Quantcast

ഇസ്രായേൽ ഭീകരരാഷ്ട്രം, നടത്തുന്നത് വംശഹത്യ: ക്യൂബൻ പ്രസിഡണ്ട്

"സ്വതന്ത്ര ഫലസ്തീനു വേണ്ടി വീണ്ടും വീണ്ടും ശബ്ദമുയർത്തും"

MediaOne Logo

Web Desk

  • Published:

    27 Dec 2023 6:36 AM GMT

Miguel Diaz-Canel
X

ഹവാന: ഇസ്രായേൽ ഭീകരരാഷ്ട്രമാണെന്നും ഗസ്സയിൽ അവർ നടത്തുന്നത് വംശഹത്യയാണെന്നും ക്യൂബൻ പ്രസിഡണ്ട് മിഗ്വൽ ഡിയാസ് കനാൽ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടി എല്ലാ കാലത്തും ക്യൂബ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലാണ് (നേരത്തെ ട്വിറ്റർ) ക്യൂബന്‍ പ്രസിഡണ്ടിന്‍റെ കുറിപ്പ്.

'ഗസ്സയിൽ ഇസ്രായേൽ എന്ന ഭീകരരാഷ്ട്രം നടത്തുന്ന വംശഹത്യ മനുഷ്യത്വത്തിന് നാണക്കേടാണ്. കൊലപാതകത്തിനുള്ള സ്വതന്ത്രമാർഗം എത്ര നാൾ നിലനിൽക്കും. ഞങ്ങൾ ഒരിക്കലും നിസ്സംഗത പുലർത്തില്ല. സ്വതന്ത്ര ഫലസ്തീനു വേണ്ടി വീണ്ടും വീണ്ടും ശബ്ദമുയർത്തും.' - കനാൽ കുറിച്ചു. ഫ്രീ ഫലസ്തീൻ എന്ന ഹാഷ് ടാഗോടെയാണ് ക്യൂബൻ പ്രസിഡണ്ട് കുറിപ്പ് പങ്കുവച്ചത്.


നവംബറിൽ ഹവാനയിലെ യുഎസ് എംബസിയിലേക്ക് നടത്തിയ ഫലസ്തീൻ അനുകൂല മാർച്ചിനെ നയിച്ചത് ക്യൂബൻ പ്രസിഡണ്ടായിരുന്നു. ഫലസ്തീനികളുടെ പരമ്പരാഗത കഫിയ്യ വേഷം തോളിലണിഞ്ഞായിരുന്നു യാത്ര. പ്രധാനമന്ത്രി മാനുവൽ മറേറോ, വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് തുടങ്ങിയവരും മാർച്ചിൽ പങ്കെടുത്തു.

ഫലസ്തീനുമായി ഏറെക്കാലമായി സൗഹൃദം സൂക്ഷിക്കുന്ന രാഷ്ട്രമാണ് ക്യൂബ. തലസ്ഥാനമായ ഹവാനയിൽ ഫലസ്തീന് എംബസിയുണ്ട്. നൂറു കണക്കിന് ഫലസ്തീൻ വിദ്യാർത്ഥികൾ ക്യൂബയിൽ മെഡിസിൻ പഠനം നടത്തുന്നുണ്ട്.

അതിനിടെ, ഇസ്രായേൽ നരനായാട്ടിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 20,915 ആയി ഉയർന്നു. 54,918 പേർക്ക് പരിക്കേറ്റു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 311 പേർ കൊല്ലപ്പെടുകയും 3450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ ഭാഗത്ത് 165 സൈനികരുള്‍പ്പെടെ 1139 പേരാണ് കൊല്ലപ്പെട്ടത്. 8730 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലർക്കും അംഗവൈകല്യം സംഭവിച്ചിട്ടുണ്ട്.

Summary: Cuba's president calls Israel a terrorist state and accuses it of genocide

TAGS :

Next Story