Quantcast

'ക്രാഷ് ലാൻഡ്''..... ഏത് സീറ്റാണ് സുരക്ഷിതം; പഠനങ്ങൾ പറയുന്നത്

വിമാനങ്ങളുടെ ഓരോ ഭാഗത്തെ സീറ്റുകളിലും സുരക്ഷാ ശതമാനം വ്യത്യസ്തമാണ്.. നോക്കാം സുരക്ഷിതമായ സീറ്റുകളേതെന്ന്

MediaOne Logo

Web Desk

  • Updated:

    2024-12-30 11:04:59.0

Published:

30 Dec 2024 11:02 AM GMT

ക്രാഷ് ലാൻഡ്..... ഏത് സീറ്റാണ് സുരക്ഷിതം; പഠനങ്ങൾ പറയുന്നത്
X

കഴിഞ്ഞ ആഴ്ച ലോകത്തെ ഞെട്ടിച്ച രണ്ട് വിമാനപകടങ്ങളാണ് നടന്നത്. കസാഖിസ്ഥാനിലെയും ദക്ഷിണ കൊറിയയിലെ വിമാനാപകടങ്ങൾ. ആദ്യത്തെ അപകടത്തിൽ 38 പേർക്കും രണ്ടാമത്തെ അപകടത്തിൽ 179 പേർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. രണ്ട് അപകടത്തിലും മരണസംഖ്യയും അപകടത്തിന്റെ രീതിയും വ്യത്യസ്തമായിരുന്നെങ്കിലും ഒരു കാര്യത്തിൽ രണ്ട് അപകടത്തിനും സാമ്യത ഉണ്ട്. ജീവൻ രക്ഷപ്പെട്ടവർ ഇരുന്നിരുന്ന ഭാഗം ഒന്നായിരുന്നു എന്നതാണ് അത്. രണ്ട് അപകടത്തിലും രക്ഷപ്പെട്ടിരുന്നവർ ഇരുന്നത് വിമാനത്തിന്റെ പിൻഭാഗത്തായിരുന്നു.

ഇതോടെ ചോദ്യമുയരുകയാണ്. വിമാനത്തിന്റെ ഏത് സീറ്റാണ് യഥാർഥത്തിൽ ഏറ്റവും സുരക്ഷിതം.

ചോദ്യത്തിന് ഉത്തരം പറയും മുമ്പ് വിമാനയാത്ര ഏറ്റവും സുരക്ഷിതമായ യാത്രകളിലൊന്നാണെന്ന് പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച നടന്ന അപൂർവ സംഭവങ്ങളെ ഒഴിച്ചുനിർത്തിയാൽ വിമാനാപകടങ്ങൾ സാധാരണമല്ല. വിമാനപകടങ്ങളുടെ വാർത്ത ഞെട്ടിക്കുന്നെങ്കിലും റോഡപകടങ്ങളിലെ മരണക്കണക്കുകളെക്കാൾ ഏറെ കുറവാണ് വിമാനാപകടങ്ങളും അവയുടെ മരണസംഖ്യയും.

ഏറ്റവും അധികം റോഡപകടങ്ങൾ നടക്കുന്ന യുഎസിലെ കണക്കുകൾ പ്രകാരം ഒരു കോടിയിൽ 1.18 ആളുകളാണ് വാഹനാപകടങ്ങളിൽ മരിക്കാറുള്ളത്. ഇതിന് പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാറുള്ളത് ട്രെയിൻ അപകടങ്ങളിലാണ്. ഒരു കോടിയിൽ 0.04 ആളുകൾ എന്ന കണക്ക്. എന്നാൽ വിമാനാപകടങ്ങളിൽ മരിക്കാറുള്ളത് 0.003 എന്ന കണക്കിലാണ്. ലോകരോഗ്യ സംഘടനയും യുഎസ് വൈമാനിക സംഘടനയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും ഇത് സ്ഥിരീകരിക്കുന്ന കണക്ക് തന്നെയാണ് പുറത്തുവിടുന്നത്.

ഇതിന് പിന്നാലെ വിമാനാപകടങ്ങളുടെ നിരക്ക് കുറയുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 2022ൽ നൂറ് കോടിയിൽ 50 പേർ വിമാനപകടത്തിൽ മരിക്കുന്നു എന്ന കണക്കായിരുന്നു, 2023ൽ ഇത് 17 ആയി കുറഞ്ഞു.

