'യുക്രൈനിലെ ജനങ്ങൾ അദ്ദേഹത്തെ വെറുക്കുന്നു'; ട്രംപിന് പിന്നാലെ സെലെൻസ്‌കിയെ വിമർശിച്ച് മസ്കും
ട്രംപ് സർക്കാരിൽ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (DOGE) തലവനാണ് മസ്‌ക്

വാഷിംഗ്‌ടൺ: യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിക്കെതിരായ അമേരിക്കൻ പ്രസിഡന്റിന്റെ വിമർശങ്ങളെ പിന്തുണച്ച് ശതകോടീശ്വരനും ട്രംപ് സർക്കാരിലെ അംഗവുമായ എലോൺ മസ്‌ക്. യുക്രൈനിലെ ജനങ്ങൾക്ക് സെലെൻസ്‌കിയോട് അവജ്ഞയാണെന്ന് മസ്‌ക് പറഞ്ഞു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് റഷ്യമായി നടത്തിയ ചർച്ചകളിൽ നിന്ന് സെലെൻസ്‌കിയെ മാറ്റി നിർത്തിയ ട്രംപിന്റെ നടപടി ശരിയാണെന്നും മസ്‌ക് പറഞ്ഞു.
"സെലെൻസ്‌കിയെ യുക്രൈനിലെ ജനങ്ങൾ ശരിക്കും സ്നേഹിച്ചിരുന്നുവെങ്കിൽ, അദ്ദേഹം ഒരു തിരഞ്ഞെടുപ്പ് നടത്തുമായിരുന്നു. എല്ലാ യുക്രൈനിയൻ മാധ്യമങ്ങളുടെയും നിയന്ത്രണം പിടിച്ചെടുത്തിട്ടും, അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ തോൽക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ അദ്ദേഹം തിരഞ്ഞെടുപ്പ് റദ്ദാക്കി. യഥാർത്ഥത്തിൽ, യുക്രൈനിലെ ജനങ്ങൾ അദ്ദേഹത്തെ വെറുക്കുന്നു," 2022 ലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് പട്ടാള നിയമം പ്രഖ്യാപിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് റദ്ദാക്കിയ സെലെൻസ്‌കിയുടെ തീരുമാനത്തെ പരാമർശിച്ചുകൊണ്ട് മസ്‌ക് പറഞ്ഞു.
"ഒരു തിരഞ്ഞെടുപ്പ് നടത്തി ഇത് നിഷേധിക്കാൻ ഞാൻ സെലെൻസ്‌കിയെ വെല്ലുവിളിക്കുന്നു. അദ്ദേഹം അത് ചെയ്യില്ല." യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കണക്കുകൾ പ്രകാരം സെലെൻസ്‌കിയുടെ ജനപിന്തുണ വെറും 4 ശതമാനം മാത്രമാണെന്ന അവകാശവാദവും മസ്‌ക് ഉന്നയിച്ചു.
ട്രംപ് സർക്കാരിൽ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (DOGE) തലവനാണ് മസ്‌ക്. യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയത് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാനുള്ള സൗദിയിലെ ചർച്ചയിലേക്ക് ക്ഷണിക്കാത്തതിൽ സെലൻസ്കി ട്രംപിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സെലൻസ്‌കിയെ ഉന്നമിട്ട് ട്രംപിന്റെ പ്രസ്താവന. യുദ്ധം തുടങ്ങിയത് റഷ്യയെന്നായിരുന്നു യുഎസിന്റെ മുൻ നിലപാട്. റഷ്യയെ ചെറുത്ത വീരനായകനായും സെലൻസ്കിയെ അമേരിക്ക ആഘോഷിച്ചിരുന്നു. യുദ്ധത്തിന് വേണ്ട എല്ലാ സഹായങ്ങളും യുക്രൈന് നൽകിയത് ബൈഡൻ ഭരണകൂടമായിരുന്നു. എന്നാൽ ഈ നിലപാടിൽ നിന്ന് മലക്കം മറിയുകയാണ് ഇപ്പോൾ ട്രംപ്.
Adjust Story Font
16