Quantcast

പ്രധാന നഗരങ്ങളിലെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ചൈന അടച്ചു

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് പ്രതിദിനം 30,000 പുതിയ കേസുകൾ രേഖപ്പെടുത്തുന്ന സമയത്താണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-05 08:30:00.0

Published:

5 Dec 2022 8:29 AM GMT

പ്രധാന നഗരങ്ങളിലെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ ചൈന അടച്ചു
X

ബെയ്ജിംഗ്: അപ്പാര്‍ട്ട്മെന്‍റ് തീപിടിത്തെ തുടര്‍ന്ന് ബെയ്ജിംഗിലും മറ്റു സ്ഥലങ്ങളിലുമുണ്ടായ വന്‍ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെ കോവിഡ് നിയന്ത്രണങ്ങള്‍ ചൈന നീക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് പ്രതിദിനം 30,000 പുതിയ കേസുകൾ രേഖപ്പെടുത്തുന്ന സമയത്താണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ നീക്കിയതിന്‍റെ ഭാഗമായി നഗരങ്ങളിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളും അടച്ചുപൂട്ടി. ബെയ്ജിംഗും മറ്റ് ചില ചൈനീസ് നഗരങ്ങളും മാസങ്ങൾക്ക് ശേഷം ആദ്യമായി വൈറസ് പരിശോധന കൂടാതെ ബസുകളിലും സബ്‌വേകളിലും കയറാമെന്ന് പ്രഖ്യാപിച്ചതായി എപി റിപ്പോർട്ട് ചെയ്തു. പരിശോധന കേന്ദ്രങ്ങള്‍ അടച്ചെങ്കിലും മിക്ക പൊതു ഇടങ്ങളിലും ഇപ്പോഴും കോവിഡ് പരിശോധന ആവശ്യമാണെന്ന് ചില ബെയ്ജിംഗ് നിവാസികൾ പരാതിപ്പെട്ടു. ചൈനയിൽ 10ൽ ഒമ്പത് പേർക്കും വാക്‌സിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും 80 വയസ്സിനു മുകളിലുള്ളവരിൽ 66 ശതമാനം പേർക്ക് മാത്രമേ ഒരു ഷോട്ട് എടുത്തിട്ടുള്ളൂ, 40 ശതമാനം പേർക്ക് ബൂസ്റ്റർ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 60 വയസ്സിനു മുകളിലുള്ളവരിൽ 86 ശതമാനം പേർക്കും വാക്സിനേഷൻ എടുത്തിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ നഗരമായ ഉറുംഖിയിലെ ഒരു അപ്പാർട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ 10 പേരിലധികം കൊല്ലപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയായിരുന്നു. സെജിയാങ് പ്രവിശ്യയിലെ കോവിഡ് പരിശോധനകൾ പൂർണമായും അവസാനിപ്പിച്ചതായി സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story