5100 കടന്ന് മരണം; ഭൂകമ്പബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തുർക്കി
3500ഓളം പേർ തുർക്കിയിലും 1600ലേറെ പേർ വടക്കൻ സിറിയയിലുമാണ് മരിച്ചത്.
അങ്കാറ: തുർക്കിയിൽ ഭൂകമ്പ പരമ്പരകളുടെ പശ്ചാത്തലത്തിൽ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂകമ്പം നാശം വിതച്ച പത്ത് പ്രവിശ്യകളിലാണ് മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
രക്ഷാപ്രവർത്തനം എളുപ്പമാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉർദുഗാൻ പറഞ്ഞു. 'രക്ഷാപ്രവർത്തന- വീണ്ടെടുക്കൽ ജോലികൾ വേഗത്തിൽ നടപ്പിലാക്കാനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു'- ഉർദുഗാൻ പറഞ്ഞു.
'ഭൂകമ്പം ബാധിച്ച 10 പ്രവിശ്യകളിലാണ് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ. തീരുമാനവുമായി ബന്ധപ്പെട്ട പ്രസിഡൻഷ്യൽ, പാർലമെന്ററി പ്രവർത്തനങ്ങൾ ഞങ്ങൾ വേഗത്തിൽ പൂർത്തിയാക്കും'- ഉർദുഗാൻ പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തകരെ ഉൾപ്പെടുത്തിയും സാമ്പത്തിക സഹായം ഉപയോഗിച്ചും ദുരിതബാധിത പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തബാധിത പ്രവിശ്യകളിൽ സഹായത്തിനായി 50,000 പേരെ നിയോഗിക്കുകയും 100 ബില്യൺ ലിറ (5.3 ബില്യൺ ഡോളർ) അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായി, തെക്കൻ നഗരമായ സാൻലിഉർഫയിൽ നിന്ന് ആളുകൾ എത്രയും വേഗം ഒഴിഞ്ഞുപോവണമെന്ന് തുർക്കി ഭരണകൂടം നിർദേശിച്ചു.
'എല്ലാവരേയും ഇവിടെ നിന്ന് പുറത്തേക്ക് മാറ്റുകയാണ് സർക്കാർ ലക്ഷ്യം. പുറത്തുകടക്കാനായി പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ടിക്കറ്റുകൾ ലഭ്യമാണെ'ന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, സിറിയയ്‌ക്ക് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തെ കടുത്ത ശൈത്യകാല കൊടുങ്കാറ്റ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇതു മൂലം ചില റോഡുകൾ സഞ്ചാരയോഗ്യമല്ലാതാവുകയും ഭക്ഷണമുൾപ്പെടെയുള്ളവയുടെ വിതരണം മന്ദഗതിയിലാവുകയും ചെയ്തു.
അതേസമയം, തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5100 കടന്നു. 3500ഓളം പേർ തുർക്കിയിലും 1600ലേറെ പേർ വടക്കൻ സിറിയയിലുമാണ് മരിച്ചത്. പതിനായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി രാജ്യം ഉറങ്ങിക്കിടക്കവെയാണ് ലോകത്തെ തന്നെ നടുക്കി തുർക്കിയിൽ റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ വൻ ഭൂചലനം ഉണ്ടായത്. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന തുർക്കിക്ക് സഹായവാഗ്ദാനവുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16