Quantcast

'അറപ്പുളവാക്കുന്നവർ'; ഭിന്നലിംഗക്കാർക്കെതിരെ അധിക്ഷേപവുമായി ചെക്ക് പ്രസിഡന്റ്

ഗേ, ലെസ്ബിയൻ വിഭാഗങ്ങളെയെല്ലാം മനസിലാക്കാനാകും. ട്രാൻസ്‌ജെൻഡറുകളെയാണ് അംഗീകരിക്കാനാകാത്തതെന്നും സിഎൻഎൻ പ്രൈമാ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ചെക്ക് റിപബ്ലിക് പ്രസിഡന്‍റ് മിലോഷ് സെമൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    28 Jun 2021 4:43 PM GMT

അറപ്പുളവാക്കുന്നവർ; ഭിന്നലിംഗക്കാർക്കെതിരെ അധിക്ഷേപവുമായി ചെക്ക് പ്രസിഡന്റ്
X

ഭിന്നലിംഗക്കാർക്കെതിരെ ഗുരുതര അധിക്ഷേപവുമായി ചെക്ക് റിപബ്ലിക്ക് പ്രസിഡന്റ് മിലോഷ് സെമൻ. ഭിന്നലിംഗക്കാരെ കാണാൻ അറപ്പാണെന്നാണ് ചെക്ക് പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്. ഹംഗറി നടപ്പാക്കിയ ട്രാൻസ്‌ജെൻഡർ വിരുദ്ധ നിയമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മിലോഷ്.

ലിംഗമാറ്റം നടത്തുന്നവർ ദേഹോപദ്രവം നടത്തുന്ന കുറ്റമാണ് യഥാർത്ഥത്തിൽ ചെയ്യുന്നതെന്നും മിലോഷ് പറഞ്ഞു. എല്ലാ ശസ്ത്രക്രിയകളും അപകടംപിടിച്ചതു തന്നെയാണ്. എന്നാൽ, ഈ ഭിന്നലിംഗ വിഭാഗത്തോട് അറപ്പാണ് തനിക്ക് തോന്നുന്നതെന്നും സിഎൻഎൻ പ്രൈമാ ന്യൂസിനു നൽകിയ അഭിമുഖത്തിൽ മിലോഷ് സെമൻ പ്രതികരിച്ചു.

ഹംഗറിയുടെ നടപടി അംഗീകരിക്കാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ല. ഗേ, ലെസ്ബിയൻ വിഭാഗങ്ങളെയെല്ലാം മനസിലാക്കാനാകും. ഈ ട്രാൻസ്‌ജെൻഡർ വിഭാഗത്തെയാണ് ഇനിയും അംഗീകരിക്കാനാകാത്തതെന്നും മിലോഷ് കൂട്ടിച്ചേർത്തു. ഇതിനുമുൻപും പൊതുകാഴ്ചപ്പാടിനു വിരുദ്ധമായ നിലപാടുകളിലൂടെ വിവാദം സൃഷ്ടിച്ചയാളാണ് മിലോഷ് സെമൻ. ഭിന്നലിംഗവിരുദ്ധ പ്രസ്താവനയും വ്യാപക വിമർശനം വിളിച്ചുവരുത്തിയിട്ടുണ്ട്.

സ്വവർഗ ലൈംഗികതയെയും ലിംഗമാറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം ദിവസങ്ങൾക്കുമുൻപാണ് ഹംഗറി പാസാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹംഗറിയിലെ പ്രതിപക്ഷ പാർട്ടികളും ലിംഗന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും സാമൂഹിക പ്രവർത്തകരുമെല്ലാം സർക്കാർ നയത്തെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.

ഹംഗറിയുടെ നടപടിയെ 27 അംഗ യൂറോപ്യൻ യൂനിയനിലെ(ഇ.യു) ഭൂരിഭാഗം രാഷ്ട്രങ്ങളും എതിർത്തിട്ടുണ്ട്. എന്നാൽ, ചെക്ക് റിപബ്ലിക്ക് ഇതില്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എൽജിബിടി അവകാശങ്ങൾ മാനിച്ചില്ലെങ്കിൽ യൂനിയൻ വിടണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന ഇ.യു ഉച്ചകോടിയിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഹംഗറി പ്രസിഡന്റ് വിക്ടർ ഒർബാനോട് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story