ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു
കൊൽക്കത്തയിലെ ജീവിതം അധികരിച്ച് ഡൊമിനിക് ലാപിയർ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു
പാരിസ്: പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഡൊമിനികിന്‍റെ ഭാര്യ ഡൊമിനിക് കൊങ്കോൺ ലാപിയറാണ് മരണവാര്‍ത്ത അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ഫ്രഞ്ച് പത്രമായ വാർ-മാറ്റിനിനോട് പറഞ്ഞു.''ഡൊമിനിക് ഇനി കഷ്ടപ്പെടുന്നില്ല എന്നതിനാൽ താൻ സമാധാനത്തിലും ശാന്തതയിലും ആണെന്ന്'' അവര്‍ കൂട്ടിച്ചേര്‍ത്തു.
1931 ൽ ഫ്രാൻസിലെ ലാറോഷെല്ലി എന്ന സ്ഥലത്താണ് ഡൊമിനികിന്‍റെ ജനനം. പെൻസിവാനിയയിലെ ലാഫായെറ്റി ബിരുദമെടുത്തു. 14 വർഷം അന്താരാഷ്ട്രതലത്തിൽ പാരീസ് മാച്ച് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്‍റെ പത്രപ്രവർത്തകനായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ച് ലാറി കോളിൻസുമായി ചേർന്ന് എഴുതിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകം ലോകശ്രദ്ധയാകർഷിച്ചു.
കൊൽക്കത്തയിലെ ജീവിതം അധികരിച്ച് ഡൊമിനിക് ലാപിയർ രചിച്ച സിറ്റി ഓഫ് ജോയ് ഏറെ ജനപ്രിയമായ നോവലായിരുന്നു. അമേരിക്കൻ എഴുത്തുകാരൻ ലാരി കോളിൻസിനൊപ്പം എഴുതിയ ഈസ് പാരീസ് ബേണിംഗും എറെ പ്രശസ്തമായിരുന്നു. ഇരുവരും ചേർന്ന് രചിച്ച ഓർ ഐ വിൽ ഡ്രെസ് യൂ ഇൻ മോണിംഗ് ( 1968), ഒ ജറുസലേം (1972), ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് , ദ ഫിഫ്ത് ഹോഴ്‌സ്മാൻ (1980), ത്രില്ലറായ ഈസ് ന്യൂ യോർക്ക് ബേണിംഗ് എന്നിവയും ലോകശ്രദ്ധ നേടിയ കൃതികളാണ്.
1981 മുതൽ അദ്ദേഹം തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു പങ്ക് കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികൾക്ക് സഹായമെത്തിക്കുന്ന സിറ്റി ഓഫ് ജോയ് ഫൗണ്ടേഷന് നല്‍കിയിരുന്നു. Five Past Midnight in Bhopal എന്ന പുസ്തകത്തിന്‍റെ പകർപ്പവകാശത്തുക ഭോപ്പാൽ ദുരന്തത്തിന് ഇരകളായവരുടെ ചികിത്സയ്ക്കായി ഭോപ്പാലിലെ സംഭാവനാ ക്ലിനിക്കിന് അദ്ദേഹം നൽകിവന്നിരുന്നു. 2008ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഏകപുത്രി അലക്സാണ്ട്രയും എഴുത്തുകാരിയാണ്.
Adjust Story Font
16