അപകട കണക്കുകൾ കുറയുമ്പോഴും സുരക്ഷാ സംവിധാനങ്ങൾ വർധിക്കുമ്പോഴും വിമാനങ്ങൾ അപകട സാധ്യത കുറവുള്ള യാത്രാരീതി അല്ലെന്ന് പറയാനാവില്ല. കൈപ്പിഴകളോ സാങ്കേതിക തരാറുകളോ കിലോമീറ്ററുകളോളം ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ അപകടങ്ങളിലേക്ക് നയിക്കുന്നതിന് കാരണമായേക്കാം.




ഇനി സീറ്റുകളിലേക്ക് വരാം...

വിമാനങ്ങളിലെ സുരക്ഷിതമായ സീറ്റുകളെക്കുറിച്ച് കാലാകാലങ്ങളായി പഠനങ്ങൾ നടക്കുന്നുണ്ട്. ആദ്യ വിമാനങ്ങൾ തൊട്ട് ഇന്നത്തെ വിമാനങ്ങൾക്കുണ്ടായ അപകടങ്ങളെ നിരീക്ഷിച്ചതിൽ നിന്നും വിമാനങ്ങളുടെ പിൻ സീറ്റുകൾ താരതമ്യേന ചെറിയ അളവിൽ സുരക്ഷയിൽ മുന്നിട്ടുനിൽക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

വൈമാനിക അപകടങ്ങളെ നിരീക്ഷിക്കുന്ന അമേരിക്കയിലെ ഏവിയേഷൻ ഡിസാസ്റ്റർ ലോയുെട കണക്കുകൾ പ്രകാരം പോപ്പുലർ മെക്കാനിക്‌സ് എന്ന മാഗസീൻ 1971 മുതൽ 2005 വരെ അപകടങ്ങൾ നിരീക്ഷിച്ചതിൽ താരതമ്യേന സുരക്ഷിതം പിൻ സീറ്റുകളാണെന്ന് കണ്ടെത്തി.

പിൻസീറ്റുകളിലുള്ള യാത്രികർ ഒരപകടത്തിൽ രക്ഷപ്പെടാൻ 40 ശതമാനം സാധ്യതയുണ്ട്. മധ്യനിരയിൽ 39 ശതമാനം സുരക്ഷാ സാധ്യതയുണ്ട്.

വിമാനങ്ങൾ ആകാശത്ത് നിന്ന് നിയന്ത്രണം വിട്ട് കൂപ്പുകുത്തുകയോ തകർന്ന് വീഴുകയോ റൺവേയിൽ നിന്ന് തെന്നി മാറുകയോ ചെയ്താൽ ആദ്യം ഇടിക്കുക മുൻഭാഗമാണ്. ഇത് മുൻസീറ്റുകളെ കൂടുതൽ അപകടകരമാക്കുന്നു.

മറ്റൊരു പഠനപ്രകാരം വിമാനത്തിന്റെ മുൻ സീറ്റുകൾ 46 ശതമാനം സുരക്ഷിതമാണ്. മധ്യനിര സീറ്റുകൾ 59 ശതമാനവും പിൻനിര സീറ്റുകൾ 69 ശതമാനവും സുരക്ഷിതമാണ്.

എന്നാൽ വിമാനം തകർന്ന് വീണ് അഗ്നിക്കിരയാവുകയാണെങ്കിൽ മധ്യനിര ആണ് ഏറ്റവും അപകടകരം, കാരണം വിമാനത്തിന്റെ ചിറകുകളിലാണ് ഇന്ധനം സൂക്ഷിക്കാറ്. ഇത് കത്തിപ്പടരുകയും അപകടത്തിന്റെ വ്യാപ്തി വർധിക്കുകയും ചെയ്യുന്നു.

ചില അവസരങ്ങളിൽ വിമാനത്തിന്റെ പിൻഭാഗം നിലത്തിടിച്ച് ഇറങ്ങിയും അപകടമുണ്ടാവാറുണ്ട്.

ഏറ്റവും അവസാനത്തെ നിരീക്ഷണം വിമാനങ്ങൾ വീഴുന്ന രീതി അനുസരിച്ചിരിക്കും സീറ്റുകളുടെ സുരക്ഷ എന്നതാണ്. ഓരോ വർഷവും വിമാനങ്ങളുടെ സുരക്ഷയിൽ പഠനങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. വരും നാളുകളിൽ ഇത് കൂടുതൽ വിപുലീകരിക്കപ്പെടുകയും അപകടങ്ങൾ ഇല്ലാത്ത കാലം വരുമെന്നും പ്രത്യാശിക്കാം.

TAGS :

Next Story