിമേഷ്യൻ വിദഗ്ധനും അമേരിക്കയിൽ ജോർജ് ഡബ്ല്യു ബുഷ് ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എലിയറ്റ് എബ്രഹാം പറഞ്ഞത്.

ലോകത്ത് ഏറ്റവും ശക്തമെന്നു കരുതപ്പെട്ടിരുന്ന ഇസ്രായേൽ ഇന്റലിജൻസിന്റെ വമ്പൻ പരാജയം, സൈന്യത്തിന്റെ അതിലേറെ വലിയ വീഴ്ച. ഇതു രണ്ടും ഇസ്രായേൽ എന്ന രാജ്യത്തെയും അവിടത്തെ ജനതയെയും എടുത്തിട്ടിരിക്കുന്നത് വലിയൊരു പാതാളത്തിലേക്കാണ്. മാനസികവ്യഥയിലാണ്ടും മനോവീര്യം നഷ്ടപ്പെട്ടും കഴിയുന്ന ജനത, തകർന്നടിഞ്ഞ സമ്പദ്‍വ്യവസ്ഥ, രാഷ്ട്രീയമായും നയതന്ത്രപരമായും സൈനികമായും ചെന്നുപെട്ടിരിക്കുന്ന വലിയൊരു സന്ദിഗ്ധാവസ്ഥ. ഇതെല്ലാമാണ് ഒക്ടോബർ ഏഴ് ഇസ്രായേലിനു സമ്മാനിച്ചത്. പുറത്തുകാണുന്നതൊന്നുമല്ല ഇപ്പോൾ ഇസ്രായേൽ, ബെഞ്ചമിൻ നെതന്യാഹുവിന്റെ കൊലവിളിയും വീരസ്യം പറച്ചിലുമല്ല പുതിയ ഇസ്രായേൽ. സർവതലങ്ങളിലും തകർന്നും തളർന്നുമിരിക്കുന്നൊരു രാജ്യവും ജനതയുമാണിപ്പോഴത്.

അത്ര 'സ്ട്രോങ്' അല്ല, ഇപ്പോൾ ഇസ്രായേൽ

ആദ്യം ഞെട്ടൽ, പിന്നീട് സങ്കടം, അതുകഴിഞ്ഞിപ്പോഴും വിഷാദവും മാനസിക സംഘർഷങ്ങളും... ഇസ്രായേൽ ജനത ഇതുപോലെ മാനസികമായി തകർന്നൊരു ചരിത്രസന്ധിയില്ല. അരക്ഷിതത്വവും ഒറ്റപ്പെടലും ഭയപ്പാടും അവരെ ചൂഴ്ന്നുനിൽക്കുന്നു. അതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു ഇക്കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം ഇസ്രായേൽ ആരോഗ്യമന്ത്രി യൂറിയൽ ബുസോ നടത്തിയ വെളിപ്പെടുത്തൽ; ഒക്ടോബർ ഏഴിനുശേഷം 11 മാസം പിന്നിടുമ്പോൾ, ഇസ്രായേൽ രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ മാനസികാരോഗ്യ പ്രതിസന്ധിയിലൂടെയാണത്രെ ആ രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.


ആക്രമണത്തിനു തൊട്ടുപിന്നാലെ മനോരോഗസംബന്ധമായ മരുന്നുകളുടെ ഡിമാൻഡിൽ 30 ശതമാനത്തിന്റെ വർധനയാണ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തതെന്ന് ജെറൂസലം സെന്റർ ഫോർ പബ്ലിക് അഫേഴ്സിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഇർവിൻ ജെ. മാൻസ്ഡോർഫ് പറയുന്നു. അതിലേറെ കൗതുകകരമായ കാര്യം, യുദ്ധവുമായി ബന്ധപ്പെട്ട അത്യാഹിതങ്ങളിൽ 35 ശതമാനവും മാനസികാരോഗ്യ പ്രശ്നങ്ങളായിരുന്നുവത്രെ!

