മോദിയെയും യോഗിയെയും വിമർശിച്ചു; അസദുദ്ദീൻ ഉവൈസിക്കെതിരെ യു.പി പൊലീസ് കേസെടുത്തു
മോദിയുടെ ഭാര്യയെ സൂചിപ്പിച്ച് 'എന്റെ ബാബി ഗുജറാത്തിൽ ഒറ്റക്ക് കഴിയുകയാണെന്നും അവർക്ക് ഉത്തരം പറയാൻ ആരോരുമില്ലെന്നുമായിരുന്നു പരാമർശം
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച് പ്രസംഗിച്ച ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പ്രസിഡൻറ് അസദുദ്ദീൻ ഉവൈസിക്കെതിരെ യു.പി പൊലീസ് കേസെടുത്തു. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി 100 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കെയാണ് നടപടി.
സാമുദായിക സൗഹാർദ്ദം തകർക്കൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കൽ, ജനപ്രതിനിധികളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ബാരബങ്കി പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് അറിയിച്ചു.
കട്ര ചന്ദനയിൽ വൻ പാർട്ടി റാലി നടത്തി ഹൈദരാബാദ് എം.പി കൂടിയായ ഉവൈസി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. നൂറു വർഷം പഴക്കമുള്ള രാം സനേഹി ഗഢ് മസ്ജിദ് തകർത്ത് അവശിഷ്ടം നീക്കം ചെയ്തുവെന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും എസ്.പി പറഞ്ഞു. ഈ പരാമർശം സാമുദായിക സൗഹാർദ്ദം തകർക്കുന്നതാണെന്നും പ്രത്യേക സമുദായത്തിന്റെ വികാരം വികാരം ഇളക്കിവിടാനാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉത്തർപ്രദേശിൽ മൂന്നു ദിവസത്തെ പര്യടനം നടത്തുകയാണ് ഉവൈസി.
നരേന്ദ്ര മോദി അധികാരത്തിലെത്തിയത് മുതൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണെന്നും മതേതരത്വം തകർക്കുകയാണെന്നും ഉവൈസി വിമർശിച്ചിരുന്നു. മുത്തലാഖ് നിയമം പരാമർശിച്ച് ഇത്തരം സന്ദർഭങ്ങളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥയെ കുറിച്ച് പറയുകയും മോദിക്കെതിരെ വ്യക്തിപരമായ സൂചന നടത്തുകയും ചെയ്തിരുന്നു. മോദിയുടെ ഭാര്യയെ സൂചിപ്പിച്ച് 'എന്റെ ബാബി ഗുജറാത്തിൽ ഒറ്റക്ക് കഴിയുകയാണെന്നും അവർക്ക് ഉത്തരം പറയാൻ ആരോരുമില്ലെന്നുമായിരുന്നു പരാമർശം.
മുസ്‌ലിം സ്ത്രീകളെ കുറിച്ച് വേവലാതിപ്പെടുന്ന ബി.ജെ.പി നേതാക്കൾ ഉപേക്ഷിക്കപ്പെട്ട ഹിന്ദു സ്ത്രീകൾക്കായി സംസാരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
Adjust Story Font
16