Quantcast

മാൽകം എക്​സിന്റെ കൊലപാതകം: യുഎസ്​ ഏജൻസികൾക്കെതിരെ കേസുമായി മക്കൾ

1965 ഫെബ്രുവരിയിലാണ്​ 39കാരനായ​ മാൽകം എക്​സ്​ കൊല്ലപ്പെടുന്നത്​

MediaOne Logo

Web Desk

  • Published:

    16 Nov 2024 12:42 PM GMT

മാൽകം എക്​സിന്റെ കൊലപാതകം: യുഎസ്​ ഏജൻസികൾക്കെതിരെ കേസുമായി മക്കൾ
X

അമേരിക്കയിലെ ആഫ്രോ അമേരിക്കൻ മുന്നേറ്റത്തിന്‍റെയും മനുഷ്യാവകാശ പോരാട്ടങ്ങളുടെയും നേതാവായിരുന്ന മാൽകം എക്​സി​​​െൻറ കൊലപാതകത്തിൽ അമേരിക്കൻ ഏജൻസികളായ സിഐഎക്കും എഫ്​ബിഐക്കും ന്യൂയോർക്ക്​ പൊലീസിനും ഭാഗികമായി പങ്കുണ്ടെന്ന ആരോപണവുമായി മക്കൾ. മൂന്ന്​ ഏജൻസികൾക്കുമെതിരെ 100 മില്യൺ ഡോളറി​െൻറ കേസ്​ കുടുംബം ഫയൽ ചെയ്​തു.

കൊലപാതകം സംബന്ധിച്ച്​ പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തി​െൻറ പുതിയ വഴിത്തിരിവാണ് ഈ​ കേസ്​. 1965 ഫെബ്രുവരിയിലാണ്​ 39കാരനായ​ മാൽകം എക്​സ്​ കൊല്ലപ്പെടുന്നത്​. ന്യൂയോർക്കിന്​ സമീപത്തെ ഹാർലേമിലെ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഇദ്ദേഹത്തിന്​ നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.

നിയമപാലകരും കൊലയാളികളും തമ്മിലുള്ള അഴിമതിയും നിയമ-ഭരണഘടനാ വിരുദ്ധവുമായ ബന്ധവും കൊലപാതകത്തിലേക്ക്​ നയിക്കുകയായിരുന്നുവെന്ന്​ മക്കൾ നൽകിയ കേസിൽ ചൂണ്ടിക്കാട്ടി. സർക്കാർ ഏജൻസികളും കൊലയാളികളും തമ്മിലെ ബന്ധം വർഷങ്ങളായി അനിയന്ത്രിതമായി തുടർന്നു. കൊലയാളികളെ സർക്കാർ ഏജൻറുമാർ മറച്ചുവെക്കുകയും സംരക്ഷിക്കുകയുമായിരുന്നു. സർക്കാർ ഏജൻസികൾ തെറ്റായ നടപടികളാണ്​ കൈക്കൊണ്ടത്​. ഇത്​ കൊലപാതകത്തിലേക്ക്​ നയിച്ചുവെന്നും കേസിൽ പറയുന്നു.

ഫെഡറൽ ലോ എൻഫോഴ്​സ്​മെൻറുമായി സഹകരിച്ച്​ ന്യൂയോർക്ക്​ പൊലീസ്​ കൊലപാതകത്തി​െൻറ ദിവസങ്ങൾക്ക്​ മുമ്പ്​ മാൽകം എക്​സി​െൻറ അംഗരക്ഷകരെ അറസ്​റ്റ്​ ചെയ്​തു. പരിപാടി നടന്ന ബാൾറൂമിൽനിന്ന്​ ഉദ്യോഗസ്​ഥരെ പൊലീസ്​ മനഃപൂർവം മാറ്റുകയും ചെയ്​തു. ആക്രമണ സമയത്ത്​ ബാൾറൂമിനകത്ത്​ ഫെഡറൽ ഏജൻസികളുടെ രഹസ്യാന്വേഷണ ഉദ്യോഗസ്​ഥർ ഉണ്ടായിരുന്നുവെങ്കിലും ഇടപെടുന്നതിൽ അവർ പരാജയപ്പെ​ട്ടെന്നും​ കേസിൽ പറയുന്നു.