ഒക്ടോബർ ഏഴ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ഞെട്ടലും മാത്രമല്ല, ആക്രമണത്തിൽ പ്രിയപ്പെട്ടവരെയും പരിചയവൃന്ദത്തിലുള്ളവരെയും നഷ്ടമായവർ, ഇനിയും മോചിതരാകാനാകാതെ ഗസ്സയിൽ ബന്ദികളായി കഴിയുന്നവരുടെ കുടുംബങ്ങൾ, മാസങ്ങളായി യുദ്ധമുഖത്ത് തുടരുന്ന സൈനികരും അവരുടെ ബന്ധുക്കളും, സ്വസ്ഥമായ ജോലി ഉപേക്ഷിച്ചു യുദ്ധത്തിനിറങ്ങാൻ നിർബന്ധിതരായ റിസർവ് സൈനികർ.. ഇതെല്ലാം ഇസ്രായേലിനെ അലട്ടുന്ന വലിയ മാനസികപ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഇതിനെല്ലാം മീതെ അന്ത്യമില്ലാത്ത യുദ്ധവും, വിപുലമായിക്കൊണ്ടിരിക്കുന്ന ശത്രുസഖ്യവും, ഏതു നിമിഷവും കൺമുന്നിൽ വന്നുപതിക്കുന്ന റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളുമെല്ലാം അവരെ വലിയൊരു ഭീതിമുനമ്പിൽ നിർത്തിയിരിക്കുകയാണെന്നും ഡോ. ഇർവിൻ മാൻസ്ഡോർഫ് നിരീക്ഷിക്കുന്നുണ്ട്.

അന്താരാഷ്ട്ര അനലിറ്റിക്സ്-മാനേജ്മെന്റ് കൺസൾട്ടിങ് കമ്പനിയായ ഗാലപ് 2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഇസ്രായേലിൽ നടത്തിയൊരു സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒക്ടോബർ ഏഴിനുശേഷമുള്ള ജീവിതത്തെ കുറിച്ചു ചോദിച്ചറിഞ്ഞ സർവേയും വെളിപ്പെടുത്തുന്നത് മറ്റൊന്നല്ല. ആക്രമണത്തിനു തൊട്ടടുത്ത നാളുകളിലുണ്ടായ ഞെട്ടലിൽനിന്നും മാനസികാഘാതത്തിൽനിന്നും സങ്കടങ്ങളിൽനിന്നും ഒറ്റപ്പെടലിൽനിന്നുമെല്ലാം അവർ മുക്തരായി വരുന്നുണ്ട്. എന്നാൽ, ഒക്ടോബർ ഏഴിനുമുൻപ് അനുഭവിച്ച മാനസികവും ശാരീരികവുമായ സുരക്ഷിതത്വം ഇപ്പോൾ അവർക്കൊട്ടുമേയില്ല.


ആക്രമണത്തിനു പിന്നാലെ സങ്കടവും മനോവ്യഥയും മാനസിക പിരിമുറുക്കവുമെല്ലാം അവരെ വലിയ തോതിൽ തളർത്തി. രണ്ട് ദശകം മുൻപ് ഗാലപ് ലോകരാജ്യങ്ങളുടെ മാനസികാരോഗ്യം പരിശോധിക്കാൻ തുടങ്ങിയ ശേഷം ഒരു രാജ്യത്തും ഇത്ര ഭീകരമായ തോതിലുള്ള മാനസികപ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

യുദ്ധം സൃഷ്ടിച്ച 'മാനസികാരോഗ്യ അടിയന്തരാവസ്ഥ' നേരിടാൻ പലതവണ ഇസ്രായേൽ ഭരണകൂടം മനോരോഗ വിദഗ്ധരെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെയും കൂട്ടമായി വിളിച്ചിരുന്നു. നിലവിലെ സ്ഥിതി നേരിടാൻ കൈയിലുള്ള മാനവവിഭവ ശേഷിയും ആരോഗ്യ സംവിധാനവും മതിയാകുന്നില്ലെന്ന തിരിച്ചറിവിലായിരുന്നു ഇത്. റിസർവ് സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും കൗൺസിലിങ്ങിനായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്(ഐഡിഎഫ്) തന്നെ പ്രത്യേക ഫണ്ടും പദ്ധതികളും ആരംഭിച്ചിരുന്നു.

