കാൽ നഷ്ടമായിട്ടും ആശുപത്രിയിൽ തിരിച്ചെത്തി; നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ഗസ്സയിലെ ഡോക്ടർ
‘വീണ്ടും ജോലിക്കെത്താൻ അവസരം നൽകിയതിന് ദൈവത്തിന് നന്ദി പറയുകയാണ്’
ഗസ്സ സിറ്റി: ഇസ്രായേലിെൻറ ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും വീണ്ടും ആശുപത്രിയിൽ രോഗികളെ പരിചരിക്കാനെത്തി ഗസ്സയിലെ ഡോക്ടർ. അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിലെ ഡോ. ഖാലിദ് അൽ സയീദിയാണ് ഗസ്സയുടെ നിശ്ചയദാർഢ്യത്തിെൻറ പ്രതീകമായി മാറി ലോകത്തിെൻറ കയ്യടി നേടുന്നത്.
ശിശുരോഗ അത്യാഹിത വിഭാഗത്തിലാണ് ഇദ്ദേഹത്തിെൻറ സേവനം. കാൽ മുറിച്ചുമാറ്റിയതിനെ തുടർന്ന് ആറ് മാസമായി ഇദ്ദേഹം വിശ്രമത്തിലായിരുന്നു. കൃത്രിക കാൽ ഘടിപ്പിച്ച് വാക്കറുടെ സഹായത്തോടെയാണ് ഇദ്ദേഹം ഇപ്പോൾ നടക്കുന്നത്. തുടർച്ചയായ ബോംബാക്രമണങ്ങൾക്കിടയിലും ഗസ്സയിലെ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം തികഞ്ഞ അർപ്പണബോധത്തോടെ ഇദ്ദേഹം ചികിത്സ തുടരുകയാണ്.
ജോലിയിൽ തിരിച്ചെത്തിയത് തനിക്കും തെൻറ രോഗികൾക്കും ഏറെ സഹായകരമായെന്ന് അദ്ദേഹം പറയുന്നു. ‘23 വർഷമായി അൽ അഖ്സ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് കാലിന് പരിക്കേൽക്കുന്നത്. പ്രമോഹ രോഗിയായതിനാൽ അവസ്ഥ സങ്കീർണമായിരുന്നു. അതിനാൽ തന്നെ കാൽ മുറിച്ചുമാറ്റാൻ നിർബന്ധിതനായി.
ആറ് മാസം മുമ്പാണ് കാൽ മുറിച്ചുമാറ്റിയത്. അതോടെ ആശുപത്രിയിൽനിന്ന് മാറിനിന്നു. പിന്നീട് ആക്രമണം ശക്തമായതോടെ നുസൈറത്തിലേക്ക് താമസം മാറി. അവിടെയും ആക്രമണം തുടർന്നതോടെ കുടുംബത്തോടൊപ്പം ആശുപത്രിയിലാണ് കഴിഞ്ഞത്.
കാൽ മുറിച്ചുമാറ്റിയതോടെ ഏറെക്കാലം നടക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് കൃത്രിക കാൽ ഘടിപ്പിച്ചതോടെയാണ് നടക്കാനായത്. ഇതോടെ ജോലിയിലേക്ക് തിരിച്ചെത്താനും സാധിച്ചു.
പക്ഷെ, പഴയപോലെ ജോലി ഇപ്പോൾ ചെയ്യാനകുന്നില്ല. മുമ്പ് ചെയ്തതിെൻറ നാലിലൊന്ന് മാത്രമാണ് ഇപ്പോൾ ചെയ്യാനാകുന്നത്. എന്നാലും വീണ്ടും ജോലിക്കെത്താൻ അവസരം നൽകിയതിന് ദൈവത്തിന് നന്ദി പറയുകയാണ്.
കാൽ മുറിച്ചുമാറ്റിയതോടെ വിഷാദം പിടികൂടുകയുണ്ട്. എന്നാൽ, ഇപ്പോൾ ഞാൻ ഇവിടെയുണ്ട്. എല്ലാം പോസിറ്റീവായി മാറിയിരിക്കുന്നു. എനിക്ക് ആളുകളെ സഹായിക്കാൻ സാധിക്കുന്നു. എനിക്ക് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും ജോലിയിൽ തിരിച്ചെത്തുക എന്നത് എെൻറ ആവശ്യമായിരുന്നു’ -ഡോ. ഖാലിദ് അൽ സയീദി പറഞ്ഞു.
Adjust Story Font
16