അയർലൻഡ് സന്ദർശിക്കാനെത്തിയ ജോ ബൈഡൻ ഋഷി സുനകിനെ അവഗണിച്ചോ?; വീഡിയോ വൈറൽ
ദുഃഖവെള്ളി സമാധാന ഉടമ്പടിയുടെ 25-ാം വാർഷികം ആഘോഷിക്കാൻ വടക്കൻ അയർലൻഡിൽ എത്തിയതായിരുന്നു ബൈഡൻ
വടക്കൻ അയർലൻഡ് സന്ദർശിക്കാനെത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യു.കെ പ്രധാനമന്ത്രി ഋഷി സുനകിനെ അവഗണിച്ചു എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ബെൽഫാസ്റ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഋഷി സുനക് ബൈഡനെ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഋഷി സുനകിന്റെ കൈയ്യിൽ തട്ടി ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിനിധിയായ ഡേവിഡ് മക്കോർക്കലിനെ ബൈഡൻ സല്യൂട്ട് ചെയ്യുന്നത് വീഡിയോയിൽ കാണാം.
ചിലർ ബൈഡന്റെ തെറ്റ് ചൂണ്ടിക്കാണിച്ചും മറ്റു ചിലർ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തി. ബൈഡൻ സുനക്കിനെ തിരിച്ചറിഞ്ഞില്ലെന്നാണ് ചിലരുടെ വാദം. അതേസമയം ബൈഡൻ ഋഷി സുനക്കിനെ അഭിവാദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കൈയിൽ തട്ടി ബൈഡൻ മുന്നോട്ടു പോവുകയായിരുന്നുവെന്നും ചിലർ വാദിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച എഡിറ്റഡ് ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയും അമേരിക്കൻ വീക്ക്‌ലി ന്യൂസ് മാഗസിൻ ന്യൂസ് വീക്കും അറിയിച്ചു.
''ജോ ബൈഡൻ തവിട്ടുനിറത്തിലുള്ള ആ ചെറുപ്പക്കാരനെ (യുകെയുടെ പ്രധാനമന്ത്രി) തിരിച്ചറിയുന്നില്ല, കൂടാതെ പ്രായമായ ആ വെള്ളക്കാരനെ സല്യൂട്ട് ചെയ്യാനാണ് പോയത്''. ഏപ്രിൽ 12-ന് കിം ഡോട്ട്കോം വീഡിയോ പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു. ഇതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്.
രണ്ട് നേതാക്കളും കൈ കുലുക്കുന്നതും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ വെട്ടിമാറ്റി എഡിറ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളാണ് പ്രചരിക്കുന്നതെന്ന് എ.എഫ്.പി അറിയിച്ചു. രണ്ട് നേതാക്കളും ഒരു മാസത്തിനുള്ളിൽ പരസ്പരം കണ്ടതിനാൽ ഋഷി സുനക്കിനെ ബൈഡൻ തിരിച്ചറിയാതിരിക്കാനുള്ള സാധ്യത കുറവാണെന്ന് ന്യൂസ് വീക്ക് വ്യക്തമാക്കി. ദുഃഖവെള്ളി സമാധാന ഉടമ്പടിയുടെ 25-ാം വാർഷികം ആഘോഷിക്കാൻ വടക്കൻ അയർലൻഡിൽ എത്തിയതായിരുന്നു ബൈഡൻ. നാല് ദിവസത്തെ സന്ദർശനത്തിനിടെ, ബൈഡൻ ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന് പൂർവ്വിക ബന്ധമുള്ള കൗണ്ടി മയോയും സന്ദർശിച്ചു. ബൈഡൻ മയോ കൗണ്ടിയിൽ പ്രസംഗിക്കുകയും ചെയ്തു.
Adjust Story Font
16