പിടിവിട്ട് യുദ്ധച്ചെലവുകൾ; നട്ടെല്ലൊടിഞ്ഞ് രാജ്യം

ഇസ്രായേൽ ധനകാര്യ മന്ത്രാലയത്തിൽ 30 വർഷത്തോളം സേവനമനുഷ്ഠിച്ച പാരമ്പര്യള്ളയാളാണ് സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ബ്രോഡെറ്റ്. 1991 മുതൽ 97 വരെ ഏഴു വർഷക്കാലം ധനകാര്യ മന്ത്രാലയത്തിന്റെ ഡയരക്ടർ ജനറലും ബജറ്റ് കമ്മിഷണറുമായി പ്രവർത്തിച്ചയാൾ. ഒക്ടോബർ ഏഴിനുശേഷമുള്ള ഇസ്രായേൽ സമ്പദ്ഘടനയുടെ കൃത്യമായ ചിത്രം തരുന്നൊരു പഠനം കഴിഞ്ഞ മാസം ബ്രോഡെറ്റിന്റേതായി പുറത്തുവന്നിരുന്നു.

യുദ്ധച്ചെലവുകൾക്കിടയിലെ ഒട്ടും യാഥാർഥ്യബോധമോ ദീർഘദർശിത്വമോ ഇല്ലാത്ത രണ്ട് ബജറ്റുകൾ, മാറിയും മറിഞ്ഞുമുള്ള ജിഡിപി, അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന തൊഴിൽരംഗം, കാർഷിക-നിർമാണ-വ്യവസായ-ടൂറിസം-ഊർജ-നിക്ഷേപ രംഗങ്ങൾ.. ഇങ്ങനെ ഇസ്രായേൽ പെട്ടുകിടക്കുന്ന വൻ സാമ്പത്തികക്കുരുക്ക് സവിസ്തരം വിശകലനം ചെയ്യുന്നുണ്ട് പഠനം. ലബനാനും ഹിസ്ബുല്ലയ്ക്കും നേരെയുള്ള ആക്രമണത്തിനു മുൻപ് തന്നെ, ഗസ്സയിലെ സൈനികനീക്കം ഇസ്രായേൽ സാമ്പത്തികരംഗത്തെ വലിയ തോതിൽ ക്ഷീണിപ്പിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് ഡേവിഡ് ബ്രെഡെറ്റ് പറയുന്നു.

യുദ്ധകാലത്ത് വേണ്ട സാമ്പത്തിക അച്ചടക്കവും ആസൂത്രണവും കൃത്യതയുള്ള നയവും ഇപ്പോൾ ഇസ്രായേലിനില്ലെന്ന് അദ്ദേഹം പറയുന്നു. യുദ്ധച്ചെലവുകളും അതിന്റെ ആഘാതങ്ങളും കുതിച്ചുയരുമ്പോഴാണിതെല്ലാം എന്നോർക്കണം. സാമ്പത്തികരംഗത്തും ബജറ്റിന്റെ കാര്യത്തിലുമുള്ള ഈ നയമില്ലായ്മ രാജ്യത്തും പുറത്തുമുള്ള കമ്പനികൾക്ക് ഇസ്രായേൽ മാർകറ്റിലുള്ള ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും ഭീഷണിയായി മുന്നിൽനിൽക്കുന്നു.


