Quantcast

'യാഥാസ്ഥിതികരായ രാഷ്ട്രനേതാക്കൾ ജനാധിപത്യത്തിന് ഭീഷണിയെന്ന് ഇടതുപക്ഷം ചാപ്പകുത്തുന്നു'; ജോർജിയ മെലോണി

'കൺസർവേറ്റിവുകളുടെ വിജയത്തിനൊപ്പം, അവർ ആഗോള തലത്തിൽ സഹകരിക്കുകയും ചെയ്യുന്നത് ഇടത് പക്ഷത്തെ അസ്വസ്ഥമാക്കുന്നു'

MediaOne Logo

Web Desk

  • Updated:

    23 Feb 2025 11:15 AM

Published:

23 Feb 2025 11:04 AM

യാഥാസ്ഥിതികരായ രാഷ്ട്രനേതാക്കൾ ജനാധിപത്യത്തിന് ഭീഷണിയെന്ന് ഇടതുപക്ഷം ചാപ്പകുത്തുന്നു; ജോർജിയ മെലോണി
X

റോം: ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. യഥാസ്ഥിതികരായ രാഷ്ട്ര നേതാക്കളെ ജനാധിപത്യത്തിന് ഭീഷണിയായി ചാപ്പകുത്തുകയാണ് ഇടത് പക്ഷം ചെയ്യുന്നത് മേലോണി വിമർശിച്ചു. അതേസമയം ഇടത് നേതാക്കള്‍ സമാന ആഗോള സഖ്യങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്നും ഇത് ഇരട്ടതാപ്പാണെന്നും മെലോണി കൂട്ടിച്ചേര്‍ത്തു. യുഎസിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു മെലോണി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലെ തുടങ്ങിയവരെ പരാമർശിച്ചായിരുന്നു മെലോണിയുടെ പ്രസംഗം. "തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്‍റണും ടോണിബ്ലെയറും ആഗോള ഇടത് ഉദാര ശൃംഖല രൂപീകരിച്ചപ്പോള്‍ അവരെ നാം രാഷ്ട്രതന്ത്രജ്ഞർ എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഇന്ന് ട്രംപും മെലോണിയും മിലെയും മോദിയും തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ അവര്‍ അതിനെ ജനാധിപത്യത്തിന് ഭീഷണി എന്ന് വിളിക്കും. ഇത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ്. പക്ഷേ ഞങ്ങള്‍ക്ക് ഇത് ശീലമായിരിക്കുന്നു. എന്നാൽ ആളുകൾ ഇപ്പോൾ അവരുടെ നുണകളിൽ വിശ്വസിക്കുന്നില്ല എന്നതാണ് നല്ല വാർത്ത. എത്ര ചെളി വാരി എറിഞ്ഞാലും ജനങ്ങൾ പിന്നെയും ഞങ്ങൾക്ക് വോട്ട് ചെയ്യുന്നത് തുടരുന്നു," ജോര്‍ജിയ മെലോണി പറഞ്ഞു.

യാഥാസ്ഥിതികരുടെ(കൺസർവേറ്റിവുകൾ) വളർച്ചയിൽ ഇടതുപക്ഷം പരിഭ്രാന്തരാണ്. കൺസർവേറ്റിവുകളുടെ വിജയത്തിനൊപ്പം, അവർ ആഗോള തലത്തിൽ സഹകരിക്കുകയും ചെയ്യുന്നത് ഇടത് പക്ഷത്തെ അസ്വസ്ഥരാക്കുന്നുവെന്നും മേലോണി പറഞ്ഞു. ട്രംപിന്റെ വിജയത്തെ പുകഴ്ത്താനും മെലോണി മറന്നില്ല.

റോമില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോൺഫറൻസിനെ മെലോണി അഭിസംബോധന ചെയ്‌തത്. നിരവധി വലതുപക്ഷ രാഷ്‌ട്രീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

TAGS :

Next Story