ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ മുന്നിൽ ക്രിസ്റ്റ്യാനോ; മെസ്സിയും കോഹ്ലിയും എവിടെ?
ക്രിസ്റ്റ്യാനോക്ക് ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് ലഭിക്കുന്നത് 11.9 കോടി രൂപയാണ്. അതേസമയം, പട്ടികയിലെ ആദ്യ മുപ്പതില്‍ രണ്ട് ഇന്ത്യക്കാര്‍ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്
ലോകത്ത് ഇൻസ്റ്റഗ്രാം സമ്പന്നരില്‍ മുന്‍പില്‍ പോർച്ചുഗൽ, യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മുൻ ഡബ്ല്യുഡബ്ല്യുഡബ്ല്യു ഇടിക്കൂട്ടില്‍നിന്ന് ഹോളിവുഡിലേക്കു കൂടുമാറിയ ഡ്വൈന്‍ ജോൺസനെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ മുൻപിലെത്തിയത്. ഇതാദ്യമായാണ് ഒരു കായികതാരം പട്ടികയിൽ മുൻപിലെത്തുന്നത്.
'ഹോപ്പർഎച്ച്ക്യു ഡോട്ട് കോം' ആണ് ഇൻസ്റ്റഗ്രാം വരുമാനത്തിൽ മുൻപിലുള്ള സമ്പന്നരുടെ വാർഷിക പട്ടിക പുറത്തുവിട്ടത്. ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമിൽ ഒരു പരസ്യ പോസ്റ്റിന് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ. ഇൻസ്റ്റഗ്രാമിൽ 308 മില്യൻ ഫോളോവേഴ്‌സുള്ള ക്രിസ്റ്റ്യാനോക്ക് ആപ്പിലെ ഒരു സ്‌പോൺസേഡ് പോസ്റ്റിന് ലഭിക്കുക 11.9 കോടി രൂപയാണ്. 11.3 കോടി രൂപയുമായി ഡ്രൈന്‍ ജോൺസൻ തൊട്ടുപിറകെത്തന്നെയുണ്ട്.
അതേസമയം, ക്രിസ്റ്റ്യാനോയെപ്പോലെത്തന്നെ ലോകമെങ്ങും വലിയ ആരാധകവൃന്ദമുള്ള മറ്റൊരു സൂപ്പര്‍ താരം ലയണൽ മെസ്സിയും ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ ഏഴാം സ്ഥാനത്താണ് മെസ്സിയുള്ളത്. മോഡലുകളും സംഗീതരംഗത്തെ പ്രമുഖരും നിറഞ്ഞുനില്‍ക്കുന്ന ആദ്യ പത്തിൽ ഈ രണ്ട് കായിക താരങ്ങൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. എട്ടു കോടി രൂപയാണ് മെസ്സിക്ക് ഒരു സ്‌പോൺസേഡ് പോസ്റ്റിന് ലഭിക്കുന്നത്.
അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെ ആണ് മൂന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിറകിൽ അമേരിക്കന്‍ റിയാലിറ്റി ടെലിവിഷൻ താരവും മോഡലുമായ കൈലി ജെന്നെറുമുണ്ട്. അമേരിക്കൻ ഗായികയും ഗാനരചയിതാവുമാായ സെലേന ഗോമസ്, ടെലിവിഷൻ അവതാരകയും മോഡലുമായ കിം കർദാഷ്യാന്‍, ഫുട്ബോള്‍ താരം ലയണൽ മെസ്സി, അമേരിക്കൻ ഗായിക ബെയോൺസ്, കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ, അമേരിക്കൻ മോഡൽ കെൻഡൽ ജെന്നെർ എന്നിവരാണ് യഥാക്രമം ആദ്യ പത്തിൽ ഇടംപിടിച്ചവര്‍.
അതേസമയം, രണ്ടേരണ്ട് ഇന്ത്യക്കാരാണ് ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ആദ്യ മുപ്പതില്‍ ഇടംപിടിച്ചിട്ടുള്ളത്; ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും. പട്ടികയില്‍ കോഹ്ലി 19-ാം സ്ഥാനത്താണുള്ളത്. പ്രിയങ്ക 27-ാം സ്ഥാനത്തും. കഴിഞ്ഞ തവണ കോഹ്ലി 23ലും പ്രിയങ്ക 19ലുമായിരുന്നു. ഇത്തവണ കോഹ്ലി പ്രിയങ്കയെ ബഹുദൂരം പിന്നിലാക്കി ആദ്യ ഇരുപതിലേക്ക് കടന്നുകയറുകയായിരുന്നു. അഞ്ചുകോടി രൂപയാണ് ഒരു പോസ്റ്റിന് കോഹ്ലിക്ക് ലഭിക്കുന്നത്. പ്രിയങ്കയ്ക്ക് മൂന്നുകോടിയും. അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ 100 മില്യൻ ഫോളോവേഴ്‌സ് എന്ന കടമ്പ കോഹ്ലി കടന്നത്. നിലവിൽ 125 മില്യനാണ് കോഹ്ലിയുടെ ഫോളോവേഴ്‌സ്. പ്രിയങ്കയ്ക്ക് 65 മില്യൻ ഫോളോവേഴ്‌സുമുണ്ട്.
Adjust Story Font
16