റിസർവ് സേനയെ വലിയ തോതിൽ യുദ്ധമുഖത്തേക്ക് അയച്ചതാണു മറ്റൊരു പ്രതിസന്ധി. ടെക് കമ്പനികളിൽനിന്നും ടൂറിസം-വ്യവസായ രംഗങ്ങളിൽനിന്നുമെല്ലാമാണ് ഇത്രയും വലിയൊരു തൊഴിലാളിവൃന്ദം പെട്ടെന്നൊരുനാൾ 'അപ്രത്യക്ഷരായത്'. ഇസ്രായേലിലെ നിർമാണരംഗത്തെ ഏറ്റവും വലിയ 'തൊഴിൽസേന'യായിരുന്ന ഫലസ്തീനികൾക്കു യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ വിലക്കേർപ്പെടുത്തിയത് വലിയ തിരിച്ചടിയായി. യുദ്ധഭീതിക്കിടെ തുർക്കി, മോൽഡോവ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളും നാടുപിടിച്ചിരുന്നു. ഭക്ഷ്യ, സുരക്ഷാ, മെഡിക്കൽ വ്യവസായരംഗത്തും തൊഴിലാളി ക്ഷാമം രൂക്ഷമാണ്.

ഗസ്സ അതിർത്തിയിലെ ഉരുളക്കിഴങ്ങ്, കാരറ്റ്, ഉള്ളി, തക്കാളി കൃഷിയായിരുന്നു രാജ്യത്തിന്റെ പ്രധാന പച്ചക്കറി സ്രോതസ്. പഴങ്ങളും മുട്ടയുമെല്ലാം എത്തിയത് ലബനാൻ അതിർത്തി നിന്നും. ഇവിടെയൊന്നും ഇപ്പോൾ പണിയെടുക്കാൻ ആളെ കിട്ടുന്നില്ല. വലിയ ഭക്ഷ്യപ്രതിസന്ധിയാണിത് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി വിമാന കമ്പനികൾ ഇസ്രായേലിലേക്കുള്ള സർവീസ് വെട്ടിക്കുറയ്ക്കുകയോ നിരക്ക് വർധിപ്പിക്കുകയോ ചെയ്തു. ചെങ്കടലിലെ ഹൂതി ഭീഷണിയോടെ കടൽമാർഗമുള്ള ചരക്കുഗതാഗതവും അവതാളത്തിലായി. ഇതോടെ ചരക്കുകളുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയർന്നെന്നു മാത്രമല്ല, മുന്നോട്ടുള്ള മാർഗങ്ങളെല്ലാം അടഞ്ഞുംകൊണ്ടിരിക്കുകയാണ്.

അഷ്‌കെലോണിൽനിന്ന് ഏതാനും കി.മീറ്ററുകൾ ദൂരത്തുള്ള തമാർ ഗ്യാസ് ഫീൽഡ് ആയിരുന്നു ഇസ്രായേൽ ഇലക്ട്രിക് കമ്പനിയുടെ പ്രധാന ഊർജസ്രോതസ്. യുദ്ധം ആരംഭിച്ചതോടെ റോക്കറ്റ് ആക്രമണ ഭീഷണിയെ തുടർന്ന് ഇത് അടച്ചിടേണ്ടിവന്നു. പ്രതിമാസം 800 മില്യൻ ഇസ്രായേലി ഷെകൽ(ഏകദേശം 1,000 കോടി രൂപ) നഷ്ടമാണ് ഇതു വരുത്തിവച്ചത്. സുരക്ഷാ ഭീഷണിയെ തുടർന്ന് വിദേശികളുടെ വരവ് നിലച്ചതോടെ ടൂറിസം മേഖല പാടേ തകർന്നുകിടക്കുകയാണ്. പല ഹോട്ടലുകളും സർക്കാർ ചെലവിൽ ഇസ്രായേലി അഭയാർഥികളെ താമസിപ്പിച്ചായിരുന്നു ഇതുവരെ അതിജീവിച്ചിരുന്നത്. വിനോദസഞ്ചാര മേഖല ചിത്രത്തിൽ തന്നെ ഇല്ലെന്നു പറയാം.

