മോഖ ചുഴലിക്കാറ്റ്: മ്യാൻമറിൽ റോഹിങ്ക്യൻ മുസ്‌ലിംകളുടെ മൃതദേഹങ്ങൾ കുന്നുകൂടുന്നു
റോഹിങ്ക്യകളെ പീഡിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് ചുഴലിക്കാറ്റിനെ രാജ്യത്തെ സൈനിക ഗവൺമെൻറ് കണ്ടതെന്ന് ഷാഡോ ഗവൺമെന്റിന്റെ മനുഷ്യാവകാശ ഉപദേഷ്ടാവ്
ബംഗാൾ ഉൾക്കടലിൽ മോഖ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ ഉണ്ടായ ദുരന്തത്തിൽ, പീഡിത ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്‌ലിംകളുടെ മൃതദേഹങ്ങൾ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് കുന്നുകൂടുന്നതായി കുടുംബങ്ങളും സഹായ ഏജൻസികളും അറിയിച്ചു. ദുരന്തം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും മരണപ്പെട്ടവരുടെ എണ്ണം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. മരണസംഖ്യ 145 കവിഞ്ഞതായാണ് രാജ്യത്തെ സൈനിക ഗവൺമെൻറ് പറയുന്നത്. എന്നാൽ ഇതിലേറെ പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
ആയിരക്കണക്കിന് റോഹിങ്ക്യകൾ തുറമുഖ പട്ടണമായ സിറ്റ്വെയ്ക്ക് സമീപമുള്ള വൃത്തിഹീനമായ ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഇവിടെയാണ് കൊടുങ്കാറ്റ് ദുരിതം വിതച്ചത്.
മ്യാൻമറിലും അയൽരാജ്യമായ ബംഗ്ലാദേശിലും കനത്ത മഴയോടൊപ്പം മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച മോഖ ചുഴലിക്കാറ്റ് മെയ് 14 ന് സിറ്റ്വെയിലെത്തുകയായിരുന്നു. ഒരു ദശാബ്ദത്തിനിടയിലെത്തിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് തുറമുഖ പട്ടണത്തിൽ പാലങ്ങൾ നശിപ്പിച്ചും മരങ്ങൾ പിഴുതെറിഞ്ഞും കെട്ടിടങ്ങളുടെ മേൽക്കൂര തകർത്തെറിഞ്ഞും വൻ നാശം വിതച്ചു. ആയിരക്കണക്കിന് റോഹിങ്ക്യൻ അടച്ചുറപ്പില്ലാത്ത വീടുകൾ ഒലിച്ചുപോയി.
'മുകളിൽ നിന്ന് ആരോ ഞങ്ങളുടെ മേൽ ബോംബ് വർഷിച്ചതുപോലെയാണ് കൊടുങ്കാറ്റ് വീശിയത്, തൊണ്ണൂറു ശതമാനം വീടുകളും തകർന്ന നിലയിലാണ്' റോഹിങ്ക്യൻ വംശജനായ സദക് ഹുസൈൻ (28) ദി നാഷണലെന്ന മാധ്യമത്തോട് പറഞ്ഞു.
'ഞങ്ങൾ സ്വന്തം കൈകൊണ്ട് കുഴിമാടങ്ങൾ കുഴിക്കുകയാണ്. ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ഞാൻ തന്നെ 400 ലധികം മൃതദേഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി,'' ഡാർപെയിൻ ഗ്രാമത്തിലെ താമസക്കാരനായ ഹുസൈൻ പറഞ്ഞു.
മ്യാൻമറിലെ സൈനിക ഗവൺമെൻറ് ആദ്യം പറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു. പിന്നീട് സംഖ്യ കൂട്ടുകയായിരുന്നു. ചുഴലിക്കാറ്റിൽ 145 പ്രദേശവാസികൾ കൊല്ലപ്പെട്ടുവെന്നാണ് അവർ വെള്ളിയാഴ്ച പറഞ്ഞത്. കൊല്ലപ്പെട്ടവരിൽ നാല് സൈനികരും 24 തദ്ദേശവാസികളും 117 ബംഗാളികളും ഉൾപ്പെടുന്നുവെന്നും പറഞ്ഞു. റോഹിങ്ക്യകളെ കുറിച്ച് ഗവൺമെൻറ് ഉപയോഗിക്കുന്ന പദമാണ് ബംഗാളികളെന്നത്. റോഹിങ്ക്യൻ മുസ്ലിംകളെ രാജ്യത്തെ ഒരു വിഭാഗമായി മ്യാൻമർ ഭരണകൂടം അംഗീകരിക്കുന്നില്ല, അവരെ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി വേർതിരിക്കുകയാണ് ചെയ്യുന്നത്.
പൗരത്വം നിഷേധിക്കപ്പെടുന്ന റോഹിങ്ക്യകൾക്ക് രാജ്യത്ത് വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും അവകാശമില്ല. 2017-ൽ മ്യാൻമർ സൈന്യത്തിന്റെ മാരകമായ അടിച്ചമർത്തലിൽ 700,000 റോഹിങ്ക്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു.
'വംശീയ ഉന്മൂലനത്തിന്റെ പാഠപുസ്തക കേസ്' എന്ന് യുഎൻ വിശേഷിപ്പിച്ച സംഭവത്തിലെ കൂട്ടക്കൊല, ബലാത്സംഗം, അക്രമം എന്നിവയുടെ തെളിവുകൾ കണ്ടെത്തപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ ചുഴലിക്കാറ്റ് നാശം വിതച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനകം തന്നെ ഭയാനകമായ സാഹചര്യങ്ങളിലും സഞ്ചാര സ്വാതന്ത്ര്യമില്ലാതെയും ജീവിക്കുന്ന ഒരു സമൂഹത്തിന് കൊടുങ്കാറ്റിന്റെ ആഘാതം വിനാശകരമാണെന്ന് ഹുസൈൻ പറഞ്ഞു. 5.4 ദശലക്ഷത്തിലധികം ആളുകൾ റാഖൈനിൽ ചുഴലിക്കാറ്റ് നാശം വിതച്ചയിടങ്ങളിലുണ്ടെന്നും 3.2 ദശലക്ഷം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമാണെന്നും യുഎൻ കണക്കാക്കുന്നു.
അതേസമയം, റോഹിങ്ക്യകളെ ഐഡിപി ക്യാമ്പുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് മ്യാൻമറിലെ ജനാധിപത്യ അനുകൂല ദേശീയ ഐക്യ സർക്കാർ ആരോപിച്ചു. റോഹിങ്ക്യകളെ പീഡിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ് ചുഴലിക്കാറ്റിനെ അവർ കണ്ടതെന്ന് ഷാഡോ ഗവൺമെന്റിന്റെ മനുഷ്യാവകാശ ഉപദേഷ്ടാവ് ഓങ് ക്യാവ് മോ ദി നാഷണലിനോട് പറഞ്ഞു.
Cyclone Mokha: Dead bodies of Rohingya Muslims pile up in Myanmar
Adjust Story Font
16