ഹിജാബ് ധരിച്ചവര്‍ക്ക് ജോലി അവസരങ്ങളില്‍ വിവേചനം: പഠനം
പഠനത്തിനായി ഒരു കൂട്ടം അപേക്ഷകരെ തെരഞ്ഞെടുക്കുകയും ശേഷം ഹിജാബ് ധരിച്ചതും ധരിക്കാത്തതുമായ രണ്ട് ഫോട്ടോകളോടെ അപേക്ഷ തയ്യാറാക്കി അയക്കുകയുമായിരുന്നു
ഹിജാബ് ധരിച്ചവര്‍ക്ക് ഹോളണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ജോലി അവസരങ്ങളില്‍ വിവേചനം നേരിട്ടതായി പഠനം. ഹോളണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളിലെ മുസ്‍ലിം വനിതകള്‍ക്കാണ് ജോലി അവസരങ്ങളില്‍ വിവേചനം നേരിട്ടത്. യൂറോപ്യന്‍ സോഷ്യോളജിക്കല്‍ റിവ്യൂ ജേണല്‍ ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഉപഭോക്താക്കളുമായി മുഖാമുഖ കൂടിക്കാഴ്ച ആവശ്യപ്പെടുന്ന പൊതു സ്വഭാവത്തിലുള്ള ജോലികളില്‍ ആണ് നഗ്നമായ വിവേചനം നേരിടേണ്ടി വരുന്നത്. അതെ സമയം സ്പെയിനില്‍ നിന്നുള്ള ഹിജാബ് ധരിച്ച മുസ്‍ലിം വനിതകള്‍ക്ക് ഹോളണ്ടില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള മുസ്‍ലിംകളേക്കാള്‍ കുറഞ്ഞ വിവേചനം മാത്രമേ നേരിടേണ്ടി വരുന്നുള്ളൂവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പഠനത്തിനായി ഒരു കൂട്ടം അപേക്ഷകരെ തെരഞ്ഞെടുക്കുകയും ശേഷം ഹിജാബ് ധരിച്ചതും ധരിക്കാത്തതുമായ രണ്ട് ഫോട്ടോകളോടെ അപേക്ഷ തയ്യാറാക്കി അയക്കുകയുമായിരുന്നു. ഹിജാബ് ധരിക്കാത്ത സ്ത്രീകളുടെ മതപരമായ ബന്ധം ചൂണ്ടിക്കാണിക്കാന്‍ മത കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അപേക്ഷയില്‍ എഴുതി ഉള്‍പ്പെടുത്തി. ഹെയര്‍ ഡ്രെസര്‍, ഷോപ്പ് അസിസ്റ്റന്‍റ് മുതല്‍ റിസപ്ഷനിസ്റ്റ്, സെയില്‍സ് റെപ്രസന്‍റേറ്റീവ് വരെ ഉള്‍പ്പെടുന്നതാണ് അപേക്ഷ അയക്കുന്ന ജോലികള്‍. ഇതില്‍ പലതും കുറഞ്ഞ യോഗ്യത ആവശ്യമുള്ള ജോലികളാണ്. ഹിജാബ് ധരിക്കാത്ത ഹോളണ്ടില്‍ നിന്നുള്ള അപേക്ഷകരില്‍ 70 ശതമാനം പേര്‍ക്കും ജോലി അവസരങ്ങള്‍ ലഭിച്ചു. അതെ സമയം ഹിജാബ് ധരിച്ച അപേക്ഷകരില്‍ ജോലി വാഗ്ധാനം ലഭിച്ചവരുടെ എണ്ണം മുപ്പത് ശതമാനത്തില്‍ ഒതുങ്ങി.
പരമ്പരാഗതമായി മതന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സാഹചര്യം തുറന്നിട്ടിരിക്കുന്ന ഹോളണ്ടില്‍ കണ്ടെത്തിയ ഉയർന്ന തലത്തിലുള്ള വിവേചനം ആശ്ചര്യകരമായി തോന്നിയതായി ഗവേഷകർ ചൂണ്ടിക്കാട്ടി.
ജര്‍മനിയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടും ഇതിനോട് സാമ്യമുള്ളതാണ്. ഹിജാബ് ധരിക്കാത്ത 53 ശതമാനം മുസ്‍ലിം വനിതകള്‍ക്കും ജോലി അവസരങ്ങള്‍ ഒരുങ്ങിയപ്പോള്‍ ഹിജാബ് ധരിച്ച വനികള്‍ക്ക് ലഭിച്ച അവസരം 25 ശതമാനത്തില്‍ ഒതുങ്ങി. ഹിജാബ് ധരിച്ച വനിതകള്‍ തൊഴില്‍ വിപണിയില്‍ വലിയ വിവേചനം നേരിടുന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്ന പുരുഷന്മാരോടും തൊഴിലുടമകൾ ഇതേ വെറുപ്പ് കാണിക്കുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടി.
Adjust Story Font
16