2023ൽ വളർച്ചാനിരക്ക് രണ്ട് ശതമാനം മാത്രമായിരുന്നു ഇസ്രായേലിൽ. 2024ൽ അത് 0.5-1ലേക്ക് ഇടിയുമെന്നാണു പ്രവചനം. കോവിഡ് കാലത്തു പോലും ഇത്തരമൊരു പ്രതിസന്ധിയുണ്ടായിട്ടില്ലത്രെ. യുദ്ധം കൂടുതൽ തലങ്ങളിലേക്കു വ്യാപിക്കുകയാണെങ്കിൽ കാര്യങ്ങൾ പിടിവിടുമെന്നാണ് ഡേവിഡ് ബ്രോഡെറ്റ് മുന്നറിയിപ്പ് നൽകുന്നത്. യുദ്ധത്തിനുമുൻപ് പണപ്പെരുപ്പം നാല് ശതമാനമായിരുന്നതിൽ നേരിയ മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ, ബാങ്ക് ഓഫ് ഇസ്രായേൽ പലിശനിരക്ക് ഉയർത്തിയത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും.

ഇതിനെല്ലാം മുകളിൽ വരുന്നു, യുദ്ധച്ചെലവുകൾ. താൽക്കാലിക യുദ്ധമാണെങ്കിൽ ഇതിത്രയും ബാധിക്കില്ലായിരുന്നു. ഇവിടെ അനന്തമായി നീളുന്ന യുദ്ധത്തിനൊപ്പം പ്രതിരോധച്ചെലവുകളും എത്രയോ പതിന്മടങ്ങായി ഉയരുകയാണ്. സ്വാഭാവികമായും നികുതി നിരക്ക് വർധിപ്പിക്കാനും വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളും ക്ഷേമപദ്ധതികളുമെല്ലാം വെട്ടിച്ചുരുക്കാനും ഭരണകൂടം നിർബന്ധിതരാകുന്നു. ഒപ്പം പൊതുകടം കുന്നുകൂടുകയും ചെയ്യുന്നു.


ഐഡിഎഫ് സൈനികർക്കു പുറമെ റിസർവ് സൈന്യത്തെയും അവരുടെ കുടുംബത്തെയും തീറ്റിപ്പോറ്റണം. ആയുധങ്ങളും ഇന്ധനവും ഭക്ഷണവും യുദ്ധസാമഗ്രികളുമെല്ലാം കൂടുതൽ സജ്ജമാക്കിവെക്കേണ്ട സാഹചര്യമാണ്. അമേരിക്കയുടെ സഹായം തുടരുമ്പോഴും യുദ്ധം നാലു ഭാഗത്തേക്കും വിപുലമാക്കാൻ നിർബന്ധിതമായ സാഹചര്യത്തിൽ ഈ ചെലവുകൾ അവിടെയും നിൽക്കില്ല. ഇറാന്റെ മിസൈൽ ആക്രമണവും ഹിസ്ബുല്ലയുടെയും ഹൂതികളുടെയും ഇറാഖി മിലീഷ്യയുടെയും റോക്കറ്റ് വർഷവുമെല്ലാം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ്. ഇവയെ പ്രതിരോധിക്കാൻ തയാറാക്കിയ അയേൺ ഡോം, ആരോസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് ഭീമമായ ചെലവാണു വരുന്നത്. ഹിസ്ബുല്ലയോ ഹൂതികളോ അയയ്ക്കുന്ന റോക്കറ്റുകളുടെയും ഇറാന്റെ മിസൈലുകളുടെയും എത്രയോ ഇരട്ടിതുക, ദശലക്ഷക്കണക്കിനു ഡോളർ വരും ഓരോ മിസൈൽവേധ സംവിധാനത്തിനും. ഒക്ടോബർ ഒന്നിനു സംഭവിച്ചതു പോലെ, നാലു ഭാഗങ്ങളിൽനിന്നു കൂടി തെൽഅവീവും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമാക്കി നിരന്തരം വ്യോമാക്രമണമുണ്ടായാൽ പ്രതിരോധ സംവിധാനമൊരുക്കാൻ പോലും ഇസ്രായേൽ കഷ്ടപ്പെടേണ്ടവരുമെന്നാണ് ബ്രോഡെറ്റ് പറയുന്നത്.

