Quantcast

​ഗസ്സയിൽ ഇസ്രായേലിന് വൻ തിരിച്ചടി; ഐഡിഎഫ് ഉന്നത കമാൻഡറെ വധിച്ച് ഹമാസ്; ഇതുവരെ കൊല്ലപ്പെട്ടത് ആറ് കേണലുകൾ

വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിലാണ് 41കാരനായ ബ്രിഗേഡ് കമാൻഡർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-10-21 05:20:59.0

Published:

21 Oct 2024 2:42 AM GMT

Commander of IDF killed in Hamas Attack in northern Gaza
X

ഗസ്സ: ​ഗസ്സയിൽ നിരപരാധികളുടെ കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേലിന് വീണ്ടും തിരിച്ചടി. ഇസ്രായേൽ പ്രതിരോധ സേനയുടെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗസ്സയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന്​ സൈനികർക്ക്​ പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്കു നേരെ കഴിഞ്ഞദിവസം ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.

വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിലാണ് 41കാരനായ ബ്രിഗേഡ് കമാൻഡർ അഹ്‌സൻ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. തൻ്റെ ടാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജബാലിയ പ്രദേശത്തു നടന്ന സ്ഫോടനത്തിലാണ് 401-ാം ബ്രിഗേഡിൻ്റെ കമാൻഡർ കേണൽ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. പ്രദേശം നിരീക്ഷിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു സ്ഫോടകവസ്തു വന്ന് പതിച്ചതെന്നും ഹ​ഗാരി വ്യക്തമാക്കി.

ഡ്രൂസ് പട്ടണമായ ദാലിയത്ത് അൽ-കർമലിൽ നിന്നുള്ള ദഖ്‌സ ഗസ്സയിലെ ഹമാസ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരിൽ ഒരാളാണ്. ഇതോടെ ഒക്ടോബർ ഏഴിലെ ആക്രമണം മുതൽ ഇതുവരെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഐഡിഎഫ് കേണലുകളുടെ എണ്ണം ആറായി. ഇവരിൽ നാല് പേർ ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്.


ഡ്രൂസ് കമ്യൂണിറ്റിയിലെ അംഗമായ ദഖ്സ, നാല് മാസം മുമ്പാണ് ​ബ്രി​ഗേഡ് കമാൻ‍ഡറായി നിയമിതനാവുന്നത്. ഹമാസുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന സൈനിക ഓഫീസർമാരിൽ ഒരാളാണ് ദഖ്സയെന്നതും ഇസ്രായേലിന് തിരിച്ചടിയാണ്. 2006ൽ ഹിസ്ബുല്ല- ഇസ്രായേൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ രക്ഷിച്ചതിന് ധീരതയ്ക്കുള്ള ആദരം ഏറ്റുവാങ്ങിയ ദഖ്സയെ, ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ് 'ഹീറോ' എന്ന് വാഴ്ത്തിയിരുന്നു. ദഖ്സയുടെ മരണം ഇസ്രായേലിനും ഇസ്രായേൽ സമൂഹത്തിനും വലിയ നഷ്ടം ആണെന്നും ഹെർസോഗ് പ്രതികരിച്ചു.

നഹാൽ ബ്രി​ഗേഡ് കമാൻഡർ കേണൽ ജൊനാഥൻ സ്റ്റീൻബേർ​ഗ് (42), ഗോസ്റ്റ് യൂണിറ്റ് എന്നറിയപ്പെടുന്ന മൾട്ടിഡൊമെയ്ൻ യൂണിറ്റിൻ്റെ കമാൻഡർ കേണൽ റോയി ലെവി (44), ഗസ്സ ഡിവിഷൻ ദക്ഷിണ ബ്രിഗേഡിൻ്റെ കമാൻഡർ കേണൽ അസഫ് ഹമാമി (41), ഗോലാനി ബ്രിഗേഡ് ചീഫിൻ്റെ ഫോർവേഡ് കമാൻഡ് ടീമിൻ്റെ തലവൻ കേണൽ ഇറ്റ്സാക്ക് ബെൻ ബസത് (44), ജൂഡിയ ആൻഡ് സമരിയ ഡിവിഷനിൽ നിന്ന് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥൻ റിസർവ് കേണൽ ലയൺ ബാർ (53) എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ട കേണലുമാർ. ഇവരെ കൂടാതെ 10 ലഫ്റ്റനന്റ് കേണൽമാരെയും നിരവധി മേജർമാരേയും ഹമാസ് ആക്രമണത്തിൽ ഇസ്രായേലിന് നഷ്ടമായിട്ടുണ്ട്.


ഒക്‌ടോബർ ഏഴ് മുതൽ ഹമാസുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട 749 സൈനികരുടെയും ഇവരടക്കമുള്ള ഓഫീസർമാരുടെയും റിസർവിസ്റ്റുകളുടെയും പേരുകൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ നിരവധി പേർ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരാണ്. 302 പേർ ഗസ്സ മുനമ്പിൻ്റെ അതിർത്തിയിൽ നടന്ന ആക്രമണങ്ങളിലും 355 പേർ ഹമാസ് അധീനതയിലുള്ള പ്രദേശത്തും അതിർത്തിയിലെ ആക്രമണങ്ങളിലുമാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് പറയുന്നു.

ഈ മാസം 19നാണ് ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിനും ഹൈഫയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരനഗരമായ സീസറിയയിലെ നെതന്യാഹുവിന്റെ വീടിനു നേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം നടന്നത്. സീസറിയയിലുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിൽ ഡ്രോൺ പതിച്ചെന്ന് സ്ഥിരീകരിച്ച് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയും പുറത്തിറക്കിയിരുന്നു. സംഭവസമയത്ത് നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഓഫീസ് അവകാശപ്പെട്ടത്.

ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയം നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവർത്തനരഹിതമായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരു കെട്ടിടത്തിനു മുകളിൽ ഡ്രോൺ പതിച്ചെന്ന് നേരത്തെ ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ വസതി തന്നെയാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത്.

ഇസ്രായേൽ വ്യോമാതിർത്തിയിലൂടെ ഡ്രോണുകൾ പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെ ഇസ്രായേൽ ഹെലികോപ്ടറുകൾ പിന്തുടർന്നെങ്കിലും തകർക്കാനായില്ല. സംഭവം അതീവ സുരക്ഷാവീഴ്ചയായാണ് ഇസ്രായേൽ സൈന്യം കണക്കാക്കുന്നത്. അതിനാൽതന്നെ സംഭവത്തെ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.




TAGS :

Next Story