പാകിസ്താനിലെ ചാവേർ ആക്രമണം: മരണം 56 ആയി
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ ഞായറാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ബജൗർ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണർ അൻവർ ഉൾ ഹഖ് പറഞ്ഞു.
പാകിസ്താനിലെ ഖൈബർ പഖ്തൂൻഖാവ പ്രവിശ്യയിലെ ഗോത്രവർഗ ജില്ലയായ ബജാവൂറിന്റെ തലസ്ഥാനമായ ഖറിൽ ജമിയത് ഉലമ ഇസ്‍ലാം ഫസൽ (ജെ.യു.ഐ-എഫ്) പാർട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്.
200ലേറെ പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പാർട്ടി പ്രാദേശിക നേതാവ് മൗലാനാ സിയാവുല്ല ജാനും കൊല്ലപ്പെട്ടു. 500ഓളം പേർ ഒത്തുകൂടിയ സദസിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. 10 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ബജൗറിലും സമീപപ്രദേശങ്ങളിലുമുള്ള ആശുപത്രികളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ജെ.യു.ഐ-എഫ് തലവൻ മൗലാന ഫസലുർ റഹ്മാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അസം ഖാന്‍ അനുശോചനം രേഖപ്പെടുത്തി.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Adjust Story Font
16