Quantcast

ചോരക്കൊതിയടങ്ങാതെ ഇസ്രായേൽ; ​ഗസ്സയിൽ മരണസംഖ്യ 40,000 കടന്നു

കൊല്ലപ്പെട്ടവരിൽ 16,000ത്തിലധികം പേരും കുട്ടികളാണ്. ഇവരിൽ രണ്ട് വയസ്സിൽ താഴെയുള്ള 2100 കുഞ്ഞുങ്ങളും ഉൾപ്പെടും. പത്ത് മാസമായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ 92,401 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    15 Aug 2024 4:27 PM GMT

death toll tops 40,000 in gaza in israel attack
X

​ഗസ്സ: മനുഷ്യ മനഃസാക്ഷിയെയാകെ മരവിപ്പിക്കുന്ന കൊടുംക്രൂരത... യുദ്ധനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ആക്രമണങ്ങൾ... അഭയാർഥി ക്യാമ്പുകളിലും വീടുകളിലുമടക്കം നിറയുന്ന ചേതനയറ്റ ശരീരങ്ങൾ... കൈയും കാലും ഉടലിന്റെ മറ്റുഭാ​ഗങ്ങളും നഷ്ടമായി മരണത്തോടു മല്ലടിക്കുന്ന ലക്ഷക്കണക്കിനു ജീവനുകൾ... അന്തരീക്ഷമാകെ പടരുന്ന കുഞ്ഞുങ്ങളുടെയടക്കം നിലവിളികൾ... സ്വപ്നങ്ങൾക്കൊപ്പം ഉറ്റവരെയും ഉടയവരേയും നഷ്ടമായ ആയിരങ്ങൾ... ലോകരാജ്യങ്ങളുടെയെല്ലാം എതിർപ്പ് വകവയ്ക്കാതെ, അണുഅളവോളം പോലും അലിവും കനിവുമില്ലാതെ ചോരക്കൊതി തീരാതെ ​ഗസ്സയിൽ പത്തു മാസത്തിലേറെയായി ഇസ്രായേൽ നടത്തുന്ന വംശ​ഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു.

ഒക്ടോബർ ഏഴു മുതലുള്ള കണക്ക് പ്രകാരം ഗസ്സയിൽ മാത്രം 40,005 പേർ കൊല്ലപ്പെടുകയും 92,401 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 16,000ത്തിലധികം പേരും കുട്ടികളാണ്. കൊല്ലപ്പെട്ടവരിൽ രണ്ട് വയസ്സിൽ താഴെയുള്ള 2100 കുഞ്ഞുങ്ങളും ഉൾപ്പെടും. 23 ലക്ഷം ജനങ്ങളുള്ള ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം അല്ലെങ്കിൽ ഓരോ 50 പേരിൽ ഒരാൾ എന്ന നിലയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

തുടർച്ചയായ 10 മാസമായി ഇസ്രായേൽ നടത്തുന്ന ഹീനവും ക്രൂരവുമായ അക്രമണത്തിന്റെ തെളിവാണ് ഈ മരണസംഖ്യ. ഈ കൊലപാതകങ്ങളുടെ തോത് ആധുനിക യുദ്ധങ്ങളുടെ ചരിത്രത്തിൽ തന്നെ വിരളമാണ്. ഗസ്സയിലെ വീടുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, അഭയാർഥി കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നു. നിരവധി കുട്ടികൾക്ക് തലയും കൈകാലുകളും നഷ്ടപ്പെട്ടു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ തുടരുന്നത്.

ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകളും അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെടുകയും നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയും രോഗഭീഷണിയിലാണെന്നും ​ഗസ്സ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ ഏഴിന് ശേഷമാരംഭിച്ച ആക്രമണം 11ാം മാസത്തിലേക്ക് കടന്നിരിക്കെ വെടിനിർത്തൽ ചർച്ചകൾ തുടരവെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്.

10 മാസത്തിലേറെയായി തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ മൂലം ഫലസ്തീൻ കുട്ടികൾക്ക് അവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ പരിരക്ഷയും ഇവർക്കില്ല. ഭൂരിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം നഷ്ടപ്പെട്ടതിനു പുറമേ വീടും സാമ്പത്തിക ഭദ്രതയും കുടുംബത്തിലെ അംഗങ്ങളും നഷ്ടപ്പെട്ടു. ഫലസ്തീനിയൻ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഇക്കാലയളവിൽ വെസ്റ്റ് ബാങ്കിൽ 632 പേർ കൊല്ലപ്പെടുകയും 5400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ തിരിച്ചടിയിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ, വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുരോ​ഗമിക്കുകയാണ്. ചർച്ചയിൽ പുരോഗതിയുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഇരുപക്ഷവും ചില മാറ്റങ്ങൾ നിർദേശിച്ചതായി വൈറ്റ് ദേശീയ ഹൗസ് സുരക്ഷാ ഉപദേശകൻ ജോൺ കിർബി പറഞ്ഞു. ചർച്ച നാളെയും തുടരും.

TAGS :

Next Story