ഇന്ത്യയിൽ ജനാധിപത്യം ശക്തം, മത-ജാതി ഭിന്നതകൾ രാജ്യത്തില്ല: മോദി
മത,മാധ്യമ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് ബൈഡൻ
വാഷിംഗ്ടൺ: ഇന്ത്യയിൽ ജനാധിപത്യം ശക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മോദിയുടെ പരാമർശം. മത,മാധ്യമ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് ഇരുവരുടെയും സംയുക്ത പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം ആഴത്തിലുള്ളതെന്ന ബൈഡന്റെ പരാമർശത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ അധ്യായമാണ് തുറന്നിരിക്കുന്നതെന്നായിരുന്നു മോദിയുടെ മറു പരാമർശം. നിർണായക കൂടിക്കാഴ്ചയെന്നാണ് ബൈഡനുമായുള്ള ചർച്ചയെ മോദി വിശേഷിപ്പിച്ചത്. പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്ന് അറിയിച്ച ബൈഡൻ സാങ്കേതിക, ടെലകോം മേഖലകളിലും കൂടുതൽ സഹകരണം ഉറപ്പു നൽകി. ബഹിരാകാശ പര്യവേഷണ രംഗത്തും അമേരിക്ക സഹകരണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദിലും ബംഗളൂരുവിലും യുഎസ് പുതിയ കോൺസുലേറ്റുകൾ തുടങ്ങുന്നതിനും ചർച്ചയിൽ ധാരണയായി.
Adjust Story Font
16