ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ ആക്രമണം; 104 ഫലസ്തീനികൾ കൊല്ലപ്പെട്ടു | dozens killed while waiting for food aid/World news

ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ ആക്രമണം; 104 ഫലസ്തീനികൾ കൊല്ലപ്പെട്ടു

രക്തം മരവിപ്പിക്കുന്ന ക്രൂരതയാണ് ഇസ്രായേൽ സൈന്യം നടത്തിയതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 Feb 2024 7:00 PM

ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ ആക്രമണം; 104  ഫലസ്തീനികൾ കൊല്ലപ്പെട്ടു
X

ഗസ്സ: വടക്കൻ ഗസ്സയിൽ ഭക്ഷണത്തിനായി കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 104 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 250 പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 20 മൃതദേഹങ്ങൾ കമാൽ അഡ്വാൻ ആശുപത്രിയിലേക്കും 57 മൃതദേഹങ്ങൾ അൽ ശിഫ ആശുപത്രിയിലേക്കും മാറ്റിയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.

രക്തം മരവിപ്പിക്കുന്ന ക്രൂരതയാണ് ഇസ്രായേൽ സൈന്യം നടത്തിയതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭാഗമാണ് സിവിലിയൻമാർക്ക് നേരെയുള്ള ക്രൂരമായ ആക്രമണം. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനായി അടിയന്തര അന്താരാഷ്ട്ര ഇടപെടൽ മാത്രമാണ് സിവിലിയൻമാരെ സംരക്ഷിക്കാനുള്ള ഏക മാർഗമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വടക്കൻ ഗസ്സയിൽ ജനങ്ങൾ കടുത്ത പട്ടിണിയിലാണ്. കാലിത്തീറ്റ കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തുന്നതെന്ന് അൽ ജസീറ ലേഖകൻ ഹാനി മഹ്മൂദ് റിപ്പോർട്ട് ചെയ്തു. സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിൽ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്. ഇവർക്ക് നേരെയാണ് ടാങ്കുകളും ഡ്രോണുകളും കവചിത വാഹനങ്ങളും ഉപയോഗിച്ച് ഇസ്രായേൽ ആക്രമണം നടത്തിയത്. ഭക്ഷണവുമായെത്തിയ ട്രക്കിലാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങൾ റോഡിൽ ചിതറിക്കിടക്കുകയാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 30000 കടന്നു. ഇന്തോനേഷ്യയുടെ സഹായവുമായി ട്രക്കുകൾ ഗസ്സയിലെത്തിയെങ്കിലും ഇസ്രായേൽ ആക്രമണം വിതരണം തടസ്സപ്പെടുത്തിയിരുന്നു.അമേരിക്ക ആകാശമാർഗം ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാൻ സാധ്യത തേടുകയാണ്. ജോർദാന്റെ സഹായവിതരണത്തിൽ പങ്കാളിയാകാൻ തയാറെടുക്കുന്നതായി കാനഡയും അറിയിച്ചു.

ലബനനിലും ഇസ്രായേൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.വെടിനിർത്തൽ കരാർ ചർച്ചയിൽ വിടവ് ഇപ്പോഴും വലുതെന്ന് ഹമാസ് നേതാവ് ബാസെം നൈം പറഞ്ഞു.


TAGS :

Next Story