ക്രൈസ്തവസഭയുടെ എതിർപ്പ് തള്ളി കമ്മ്യൂണിസ്റ്റ് ക്യൂബ; സ്വവർഗ വിവാഹം അടക്കമുള്ള കുടുംബനിയമ പരിഷ്‌ക്കരണങ്ങൾക്ക് അംഗീകാരം
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌ക്കാരങ്ങൾക്കെതിരെ വീടുകൾ കയറിയിറങ്ങി ക്രൈസ്തവ പുരോഹിതന്മാർ കാംപയിൻ നടത്തിയിരുന്നു
ഹവാന: കുടുംബനിയമത്തിൽ വിപ്ലവ പരിഷ്‌ക്കരണങ്ങളുമായി കമ്മ്യൂണിസ്റ്റ് ക്യൂബ. ജനഹിത പരിശോധനയിൽ സ്വവർഗ വിവാഹം, ദത്തെടുക്കൽ, വാടക ഗർഭധാരണം അടക്കമുള്ള പരിക്കരണങ്ങൾക്ക് അംഗീകാരം. 1970ൽ ക്യൂബയിൽ നിലവിൽവന്ന കുടുംബനിയമം അടിമുടി ഉടച്ചുവാർക്കുന്ന പരിഷ്‌ക്കരണങ്ങളെ ഞായറാഴ്ച നടന്ന ജനഹിത പരിശോധനയിൽ ഭൂരിപക്ഷം ക്യൂബക്കാരും പിന്തുണച്ചു.
സ്വവർഗാനുരാഗികൾക്കുള്ള വിവാഹാവകാശങ്ങൾക്കൊപ്പം സുപ്രധാനമായ വേറെയും നിയമപരിഷ്‌ക്കരണങ്ങൾ പുതിയ കുടുംബ നിയമങ്ങളിലുണ്ട്. 100 പേജ് വരുന്ന പുതിയ നിയമത്തിൽ 400 വകുപ്പുകളാണുള്ളത്. ലിംഗവിവേചന കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ, കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും കൂടുതൽ അവകാശങ്ങൾ തുടങ്ങിയവ പുതിയ പരിഷ്‌ക്കരണത്തിന്റെ ഭാഗമായുണ്ട്.
രാജ്യത്തെ കുടുംബ സംവിധാനത്തിൽ വിപ്ലവമാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുള്ള പുതിയ പരിഷ്‌ക്കരണങ്ങളെ വിമർശിച്ച് ക്യൂബയിലെ ക്രൈസ്തവസഭകൾ രംഗത്തെത്തിയിരുന്നു. 1.13 കോടി മാത്രം വരുന്ന ക്യൂബൻ ജനസംഖ്യയിൽ 60 ശതമാനം പേരും ക്രൈസ്തവ മതക്കാരാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരിഷ്‌ക്കാരങ്ങൾക്കെതിരെ വീടുകൾ കയറിയിറങ്ങി ക്രൈസ്തവ പുരോഹിതന്മാർ കാംപയിൻ നടത്തിയിരുന്നു.
എന്നാൽ, സർക്കാരിന്റെ നേതൃത്വത്തിൽ പരിഷ്‌ക്കരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനായി പ്രതികാംപയിനും നടന്നിരുന്നു. ഒടുവിൽ ജനഹിത പരിശോധനയുടെ ഫലം പുറത്തുവന്നപ്പോൾ ഭൂരിപക്ഷം ജനതയും ഭരണകൂടത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. 66.9 ശതമാനം പേരും പുതിയ പരിഷ്‌ക്കരണങ്ങളെ പിന്തണച്ചു. 33.1 ശതമാനം ജനങ്ങൾ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
മുൻ ക്യൂബൻ ഭരണാധികാരി റൗൾ കാസ്‌ട്രോയുടെ മകളായ മരീല കാസ്‌ട്രോയാണ് പുതിയ പരിഷ്‌ക്കരണങ്ങളുടെ മുന്നിലുണ്ടായിരുന്നത്. ക്യൂബയിലെ ദേശീയ ലൈംഗിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഡയരക്ടറായ മരീല സ്വവർഗ വിവാഹത്തെ പിന്തുണച്ച് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
Summary: Cubans approved gay marriage and adoption overwhelmingly in a referendum backed by the government that also boosted rights for women
Adjust Story Font
16