എലിസബത്ത് രാജ്ഞിക്ക് ഹൈദരാബാദ് നൈസാം സമ്മാനിച്ച നെക്‌ലേസ്; മതിപ്പ് വില 632 കോടി
ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണ ശേഖരണം തന്നെ രാജ്ഞിക്കുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഹൈദരാബാദ് നൈസാം സമ്മാനിച്ച നെക്‌ലേസ്. 1947ല്‍ രാജ്ഞിക്ക് വിവാഹസമ്മാനമായി ഹൈദരാബാദ് നൈസാം നല്‍കിയതാണ് നെക്ലേസ്
ലണ്ടന്‍: എലിസബത്ത് രാഞ്ജിയുടെ വിയോഗത്തില്‍ വിതുമ്പുകയാണ് ബ്രിട്ടന്‍ ജനത. സാമൂഹിക-രാഷ്ട്രീയ രംഗവും കടന്ന് ഫാഷനിലും വിനോദരംഗത്തും എലിസബത്ത് ശ്രദ്ധേയയിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണ ശേഖരണം തന്നെ രാജ്ഞിക്കുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഹൈദരാബാദ് നൈസാം സമ്മാനിച്ച നെക്‌ലേസ്. 1947ല്‍ രാജ്ഞിക്ക് വിവാഹസമ്മാനമായി ഹൈദരാബാദ് നൈസാം നല്‍കിയതാണ് നെക്‌ലേസ്.
അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്ന ഹൈദരാബാദിന്റെ ഭരണാധികാരി അസഫ് ജാ ഏഴാമനാണ് വിലയേറിയ നെക്‌ലേസ് രാജ്ഞിക്ക് സമ്മാനമായി നല്‍കിയത്. ലോകത്തിലെ ഏറ്റവും ധനികനായ ഒരാളായിരുന്നു അസഫ് ജാ. അതുകൊണ്ടാണ് എല്ലാവരെയും വിലപിടിപ്പുള്ളതും അപൂര്‍വമായൊരു നെക്‌ലേസ് വിവാഹ സമ്മാനമായി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും.
വിവാഹസമ്മാനം രാജ്ഞി നേരിട്ടു തിരഞ്ഞെടുക്കണമെന്ന് ആഭരണ നിര്‍മ്മാതാക്കളായ കാര്‍ട്ടിയറിന് നിസാം നിര്‍ദ്ദേശം നല്‍കിയിരുന്നു. 300 രത്നങ്ങള്‍ പതിച്ച ഈ പ്ലാറ്റിനം നെക്‌ലേസ് സെറ്റാണ് എലിസബത്ത് രാജ്ഞി അന്നു തിരഞ്ഞെടുത്തത്. തന്‍റെ രാജവാഴ്ചയില്‍ ഉടനീളം പല സന്ദര്‍ഭങ്ങളിലും രാജ്ഞി ഈ നെക്‌ലേസ് അണിഞ്ഞിട്ടുണ്ട്. കിരീടധാരണത്തിന് ദിവസങ്ങള്‍ക്കു ശേഷം ഡൊറോത്തി വൈല്‍ഡിങ് പകര്‍ത്തിയ രാജ്ഞിയുടെ ഔദ്യോഗിക ചിത്രത്തിലും നിസാം ഓഫ് ഹൈദരാബാദ് നെക്ലേസ് അണിഞ്ഞിരിക്കുന്നതായി കാണാം.
ഈ ഫോട്ടോയാണ് പിന്നീട് ബ്രിട്ടീഷ് സ്റ്റാംപിലും ലോകമെങ്ങുമുള്ള എംബസികളിലും റെജിമെന്‍റുകളിലും രാജ്ഞിയുടെ ഔദ്യോഗിക ചിത്രമായി ഉപയോഗിച്ചത്. ചെറുമകന്‍ വില്യം രാജകുമാരന്‍റെ പത്നി കെയ്റ്റ് മിഡില്‍ടണിനു രണ്ട് അവസരങ്ങളില്‍ ഈ നെക്ലേസ് അണിയാൻ നൽകിയിരുന്നു. രാജകുടുംബത്തിന്‍റെ പക്കലുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളില്‍ ഒന്നാണ് നിസാം ഓഫ് ഹൈദരാബാദ് നെക്‌ലേസ്. 66 മില്യണ്‍ പൗണ്ടിലധികം (ഏകദേശം 632 കോടി രൂപ) വില വരുമെന്നാണു ജ്വല്ലറി ബോക്സ് മാര്‍ക്കറ്റിങ് മാനേജറെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രശസ്തമായ ഹൈദരാബാദ് ടിയാരയും അദ്ദേഹം രാജ്ഞിക്ക് സമ്മാനിച്ചിട്ടുണ്ട്. വജ്രങ്ങൾ കൊണ്ട് നിർമ്മിച്ചതും പ്ലാറ്റിനത്തിൽ സ്ഥാപിച്ചതുമായ ടിയാര ഇംഗ്ലീഷ് റോസാപൂവിന്റെ മാതൃകയിലായിരുന്നു.
Adjust Story Font
16