Quantcast

'ഒന്നുകിൽ മനുഷ്യനെ അടിമകളാക്കും അല്ലെങ്കിൽ നശിപ്പിക്കും'; എ.ഐയെക്കുറിച്ച് മുന്നറിയിപ്പുമായി സേപിയൻസിന്റെ എഴുത്തുകാരൻ

ഗസ്സക്കെതിരെ ഇസ്രായേൽ സൈന്യം എ.ഐ ഉപയോഗിക്കുന്നത് ഇതിന്റെ തെളിവെന്ന് ഹരാരി

MediaOne Logo

Web Desk

  • Published:

    5 April 2024 1:13 PM GMT

ഒന്നുകിൽ മനുഷ്യനെ അടിമകളാക്കും അല്ലെങ്കിൽ നശിപ്പിക്കും;  എ.ഐയെക്കുറിച്ച് മുന്നറിയിപ്പുമായി സേപിയൻസിന്റെ എഴുത്തുകാരൻ
X

2010കൾക്ക് ശേഷം ലോകം കണ്ടത് എ.ഐ സാങ്കേതികവിദ്യയുടെ പൊടുന്നനെയുള്ള വളർച്ചയാണ്. പലപ്പോഴും മനുഷ്യന്റെ ബുദ്ധിക്കപ്പുറം ചിന്തിക്കാനും കണക്കുകൂട്ടലുകൾ നടത്താനും കഴിവുണ്ട് നിർമിതബുദ്ധിക്കെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങൾ തെളിയിച്ചതാണ്. പല തൊഴിലുകളും സാങ്കേതിക വിദ്യകളും ആയുധങ്ങളുടെ പ്രവർത്തനവും വരെ നിയന്ത്രിക്കാൻ എ.ഐ ഉപയോഗിക്കുന്ന കാലഘട്ടമാണിത്.

ഇപ്പോഴിതാ എ.ഐക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിഖ്യാത എഴുത്തുകാരനും ചരിത്രകാരനുമായ യുവാൽ നോഹ ഹരാരി. വൻ പ്രസിദ്ധി നേടിയ സേപിയൻസ്, 21ാം നൂറ്റാണ്ടിലെ 21 പാഠങ്ങളെന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ് ഹരാരി.

കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിൽ നടത്തിയ ചർച്ചയിലാണ് എ.ഐയെക്കുറിച്ച് പ്രവചനവുമായി എഴുത്തുകാരൻ രംഗത്തുവന്നത്.

ഒന്നുകിൽ എ.ഐ മനുഷ്യരെ അടിമകളാക്കും അല്ലെങ്കിൽ മനുഷ്യരെ മുഴുവൻ ഉന്മൂലനം ചെയ്യുമെന്നാണ് ഹരാരിയുടെ പ്രവചനം.

'പത്ത് വർഷങ്ങൾക്ക് മുമ്പ് എ.ഐ വെറും സയൻസ് ഫിക്ഷൻ മാത്രമായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ സാമ്പത്തികവ്യവസ്ഥയേയും, സംസ്‌കാരത്തെയും, രാഷ്ട്രീയത്തെയും വരെ നിയന്ത്രിക്കാൻ എഐക്ക് സാധിക്കുന്നുണ്ട്. കുറച്ചുകൂടി കാലത്തിന് ശേഷം എ.ഐ മനുഷ്യന്റെ നിയന്ത്രണത്തിനതീതമാവുകയും മനുഷ്യനെ നശിപ്പിക്കുകയോ അടിമകളാക്കുകയോ ചെയ്യുമെന്നാണ്'- ഹരാരി പറഞ്ഞത്.

നിലവിൽ മനുഷ്യർ നേരിടാൻ പോകുന്നത് മൂന്ന് ദുരന്തങ്ങളാണെന്നും ഹരാരി കൂട്ടിച്ചേർത്തു.

പരിസ്ഥിതിയുടെ തകർച്ചയും, എ.ഐ പോലുള്ള സാങ്കേതികവിദ്യകളുടെ വളർച്ചയും, ലോകയുദ്ധങ്ങളുമാണ് അവ.

നിലവിൽ പരിസ്ഥിതിയുടെ തകർച്ച ത്വരിതഗതിയിലാണ് നടക്കുന്നത്. ആയിരക്കണക്കിന് ജീവിവർഗങ്ങളാണ് വർഷം തോറും വംശനാശത്തിനിരയാവുന്നത്. ഗസ്സയിലടക്കം ലോകമെമ്പാടും നിരവധി യുദ്ധങ്ങൾ നടക്കുന്നുണ്ട്. യുദ്ധത്തിനായി ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ എ.ഐ ആയുധങ്ങളും സാങ്കേതികവിദ്യകളും വൻതോതിൽ ഉപയോഗിക്കുന്നുണ്ട്.

എ.ഐ നിലവിൽ അതിന്റെ ശൈശവത്തിലാണ്, എന്നാൽ ജീവികളുടെ പരിണാമത്തേക്കാൾ വേഗതയിൽ എ.ഐ പരിണമിക്കും. പതിറ്റാണ്ടുകൾക്കുള്ളിൽ ഇത് മനുഷ്യന് ഭീകരമായ നിലയിലേക്ക് വളരുമെന്നും ഹരാരി കൂട്ടിച്ചേർത്തു.

മനുഷ്യന്റെ സഹായമില്ലാതെ തന്നെ സ്വയം തൻമയത്വം എ.ഐ കണ്ടെത്തും. തന്റെ നിലനിൽപ്പിനെക്കുറിച്ച് ആകുലനാകുന്ന എ.ഐ അത് നിയന്ത്രിക്കാൻ കഴിവുള്ള മനുഷ്യരെ ശത്രുക്കളായി തന്നെ കാണുമെന്നും ഹരാരി കൂട്ടിച്ചേർത്തു.

എങ്ങനെയാണ് എ.ഐയെ അക്രമകാരിയാവുന്നതിൽ നിന്നും തടയാൻ സാധിക്കുക എന്ന ചോദ്യത്തിന് കനത്ത നിയന്ത്രണങ്ങൾ എ.ഐയുടെ പ്രവർത്തിയിൽ ഏർപ്പെടുത്തുക മാത്രമെ പ്രതിവിധിയുള്ളുവെന്നും ഹരാരി കൂട്ടിച്ചേർത്തു.

TAGS :

Next Story