സ്‌കോട്ട്‌ലൻഡിൽ മീൻ പിടിച്ചും മലകയറിയും അവധിക്കാലം ആഘോഷമാക്കി ദുബൈ ഭരണാധികാരി-വൈറല്‍ ചിത്രങ്ങള്‍
മീൻ പിടിച്ചും കടൽകാഴ്ചക്കൾ ആസ്വദിച്ചുമായിരുന്നു ബോട്ടില്‍ കറക്കം
ലണ്ടൻ: മലനിരകൾ കയറിയും മീൻ പിടിച്ചും ബ്രിട്ടനിൽ അവധിക്കാലം ആസ്വദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം. ലണ്ടൻ തെരുവുകളിൽ ദുബൈ ഭരണാധികാരി സാധാരണക്കാരെ അഭിവാദ്യം ചെയ്യുകയും കുശലം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ വിഭാഗം തലവൻ ഖലീഫ സഈദ് സുലൈമാൻ ആണു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സ്‌കോട്ട്‌ലൻഡിലെ പ്രകൃതിരമണീയമായ ദ്വീപായ സ്‌കൈയിലായിരുന്നു പരിവാരങ്ങൾക്കൊപ്പം ദുബൈ ഭരണാധികാരിയുടെ സന്ദർശനം. 75-ാം വയസിലും ചുറുചുറുക്കോടെ സ്‌കോട്ട്‌ലൻഡ് മലനിരകളിൽ ട്രെക്കിങ് നടത്തുന്ന കാഴ്ചകൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നതാണ്.
പരമ്പരാഗത വസ്ത്രമായ കന്തൂറ മാറ്റിവച്ച് സ്‌പോർട്‌സ് വസ്ത്രങ്ങളിലായിരുന്നു മലകയറ്റം. പച്ചപ്പും നയനമനോഹര കാഴ്ചകളും കൊണ്ടു നിറഞ്ഞ മലനിരകൾ ബൈനോക്കുലറിൽ കണ്ടാസ്വദിക്കുകയും ചെയ്തു. വേറിട്ട നിറത്തിലുള്ള കന്തൂറയും കോട്ടും ധരിച്ച് കോഫി നുണയുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതോടൊപ്പം ബോട്ടിൽ കടൽയാത്രയും നടത്തി. മീൻ പിടിച്ചും കടൽകാഴ്ചക്കൾ ആസ്വദിച്ചുമായിരുന്നു കറക്കം.
യാത്രയിലുടനീളം ഏതാനും പേരടങ്ങിയ സംഘവും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. ഖലീഫ സഈദ് പങ്കുവച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
Summary: Dubai ruler Sheikh Mohammed goes on fishing trip, trekking, explores mountains in UK
Adjust Story Font
16