ഒരു കൗതുകകരമായ കാര്യം കൂടി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. യാഥാസ്ഥിതിക ജൂത വിഭാഗമായ ഹറെഡികൾ ഇസ്രായേലിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ വളർച്ച ഇസ്രായേൽ സാമ്പത്തിക വിദഗ്ധർ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. വിശുദ്ധ വേദഗ്രന്ഥങ്ങളായ തോറയും തൽമൂദും കാർക്കശ്യത്തോടെ പിന്തുടരുന്ന, പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നൊരു ജനവിഭാഗമാണിത്. ആധുനിക ജീവിതരീതികളും സംസ്‌കാരവുമെല്ലാം ശക്തിയുക്തം എതിർത്ത് അകറ്റിനിർത്തുന്നവർ. വിനോദകേന്ദ്രങ്ങളെല്ലാം ആരാധനാലയങ്ങളാക്കി മാറ്റുന്നവർ. സാധാരണ തൊഴിലെടുക്കാൻ ഇവർ സന്നദ്ധരല്ല, യുവാക്കൾ സൈനിക സേവനത്തിനും ഒരുക്കമല്ല, പൊതുപ്രവർത്തനത്തിനും സാമൂഹികസേവനത്തിനും ആളെ കിട്ടില്ല, തൊഴിൽരഹിതർക്ക് വലിയ തോതിൽ സർക്കാർ സബ്സിഡി നൽകേണ്ടിവരുന്ന നിയമവ്യവസ്ഥയുമുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ യുദ്ധക്കെടുതികൾക്കൊപ്പം വലിയൊരു ഭീഷണിയായി ഹറെഡികളും വളരുകയാണെന്നത് ആശങ്കയോടെയാണ് സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ സമൂഹവും ഒരുപോലെ നോക്കിക്കാണുന്നത്.


'പ്രതിച്ഛായാ യുദ്ധ'വും തോറ്റു; സ്വന്തം ജനവും കൈവിട്ടു

ഏതു വലിയ ശത്രുവിനെയും, എത്ര വലിയ ഭീഷണിയും നേരിടാൻ മാത്രം പോന്നതാണ് ഐഡിഎഫിന്റെ സൈനികശേഷിയെന്ന് ലോകം മൊത്തം ധരിച്ചുവച്ചിരുന്ന പോലെയാണ്, ഇസ്രായേലികൾ ഉറച്ചുവിശ്വസിച്ചിരുന്നതും. ആ വിശ്വാസത്തിനുമേലുള്ള ഇടിത്തീ ആയിരുന്നു ഒക്ടോബർ ഏഴ്. മൊസാദിനെ കുറിച്ച് കേട്ടുപരിചയിച്ചതും കണ്ടറിഞ്ഞതുമായ കഥകൾ ഒരുപാടുണ്ടല്ലോ.. ലോകത്തെ അത്യന്താധുനിക സാങ്കേതികവിദ്യകളുടെ പിൻബലമുള്ള ഇസ്രായേൽ സേനയെയും ഇന്റലിജൻസ് സംവിധാനത്തെയും വെല്ലാൻ ലോകത്ത് ഒരു രാജ്യവുമില്ലെന്നുമായിരുന്നു വെപ്പ്.

അതെല്ലാമാണ് ഒറ്റ രാത്രി കൊണ്ട് ഹമാസ് തകർത്തുകളഞ്ഞത്. ആ പ്രതിച്ഛായാനഷ്ടമാകും, ഹമാസ് ആക്രമണമുണ്ടാക്കിയ ആളപായമോ നാശനഷ്ടങ്ങളോ അവർ പിടിച്ചുകൊണ്ടുപോയ ബന്ദികളോ ഒന്നുമാകില്ല രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും ഇസ്രായേലിന് ഏറ്റവും പ്രഹരമേൽപിച്ചത്. തലയെടുപ്പുള്ള ഹമാസ്-ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്താനായതിന്റെ ആശ്വാസമുണ്ട്. അപ്പോഴും പടിഞ്ഞാറൻ-വടക്കൻ ഇസ്രായേൽ നിരന്തരം ആക്രമണഭീഷണിയിലാണ്. ഇവിടങ്ങളിൽനിന്നെല്ലാം ലക്ഷക്കണക്കിന് ഇസ്രായേലികൾ മറ്റിടങ്ങളിലേക്കു പലായനം ചെയ്തിരിക്കുകയാണ്.