20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചിന്തകരിലൊരാളായ മാൽകം എക്​സിനെ ഇല്ലാതാക്കാൻ വിവിധ ഏജൻസികൾ ഗൂ​ഢാലോചന നടത്തതിയെന്ന് പൗരാവകാശ അഭിഭാഷകൻ ബെൻ ക്രംപ്​ വ്യക്​തമാക്കി. കോടതി തങ്ങളുടെ കേസ്​ പരിഗണിച്ച്​ അവരുടെ മുൻഗാമികൾ ചെയ്​ത ചരിത്രപരമായ തെറ്റുകൾ തിരുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ ഇൻറലിജൻസ്​ ഏജൻസിയും (സിഐഎ), ഫെഡറൽ ബ്യൂറോ ഓഫ്​ ഇൻവെസ്​റ്റിഗേഷനും (എഫ്​ബിഐ) ഇതുവരെ കേസിനെക്കുറിച്ച്​ പ്രതികരിച്ചിട്ടില്ല. തീർപ്പാക്കാത്ത കോടതി വ്യവഹാരങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്ന്​ നേരത്തെ ന്യൂയോർക്ക്​ പൊലീസ്​ അറിയിച്ചിരുന്നു.

കറുത്തവർക്കെതിരായ വിവേചനത്തിനെതിരെ പോരാട്ടം നയിച്ച ആഫ്രോ അമേരിക്കൻ സാമൂഹ്യപ്രവർത്തകനായിരുന്നു മാൽക്കം എക്സ് എന്നറിയപ്പെടുന്ന മാൽക്കം ലിറ്റിൽ. 1965 ഫെബ്രുവരി 21ന് ഒരു പരിപാടിയിൽ സംസാരിക്കവെ, ഗർഭിണിയായ ഭാര്യയുടെയും മൂന്ന്​ മക്കളുടെയും മുന്നിൽ വെച്ച്​​ വധിക്കപ്പെടുകയായിരുന്നു.

വെള്ളക്കാരുടെ തീവ്രവാദ സംഘടനയുടെ ആക്രമണത്തിൽ പിതാവും ക്രൈസ്തവ സുവിശേഷകനുമായ ഏൾ ലിറ്റിലും മൂന്നു പിതൃസഹോദരങ്ങളും കൊല്ലപ്പെട്ടതാണ് കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊള്ളാൻ മാൽക്കമിനെ പ്രേരിപ്പിച്ചത്. പിന്നീട് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും പേര്​​ അൽഹാജ് മാലിക് അൽ ശഹ്ബാസ് എന്നാക്കി മാറ്റുകയും ചെയ്​തു.

നേഷൻ ഓഫ്​ ഇസ്​ലാമി​െൻറ ദേശീയ വക്​താവായി മാൽകം എക്​സ്​ മാറി. എന്നാൽ, അഭിപ്രായ വ്യത്യാസത്തെ തുടർന്ന്​ സംഘടനയിൽനിന്ന്​ പുറത്തുപോയ അദ്ദേഹം​ മുഖ്യധാരാ പൗരാവകാശ പ്രസ്​ഥാനങ്ങളുടെ കൂടെ പ്രവർത്തിച്ചു. നേഷൻ ഓഫ്​ ഇസ്​ലാമി​ൽനിന്ന്​ പുറത്തുപോയതാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​​ പ്രോസിക്യൂഷ​ൻ പറയുന്നു. കൊലപാതകത്തിൽ മൂന്നുപേരെയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

2020ൽ മാൻഹട്ടൺ ഡിസ്​ട്രിക്​ട്​ അറ്റോർണി സൈ വാൻസ്​ മാൽകം എക്​സി​െൻറ കൊലപാതകത്തി​െൻറ പ്രാഥമിക അന്വേഷണത്തിൽ പുനരവലോകനം പ്രഖ്യാപിച്ചു. രണ്ട്​ വർഷത്തിനുശേഷം പ്രതികളായ മുഹമ്മദ്​ അസീസ്​, ഖലീൽ ഇസ്​ലാം എന്നിവരെ വെറുതെവിടുകയും ചെയ്​തു. അതേസമയം, മൂന്നാമനായ മുജാഹിദ്​ അബ്​ദുൽ ഹലീമി​െൻറ ശിക്ഷ റദ്ദാക്കിയിരുന്നില്ല.

TAGS :

Next Story