Quantcast

മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കി: കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും പിൻവലിച്ച് ബ്രിട്ടൻ

നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്നും ബോറിസ് ജോൺസൺ അഭ്യർഥിച്ചു.

MediaOne Logo

Web Desk

  • Published:

    19 July 2021 4:21 AM GMT

മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കി: കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും പിൻവലിച്ച് ബ്രിട്ടൻ
X

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ബ്രിട്ടന്‍. തിങ്കളാഴ്ച മുതലാണ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. അതേസമയം നിയന്ത്രണം ഒഴിവാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. സാമൂഹിക അകലം,മാസ്‌ക് ധരിക്കല്‍ എന്നിവ ഉള്‍പ്പെടെ എടുത്തുകളഞ്ഞു.

സ്റ്റേഡിയങ്ങളിലെല്ലാം അതിന്റെ കപ്പാസിറ്റിക്ക് അനുസരിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. നിശാക്ലബ്ബുകളും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സീനും 87.8% ഒരു ഡോസും വാക്സീൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം കഠിനമാകില്ല എന്നാണു സർക്കാരിന്റെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എല്ലാം തുറന്നുകൊടുക്കുന്നത്.

അതേസമയം ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും വേഗത്തിൽ കുത്തിവെപ്പെടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണിത്. എങ്കിലും ജനങ്ങൾ ജാഗ്രത തുടരണമെന്നും ബോറിസ് ജോൺസൺ അഭ്യർഥിച്ചു.

2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനു പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസന്‍ ഐസൊലേഷനിലാണ്. ഐസലേഷൻ ഒഴിവാക്കുന്ന പൈലറ്റ് പദ്ധതി പ്രകാരം ക്വാറന്റീൻ വേണ്ടെന്നു വയ്ക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇൻഡൊനീഷ്യയ്ക്കും ബ്രസീലിനും പിന്നിൽ മൂന്നാം സ്ഥാനത്ത് ബ്രിട്ടനുണ്ട്.

TAGS :

Next Story