ഏറ്റവും വലിയ ചോദ്യചിഹ്നം ഗസ്സയിലെ ബന്ദികൾ തന്നെ. ഒരു വർഷം നീളെ സർവശേഷിയും പ്രയോഗിച്ചു സിവിലിയൻ ജനതയെ കൂട്ടക്കുരുതി നടത്തിയിട്ടും ഗസ്സയെ ചുട്ടുചാമ്പലാക്കിയിട്ടും ഹമാസ് പിടിയിലുള്ള സ്വന്തം പൗരന്മാരെ തൊടാൻ പോലുമായില്ല ഇസ്രായേലിന്. എന്നോ ഉപേക്ഷിച്ചുപോയ തുരങ്കങ്ങളൊഴിച്ച് ഹമാസ് സങ്കേതങ്ങളോ സന്നാഹങ്ങളോ കണ്ടെത്താനുമായില്ല. ഇസ്രായേലിൽ കത്തുന്ന ജനരോഷവും അന്താരാഷ്ട്രതലത്തിൽ വലിയ നാണക്കേടുമായി, നെതന്യാഹുവിനും ഇസ്രായേൽ ഭരണകൂടത്തിനുമത് മോഹാലസ്യത്തിന്റെ അധ്യായമായി മാറിയിരിക്കുകയാണ്.


ഇതിനിടയിൽ 2024 ഒക്ടോബറിന്റെ തുടക്കവും മറ്റൊരു ഞെട്ടലായി. അതീവസുരക്ഷാ മേഖലയിലുള്ള വ്യോമതാവളങ്ങളും മൊസാദ് ആസ്ഥാനവും ഉൾപ്പെടെയാണ് തുരുതുരാ മിസൈലുകളുമായി ഇറാൻ ആക്രമിച്ചത്. തന്ത്രപ്രധാന കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടെത്തിയത് 200ഓളം മിസൈലുകളായിരുന്നു. ഗസ്സ, ലബനാൻ, ഇറാൻ, സിറിയ, യമൻ, ഇറാഖ് എന്നിങ്ങനെ ചുറ്റിലും വലിയ ഭീഷണികൾ സർവശക്തിയുമാർജിച്ചുനിൽക്കുന്നു. അവിടങ്ങളിൽനിന്നെല്ലാം ഇടതടവില്ലാതെ മിസൈൽ-റോക്കറ്റ് ആക്രമണ ഭീഷണി നിലനിൽക്കുന്നു.

ഒക്ടോബർ ഏഴിലെ അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തിൽ ബെഞ്ചമിൻ നെതന്യാഹു തിടുക്കപ്പെട്ടു നടത്തിയ യുദ്ധപ്രഖ്യാപനം അന്താരാഷ്ട്രതലത്തിൽ വേറെയും തിരിച്ചടികൾക്കിടയാക്കി. ഇസ്രായേലിനു സ്വയം പ്രതിരോധാവകാശമുണ്ടെന്ന് ആവർത്തിക്കുമ്പോഴും അമേരിക്ക പോലും പലഘട്ടങ്ങളിൽ സ്വരം കടുപ്പിക്കുന്നത് കണ്ടു. ഗസ്സയിലെ കൂട്ടക്കുരുതിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പലപ്പോഴായി വിമർശിച്ചു. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാൻസും നിലപാട് കടുപ്പിച്ചു; ആയുധവിൽപന നിർത്താൻ വരെ സമ്മർദം ശക്തമാകുകയാണ്.


