പ്രവാചക നിന്ദ; ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തെ അപലപിച്ച് അമേരിക്ക
മെയ് 26ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയത്
വാഷിംഗ്ടണ്‍: പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തെ അപലപിച്ച് അമേരിക്ക. ''രണ്ട് ബിജെപി നേതാക്കളുടെ നിന്ദ്യമായ അഭിപ്രായങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു, പാര്‍ട്ടി (ബിജെപി) ആ അഭിപ്രായങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,'' യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മതസ്വാതന്ത്ര്യമോ വിശ്വാസമോ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ മുതിര്‍ന്ന തലങ്ങളില്‍ തങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റുമായി പതിവായി ഇടപഴകുകയും മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെയ് 26ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയത്. മുഹമ്മദ് നബിക്കെതിരെ നടത്തിയ പ്രസ്താവന അറബ് രാജ്യങ്ങളിലടക്കം വന്‍ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ നുപൂറിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. മുഹമ്മദ് നബിയെ കുറിച്ച് പ്രകോപനപരമായ ട്വീറ്റുകള്‍ നടത്തിയ ഡല്‍ഹി ബി.ജെ.പി മാധ്യമ വിഭാഗം തലവനായിരുന്ന നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു. ബംഗ്ലാദേശില്‍, പ്രതിഷേധക്കാര്‍ ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഔപചാരികമായി അപലപിക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചക നിന്ദക്കെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്തിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ഉസാമ അൽഷാഹീൻ എംപിയുടെ നേതൃത്വത്തിൽ കുവൈത്ത് നാഷണൽ അസംബ്ലിയിലെ 30 അംഗങ്ങളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
അതേസമയം പ്രവാചക നിന്ദ നടത്തിയ നുപൂറിനെതിരെ കഴിഞ്ഞ ദിവസം വീണ്ടും കേസെടുത്തു. അഡ്വ. സയ്യിദ് അസീം നൽകിയ പരാതിയിലാണ് ബീഡ് പൊലീസ് കേസെടുത്തത്. ടെലിവിഷൻ ചർച്ചക്കിടെ നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശം മുസ്‍ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചാണ് പരാതി നൽകിയത്. മുംബൈ, താനെ നഗരങ്ങളുൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ സമാന വിഷയത്തിൽ നുപൂറിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
Adjust Story Font
16