'ട്രംപ് എന്നെ ബലാത്സംഗം ചെയ്തു'; വെളിപ്പെടുത്തലുമായി അമേരിക്കൻ എഴുത്തുകാരി
ഇക്കാര്യം പുറത്തു പറഞ്ഞാൽ തന്നെ നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായും ജീൻ പറഞ്ഞു. ഇതേ തുടർന്നുളള ഭയം മൂലമാണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ജീൻ വ്യക്തമാക്കി.
വാഷിങ്ടൺ: യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കൻ എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീൻ കരോൾ. ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് കരോളിന്റെ വെളിപ്പെടുത്തൽ. മാൻഹട്ടൻ ഫെഡറൽ കോടതിയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. 1990ലായിരുന്നു സംഭവം.
ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡ്രസ്സിങ് റൂമിൽ വച്ചായിരുന്നു ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്ന് ഇ ജീൻ കരോൾ പറയുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാൽ തന്നെ നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായും ജീൻ പറഞ്ഞു. ഇതേ തുടർന്നുളള ഭയം മൂലമാണ് ഇതുവരെ ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ജീൻ വ്യക്തമാക്കി. 79കാരിയായ ജീൻ കരോൾ പത്രപ്രവർത്തകയും എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റുമായിരുന്നു.
'ഡൊണാൾഡ് ട്രംപ് എന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായാണ് ഞാൻ ഇപ്പോൾ കോടതിയിൽ നിൽക്കുന്നത്. നേരത്തെ ഇതിനെ കുറിച്ച് തുറന്ന് എഴുതിയപ്പോൾ ട്രംപ് അത് നിഷേധിച്ചു. എന്നെ അപകീർത്തിപ്പെടുത്തി, പ്രശസ്തി തകർത്തു. ഇപ്പോൾ താൻ ജീവിതം തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്'- ജീൻ കരോൾ പറഞ്ഞു.
2017ൽ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്‌നെതിരെ ബലാത്സംഗ ആരോപണം ഉയരുകയും നിരവധി സ്ത്രീകൾ തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വരാൻ തയാറായതുമാണ് തന്നെയും ഇക്കാര്യം തുറന്നുപറയാൻ പ്രേരിപ്പിച്ചതെന്ന് കരോൾ വ്യക്തമാക്കി. ഇനിയും നിശബ്ദത പാലിക്കുന്നത് ഫലപ്രദമല്ലെന്ന് താൻ തിരിച്ചറിഞ്ഞതായും ലൈംഗികാതിക്രമ സംസ്‌കാരത്തിൽ മാറ്റം വരുത്താനുള്ള ഒരു മാർഗമാണിതെന്ന് കരുതുന്നതായും അവർ ചൂണ്ടിക്കാട്ടി.
ബലാത്സംഗം ചെയ്യുമ്പോൾ ഒന്ന് നിലവിളിക്കാൻ പോലുമാവാത്ത വിധത്തിൽ താൻ തകർന്നിരുന്നതായും പരിഭ്രാന്തയായതായും അവർ പറഞ്ഞു. എന്തുകൊണ്ടാണ് നിലവിളിക്കാതിരുന്നതെന്ന ട്രംപിന്റെ അഭിഭാഷകന്റെ ചോദ്യത്തിന്, ഞാൻ നിലവിളിച്ചാലും ഇല്ലെങ്കിലും അയാൾ എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് കരോൾ കോടതി മുറിയിൽ വച്ച് ഉച്ചത്തിൽ അലറി.
അതേസമയം, ജീൻ കരോളിനെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും അവർ കളളം പറയുകയാണെന്നും ട്രംപ് അവർത്തിച്ചു. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും ട്രംപിന്റെ അഭിഭാഷകൻ വാദിച്ചു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരമായ സ്റ്റോമി ഡാനിയൽസിന് 1.30 ലക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. ഈ പണം നൽകിയത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു പരാതി.
ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യു.എസ് പ്രസിഡന്റാണ് ട്രംപ്. അതേസമയം കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു ട്രംപിന്റെ വാദം. കേസിൽ താൻ നിരപരാധിയാണ് തന്നെ വേട്ടയാടുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാനാണ് ശ്രമമെന്നും ട്രംപ് ആരോപിച്ചിരുന്നു.
Adjust Story Font
16