യുദ്ധ ഭീതിക്കിടെ യുക്രൈൻ ബങ്കറിൽ വിവാഹം, പ്രതീക്ഷയുടെ പുഞ്ചിരിയുമായി ദമ്പതികൾ; ചിത്രങ്ങൾ വൈറൽ
ഒഡേസയിലെ ബോംബ് ഷെൽട്ടറിൽവെച്ചാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ ലെവറ്റ്സും നടാലിയയും വിവാഹിതരായത്.
യുദ്ധഭീതി തളംകെട്ടി നില്‍ക്കുന്ന യുക്രൈന്‍ ബങ്കറില്‍ ആളും ആഘോഷവുമില്ലാതെ ഒരു വിവാഹം. തുറമുഖ നഗരമായ ഒഡേസയിലാണ് സംഭവം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ലെവറ്റ്സും നടാലിയയും വിവാഹിതരായത്. വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. റഷ്യന്‍ ആക്രമണം കനക്കുമ്പോഴും പ്രതീക്ഷയുടെ പുഞ്ചിരിയുമായി ജീവിതം തുടങ്ങുന്ന നവദമ്പതികളുടെ ചിത്രങ്ങള്‍ വൈറലാണ്.
റഷ്യൻ സൈന്യത്തിന്റെ മിസൈൽ ആക്രമണവും ഷെൽ വർഷവും തുടരുന്നതിനിടെയായിരുന്നു ബോംബ് ഷെൽട്ടറിനുള്ളില്‍ ലെവറ്റ്സ് വിശ്വാസപ്രകാരം നടാലിയയെ തന്‍റെ ജീവിത സഖിയാക്കിയത്. ഇരുവരും സന്തോഷം പങ്കിടുന്നതും വിവാഹ രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതും ബ്രഡ് പങ്കുവെക്കുന്നതുമൊക്കെ ചിത്രങ്ങളില്‍ കാണാം. വരനും വധുവും ആഡംബരമൊന്നുമില്ലാതെ സാധാരണ വേഷത്തിലാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്.
Meanwhile, a marriage registration took place in a bomb shelter in #Odesa. pic.twitter.com/xAi8ktCxfE
— NEXTA (@nexta_tv) March 3, 2022
യുക്രൈനിലെ റഷ്യൻ ആക്രമണം ഒമ്പതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്നാണ് റിപ്പോർട്ട്. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഒഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന സമാധാന ചര്‍ച്ചയിലും നിര്‍ണായക തീരുമാനങ്ങളുണ്ടായില്ല. സാധാരണക്കാർക്ക് രക്ഷപ്പെടാൻ പ്രത്യേക ഇടനാഴി രൂപീകരിക്കാനാണ് ചര്‍ച്ചയില്‍ ധാരണയായത്. വെടിനിർത്തലിന് ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല. ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽവെച്ച് ഇന്നലെ രണ്ടാം ഘട്ട ചര്‍ച്ച നടന്നത്.
Adjust Story Font
16