സഖ്യരാജ്യങ്ങളിലെ ജനവികാരവും ഒട്ടും ഇസ്രായേലിന് അനുകൂലമല്ല. അമേരിക്കൻ-യൂറോപ്യൻ സർവകലാശാലകളിൽ ഉയർന്ന ഫലസ്തീൻ ഐക്യദാർഢ്യ ടെന്റുകൾ, ഹോളിവുഡിലെ ഉൾപ്പെടെ സെലിബ്രിറ്റികളുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളെല്ലാം ഇസ്രായേൽ എപ്പോഴും ഇറക്കാറുള്ള 'സ്വയം പ്രതിരോധ' വാദങ്ങളെ പൊളിച്ചുകളഞ്ഞു. മുൻനിര അന്താരാഷ്ട്രമാധ്യമങ്ങളും ഗൂഗിൾ, മെറ്റ, എക്സ് അടങ്ങുന്ന ആഗോള ടെക് കമ്പനികളുമെല്ലാം സെന്‍സര്‍ഷിപ്പ് ഏറ്റെടുത്ത് കൈയയച്ചു 'സഹായിച്ചിട്ടും' ഇസ്രായേൽ വിരുദ്ധമായൊരു ആഗോള ജനവികാരമാണ് യുദ്ധാവസാനം ബാക്കിയാകുന്നത്.

മുതിർന്ന ഇസ്രായേലി മാധ്യമപ്രവർത്തകൻ അരി ഷാവിത് 'ഫോറിൻ അഫേഴ്സി'ൽ എഴുതിയ കുറിപ്പ്, അതിനെയെല്ലാം മറ്റൊരു തരത്തിൽ അടിവരയിടുന്നുണ്ട്. ഇതൊരു തോറ്റ യുദ്ധമാണെന്ന് സംശയലേശമന്യേ വിളിച്ചുപറയുന്ന സയണിസ്റ്റ് പക്ഷ എഴുത്തുകാരുടെ പ്രതിനിധിയാണ് അദ്ദേഹം. ഒരുപടി കൂടി കടന്ന് ഈ യുദ്ധമെങ്ങനെ ചരിത്രപരമായി ഇസ്രായേലിനും ജൂതസ്വപ്‌നങ്ങൾക്കും തിരിച്ചടിയാകുന്നുവെന്ന് അരി ഷാവിത് വിശകലനം ചെയ്യുന്നു; അതിങ്ങനെയാണ്:

''ചുറ്റിലുമുള്ള സ്വേഛാധിപത്യ-മതോന്മത്ത ശക്തികൾക്കെതിരെ തന്ത്രപ്രധാനമായ മേധാവിത്വം പുലർത്തിയിരുന്ന ഇസ്രായേലിന്റെ അഞ്ചു ദശകം നീണ്ട ആ സുവർണകാലത്തിന്റെ അന്ത്യം കുറിക്കുകയാണിപ്പോൾ ഈ പുതിയ സംഘർഷം. ഹോളോകോസ്റ്റിനെ പ്രതിയുള്ള സമൂഹത്തിന്റെ കുറ്റബോധം കാരണം സെമിറ്റിക് വിരുദ്ധതയ്ക്ക് തലപൊക്കാൻ കഴിയാതിരുന്ന, എട്ടു ദശകം നീണ്ട ആ ജൂത സുവർണയുഗവും അവസാനിക്കുകയാണ്. പല അർഥത്തിൽ ലോകം പിന്നിലേക്ക് തിരിച്ചുനടക്കുന്നു. 1948നുശേഷം ഇതുവരെയും കണ്ടിട്ടില്ലാത്തൊരു യുദ്ധമുഖത്താണിപ്പോൾ ഇസ്രായേൽ. ഹോളോകോസ്റ്റിനുശേഷം ഇത്രനാളും അഭിമുഖീകരിക്കാത്ത വിദ്വേഷ വിസ്ഫോടനത്തിൽ നടുങ്ങിയിരിപ്പാണ് വിദേശരാജ്യങ്ങളിലെ ജൂതസമൂഹങ്ങൾ.''

Summary: Collapsed Economy, Depressed Population, Loss of Global 'Image' - Israel's Lost War

TAGS :

Next Story