''ഇത് തീക്കളി''; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
തായ്‌വാന് അമേരിക്ക സായുധസഹായം നൽകുന്നതിനെതിരെ വീണ്ടും ചൈന
ബെയ്ജിങ്: തായ്‌വാന് സൈനികസഹായവും ആയുധവിൽപ്പനയും നൽകാനുള്ള അമേരിക്കൻ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ചൈന. അമേരിക്ക കളിക്കുന്നത് തീ കൊണ്ടാണെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ശനിയാഴ്ചയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തായ്‌വാന് 571 മില്യണിന്റെ സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും നൽകാനുള്ള കരാറിന് അംഗീകാരം നൽകിയത്. ഇത് കൂടാതെ 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സംവിധാനങ്ങളുടെ വിൽപ്പനയും അമേരിക്ക അംഗീകരിച്ചിരുന്നു.
തായ്‌വാനിന് മുകളിലുള്ള തങ്ങളുടെ പരമാധികാരവും സമാധാനവും സംതുലിതാവസ്ഥയും നിലനിർത്തുന്നതിനെതിരായ പ്രവർത്തിയാണ് അമേരിക്ക ചെയ്യുന്നതെന്നായിരുന്നു ബൈഡന്റെ നടപടിക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
23 ദശലക്ഷം ജനസംഖ്യയുള്ള തായ്‌വാൻ ഒരു ജനാധിപത്യ ദ്വീപാണ്, എന്നാൽ ചൈന തായ്‌വാനെ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രവിശ്യയായിട്ടാണ് കരുതുന്നത്. ഇതുകൂടാതെ തായ്‌വാന്റെ പരമാധികാരം ആവശ്യപ്പെട്ട് ചൈന നിരന്തരം ദ്വീപിനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ചൈന ഒരാക്രമണം നടത്തുകയാണെങ്കിൽ അതിനെതിരെ പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്‌വാന് സൈനികസഹായം നൽകുന്നത്.
കഴിഞ്ഞ സെപ്തംബറിൽ തായ്‌വാന് ബൈഡൻ 569 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകിയിരുന്നു. ഈ വർഷത്തെ 265 ദശലക്ഷം ഡോളറിന്റെ വിൽപ്പനയിൽ 300 ടാക്റ്റിക്കൽ റേഡിയോ സംവിധാനങ്ങളും 30 ദശലക്ഷം ഡോളറിന്റെ 16 ഗൺ മൗണ്ടുകളും ഉൾപ്പെടും.
ഈ മാസം തുടക്കത്തിൽ 13 യുഎസ് ആയുധ കമ്പനികൾക്ക് ചൈന ഉപരോധമേർപ്പെടുത്തിയിരുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഉപരോധം പ്രഖ്യാപിച്ചത്. തായ്‌വാനുമായുള്ള 385 മില്യൻ ഡോളറിന്റെ മറ്റൊരു ആയുധ കരാറിന് ദിവസങ്ങൾക്ക് മുമ്പ് യുഎസ് ഭരണകൂടം അംഗീകാരം നൽകിയിരുന്നു. ആയുധ സ്പെയർ പാർട്സുകൾ, എഫ്-16 ജെറ്റുകൾക്കു വേണ്ട സാധന സാമഗ്രികൾ, റഡാർ സംവിധാനങ്ങൾ എന്നിവയാണ് കരാറിൽ ഉൾപ്പെട്ടിരുന്നത്. നടപടിയിൽ ചൈന ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. തങ്ങളുടെ പരമാധികാരവും പ്രാദേശികമായ അഖണ്ഡതയും ലംഘിക്കുന്നതാണു നീക്കമെന്നാണ് ചൈന വിശേഷിപ്പിച്ചത്.
ഒക്ടോബറിൽ തായ്‌വാന് മുകളിൽ യുദ്ധവിമാനങ്ങളുമായി ചൈനീസ് വിമാനങ്ങൾ പറന്നത് ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കിയത്. ചൈന ആക്രമണത്തിന് മുതിരുകയാണെങ്കിൽ പ്രതിരോധിക്കുമെന്നായിരുന്നു അന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞത്.
ചൈന തായ്‌വാന് മേൽ തങ്ങളുടെ ശക്തി തെളിയിക്കാൻ ശ്രമിക്കുമ്പോൾ അമേരിക്ക ഇടപെടുന്നത് ചൈനയെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്.
Comprehensive and Progressive Agreement for Trans-Pacific Partnership (CPTPP) എന്ന സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ഭാഗമാകാനുള്ള തായ്വാന്റെ ശ്രമങ്ങളാണ് ഈയടുത്ത് ചൈനയെ തായ്‌വാനെതിരെ കൂടുതൽ പ്രകോപനപരമായ നടപടി സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.
ഇതിന് പിന്നാലെയാണ് ചൈന തങ്ങളുടെ യുദ്ധവിമാനങ്ങൾ തായ്‌വാന് മുകളിലൂടെ പറത്തുന്ന നടപടി തുടങ്ങിത്. തായ്‌വാനെ പ്രകോപിപ്പിക്ക തന്നെയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് പാശ്ചാത്യ നിരീക്ഷകർ കാണുന്നത്.
ഏഴ് പതിറ്റാണ്ട് മുൻപ് നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തായ്‌വാൻ ചൈനയിൽ നിന്നും വ്യത്യസ്തമായ ഭരണം ആരംഭിച്ചത്.
ചൈനയുമായി ഊഷ്മളമായ നയതന്ത്രബന്ധം നിലനിർത്തുന്നത് യുഎസിന്റെ ദീർഘകാലത്തെ താൽപര്യമാണെന്ന് യുഎസ് പറയുമ്പോഴും തായ്‌വാനെ കിഴക്കൻ ഏഷ്യയിലേക്ക് തങ്ങളുടെ കരങ്ങളെത്തിക്കുന്നതിന് തായ്‌വാൻ ഉപകാരപ്രദമാകുമെന്ന് യുഎസ് നിരീക്ഷിക്കുന്നു. ഇത് കൂടാതെ ചൈനക്കെതിരെ തന്ത്രപ്രധാനമായ പ്രദേശമാണ് തായ്‌വാൻ.
ചൈനയെപ്പോലെ യുഎസും തായ്‌വാനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടില്ല, എന്നാൽ തായ്‌വാനുമായി നല്ല ബന്ധം തുടരാനാണ് യുഎസിന്റെ തീരുമാനം. 1979ന് ശേഷം തായ്‌വാനുമായി വീണ്ടും ബന്ധം സ്ഥാപിച്ചത് 2016ൽ അന്നത്തെ പ്രസിഡൻ് ഡൊണാൾഡ് ട്രംപ് ആയിരുന്നു. തുടർന്ന് 2017ൽ ട്രംപ് തായ്‌വാനിന് 1.4 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. തായ്‌വാന് മേൽ പ്രത്യേക താൽപര്യം തുടരുന്ന ട്രംപിന്റെ നിലപാടിന് അന്യസ്യൂതമായിത്തന്നെയാണ് ബൈഡനും പെരുമാറി വരുന്നത്. വീണ്ടും ട്രംപ് അധികാരത്തിലേറുന്നതോടെ എന്തായിരിക്കും തായ്വാന് മേൽ ട്രംപ് സ്വീകരിക്കാൻ പോകുന്ന നടപടി എന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.
തായ്‌വാന് യുഎസ് കൂടുതൽ സായുധസഹായങ്ങളും മറ്റും നൽകുകയാണെങ്കിൽ ചൈന യുഎസിനെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ നിഗമനം.
Adjust Story Font
16