Quantcast

കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വർഷത്തോടെ അവസാനിച്ചേക്കാം: ലോകാരോഗ്യ സംഘടന

സമ്പന്നരും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള കോവിഡ് വാക്‌സിനേഷനിലെ അസന്തുലിതാവസ്ഥ വേഗത്തിൽ ഇല്ലാതാകണം

MediaOne Logo

Web Desk

  • Updated:

    2022-01-19 10:48:55.0

Published:

19 Jan 2022 10:45 AM GMT

കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥ ഈ വർഷത്തോടെ അവസാനിച്ചേക്കാം: ലോകാരോഗ്യ സംഘടന
X

വാക്‌സിനേഷനുകളുടെയും മരുന്നുകളുടെയും അസമത്വങ്ങൾ വേഗത്തിൽ കുറക്കാനായാൽ കോവിഡ് മൂലമുള്ള മരണങ്ങളും ആശുപത്രി വാസങ്ങളും ലോക്ഡൗണുമെല്ലാം ഈ വർഷം കൊണ്ട് അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിൻ അസമത്വങ്ങളെ കുറിച്ച് ലോക സാമ്പത്തിക ഫോറം നടത്തിയ പാനൽ ചർച്ചയിലാണ് ലോകാരോഗ്യസംഘടനയിലെ അത്യാഹിതവിഭാഗം മേധാവി ഡോ.മൈക്ക് റയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങൾ ഒരിക്കലും വൈറസിനെ അവസാനിപ്പിക്കില്ല. ഇത്തരം പാൻഡെമിക് വൈറസുകൾ ആവാസവ്യവസ്ഥയുടെ ഭാഗമാണ്.

വാക്‌സിനേഷനിലും മരുന്നിലുമുള്ള അസമത്വങ്ങൾ ഇല്ലാതായാൽ ഈ വർഷം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നരും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള കോവിഡ് വാക്‌സിനേഷനിലെ അസന്തുലിതാവസ്ഥ വിനാശകരമായ ധാർമ്മിക പരാജയമാണെന്ന് ലോകാരോഗ്യം സംഘടന കുറ്റപ്പെടുത്തി. ദരിദ്ര്യ രാജ്യങ്ങളിൽ 10 ശതമാനത്തിൽ താഴെ മാത്രം ആളുകൾക്കാണ് ഇതുവരെ ഒരു ഡോസ് വാക്‌സിൻ ലഭിച്ചത്. വാക്‌സിനുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ന്യായമായ രീതിയിൽ പങ്കിടണം. ഇല്ലെങ്കിൽ ലോകമെമ്പാടും 5.5 ദശലക്ഷത്തിലധികം ആളുകെള കൊന്നൊടുക്കിയ ഈ വൈറസ് ഇനിയും ദുരന്തം വിതക്കുമെന്നും റയാൻ ചർച്ചയിൽ പറഞ്ഞു.

കൂടുതൽ പേരിലേക്ക് വാക്‌സിനുകൾ എത്തിച്ച് മരണനിരക്ക് കുറക്കുക എന്നതാണ് ലോകാരോഗ്യസംഘടന ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു വൈറസിന്റെ മാത്രം പ്രശ്‌നമല്ല ലോകം നേരിടുന്നത്. മരണത്തിന്റെയും ആശുപത്രി വാസങ്ങളുടെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സംവിധാനങ്ങളുടെ തകർച്ചയാണ് ദുരന്തം സമ്മാനിച്ചത്. പലരാജ്യങ്ങളും വൈറസിനോടൊപ്പം ജീവിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ മലേറിയയെ പോലെയും എച്ച്. ഐവിയെ പോലെയും വൈറസ് ഇവിടെ തന്നെയുണ്ടാകുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

വാക്സിനുകളുടെ മികച്ച വിതരണത്തിന്റെയും വലിയ തോതിലുള്ള ഉൽപ്പാദനത്തിന്റെ ആവശ്യകതയെക്കുറിച്ചും ദാരിദ്ര്യ വിരുദ്ധ സംഘടനയായ ഓക്സ്ഫാം ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ സംസാരിച്ചു. ഈ മഹാമാരിക്കെതിരെ പോരാടാനുള്ള വിഭവങ്ങൾ കുറച്ച് കമ്പനികളും ഷെയർഹോൾഡർമാരും പൂഴ്ത്തിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ 1.2 ബില്യൺ ജനങ്ങളിൽ 10ശതമാനം മാത്രമേ പൂർണമായി വാക്‌സിനേഷൻ എടുത്തിട്ടുള്ളൂവെന്ന് ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഡയറക്ടർ ജോൺ എൻകെൻഗാസോംഗ പറഞ്ഞു. വാക്‌സിനുകൾ ലഭ്യമാണെങ്കിൽ, 80ശതമാനം ആഫ്രിക്കക്കാരും വാക്‌സിൻ എടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തുടങ്ങിയ ലോക നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.

TAGS :

Next Story