Quantcast

കനത്ത മഴ; ചൈനയിൽ ഹൈവേ തകർന്ന് 36 പേർ മരിച്ചു

റോഡിന്റെ 17.9 മീറ്റർ ഭാഗമാണ് തകർന്നത്

MediaOne Logo

Web Desk

  • Published:

    2 May 2024 6:43 AM GMT

south China
X

ബീജിങ്: തെക്കൻ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയിൽ കനത്തമഴയിൽ ഹൈവേ തകർന്ന് 36 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. 36 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റതായി സംസ്ഥാന വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരതരമല്ലെന്നും അധികൃതർ വ്യക്തമാക്കി.

മെയ് ഒന്നിന് അവധി ദിവസമായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. സാധാരണഗതിയിൽ ഈ സമയത്ത് വൻ തിരക്കാണ് റോഡുകളിൽ അനുഭവപ്പെടാറുള്ളതെന്നും അധികൃതർ പറയുന്നു.റോഡിന്റെ 17.9 മീറ്റർ ഭാഗമാണ് തകർന്നത്. അപകടത്തില്‍പ്പെട്ട 23 വാഹനങ്ങൾ ചെളി നിറഞ്ഞ കുഴിയില്‍ കിടക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.

അപകടം നടന്നതിന് പിന്നാലെ 500 ഓളം ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. റോഡ് തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തെത്തുടർന്ന് ഹൈവേയുടെ ഒരു ഭാഗം അടിച്ചിടുകയും ചെയ്തിട്ടുണ്ട്. ഡ്രൈവർമാർ ഇതുവഴി സഞ്ചരിക്കരുതെന്ന് പ്രാദേശിക അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചകളായി ഗുആങ്ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. നിരവധി പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിൽ നാലുപേർ മരിക്കുകയും 10 പേരെ കാണാതാകുകയും ചെയ്തതായാണ് റിപ്പോർട്ട്.

TAGS :

Next Story