Quantcast

‘റഫയിൽ ആക്രമണം നടത്തരുത്’; ഇസ്രായേലിനോട് അഭ്യർഥിച്ച് ന്യൂസിലാൻഡ്, ആസ്ത്രേലിയ, കാനഡ

‘സൈനിക നടപടി ആരംഭിച്ചാൽ സാധാരണക്കാരുടെ അവസ്ഥ ദുരിതപൂർണമാകും’

MediaOne Logo

Web Desk

  • Published:

    15 Feb 2024 8:45 AM GMT

rafah border attack
X

തെക്കൻ ഗസ്സയിലെ റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുതെന്ന് ന്യൂസിലാൻഡ്, ആസ്‌ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗസ്സയിൽ കരയാക്രമണം നടത്തുന്നത് വിനാശകരമായിരിക്കും. ഇസ്രായേൽ അവരുടെ സഖ്യകക്ഷികളെയും അന്താരാഷ്ട്ര സമൂഹത്തെയും കേൾക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റഫയിൽ കരയാക്രമണം നടത്താൻ ഇസ്രായേൽ പദ്ധതിയിടുന്നതിൽ തങ്ങൾ അതീവ ആശങ്കാകുലരാണ്.റഫയിലെ സൈനിക നടപടി വിനാശകരമാകും. ഏകദേശം 1.5 ദശലക്ഷം ഫലസ്തീനികളാണ് ഈ പ്രദേശത്ത് അഭയം തേടിയിട്ടുള്ളത്.

ഗാസയിലെ മാനുഷിക സാഹചര്യം ഇതിനകം തന്നെ ഭയാനകമാണ്. അവിടെ സൈനിക നടപടി ആരംഭിച്ചാൽ സാധാരണക്കാരുടെ അവസ്ഥ ദുരിതപൂർണമാകും. ഈ പാത തെരഞ്ഞെടുക്കരുതെന്ന് ഇസ്രായേൽ സർക്കാറിനോട് അഭ്യർഥിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾക്ക് പോകാൻ മറ്റൊരു ഇടവുമില്ല.

അന്താരാഷ്ട്രതലത്തിൽ അഭിപ്രായ സമന്വയം വർധിക്കുന്നുണ്ട്. ഇസ്രായേൽ അവരുടെ സഖ്യരാജ്യങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും ശ്രദ്ധിക്കണം. സിവിലിയൻമാരുടെ സംരക്ഷണം പരമപ്രധാനവും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് കീഴിലുള്ള ആവശ്യകതയുമാണ്. ഹമാസിനെ ഇല്ലാതാക്കുന്നതിന്റെ വില ഫലസ്തീൻ സിവിലിയൻമാരുടെ മേൽ ഏൽപ്പിക്കരുത്. മാനുഷിക സഹായത്തോടൊപ്പം ഗസ്സ മുനമ്പിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇസ്രായേൽ അടിസ്ഥാന സേവനങ്ങളും അവശ്യമായ മാനുഷിക സഹായവും ഉറപ്പാക്കുകയും സാധാരണക്കാരെ സംരക്ഷിക്കുകയും വേണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാല വിധിയും പ്രസ്താവനയിൽ പരാമർശിച്ചു. ഫലസ്തീൻ, ഇസ്രായേൽ എന്നിങ്ങനെ ദ്വിരാഷ്ട്ര പരിഹാരത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നതായും മൂന്ന് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ പറഞ്ഞു. ഇത് ശാശ്വത സമാധാനത്തിനും സുരക്ഷക്കും അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

റഫയിലേക്ക് കരയാക്രമണം വ്യാപിപ്പിക്കരുതെന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ കഴിഞ്ഞദിവസം ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യും എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രസ്താവന.

റഫയിൽ ആക്രമണം നടത്താൻ രണ്ട് വ്യത്യസ്ത പദ്ധതികൾ തയാറാക്കാനാണ് നെതന്യാഹു ഇസ്രായേൽ സൈന്യത്തിന് നിർദേശം നൽകിയിട്ടുള്ളത്. ഒന്ന് ജനങ്ങളെ ഒഴിപ്പിക്കാനും മറ്റൊന്ന് ഹമാസിനെ ഇല്ലാതാക്കാനുമാണ്. എന്നാൽ, ഇതി​നെതിരെ ലോക രാജ്യങ്ങളിൽനിന്ന് വലിയ എതിർപ്പാണ് ഉയരുന്നത്. യുദ്ധത്തെ തുടർന്ന് വടക്ക്, മധ്യ ഗസ്സയിൽനിന്ന് പലായനം ചെയ്ത സാധാരണക്കാരായ ലക്ഷങ്ങളാണ് ഇവിടെ ടെന്റുകളിലും മറ്റും കഴിയുന്നത്. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവക്കെല്ലാം വലിയ ബുദ്ധിമുട്ടാണ് ഇവർ നേരിടുന്നത്.

റഫയെ ആക്രമിക്കാനുള്ള ഇസ്രായേൽ പദ്ധതിയെ അമേരിക്ക ഉൾപ്പെടെ എതിർത്തിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ആക്രമണം നടത്തരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അന്താരാഷ്ട്ര എതിർപ്പുകളെ അവഗണിച്ചും റഫയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. കൂട്ടക്കൊലകൾക്കാണ് ദിവസവും ഗസ്സ സാക്ഷ്യം വഹിക്കുന്നത്. കുട്ടികളും സ്ത്രീകളുമാണ് അധികവും കൊല്ലപ്പെടുന്നത്.

ഇസ്രായേൽ അധിനിവേശ യുദ്ധവിമാനങ്ങൾ റഫയിൽ 50ലധികം വ്യോമാക്രമണങ്ങളാണ് നടത്തിയത്. അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട മിസൈലുകൾ ഉപയോഗിച്ചതായും ആരോപണമുണ്ട്. റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100 ​​പേരെങ്കിലും കൊല്ലപ്പെട്ടതായും 230ലധികം പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ അധികൃതർ അറിയിച്ചു. ഇതുവരെ 28,576 പേരാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 68,291 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story