ട്വിറ്ററിനോട് പകരം വീട്ടാന്‍ ട്രംപ്; സ്വന്തം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു
'ട്രൂത്ത് സോഷ്യല്‍' എന്നായിരിക്കും ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് ആരംഭിക്കുന്ന പ്ലാറ്റ്‌ഫോമിന്‍റെ പേര്
പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ അക്കൗണ്ട്, മൈക്രോ ബ്ലോഗിങ്ങ് വെബ്‌സൈറ്റായ ട്വിറ്റർ കഴിഞ്ഞ ജനുവരിയില്‍ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 'ട്രൂത്ത് സോഷ്യല്‍' എന്നായിരിക്കും പുതിയ പ്ലാറ്റ്ഫോമിന്‍റെ പേര്.
— Donald Trump Jr. (@DonaldJTrumpJr) October 21, 2021
ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ട്രൂത്ത് സോഷ്യലിലൂടെ തന്റെ ആശയങ്ങള്‍ പങ്കുവെക്കുന്നതിനും ടെക്‌നോളജി ഭീമന് (ട്വിറ്റര്‍) തിരിച്ചടി നല്‍കുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.
ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പാണ് ആപ്പ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ അമേരിക്കയില്‍ ട്രൂത്ത് സോഷ്യല്‍ തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ അടുത്ത മാസം അവതരിപ്പിക്കും.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.എസ് കാപ്പിറ്റോൾ ബിൽഡിങ്ങിൽ ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമങ്ങൾക്കു പിന്നാലെയാണ് ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. തനിക്കെതിരേ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയും ട്രംപ് ഉപേക്ഷിച്ചിരുന്നു.
Adjust Story Font
16