Quantcast

‘ഹാക്ക് ചെയ്യാൻ സാധ്യത കൂടുതൽ’; തെരഞ്ഞെടുപ്പുകളിൽ ഇ.വി.എം ഒഴിവാക്കണമെന്ന് ഇലോൺ മസ്ക്

‘മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത കൂടുതലാണ്’

MediaOne Logo

Web Desk

  • Updated:

    2024-06-16 04:55:40.0

Published:

16 Jun 2024 4:42 AM GMT

Elon Musk arrives in China
X

ന്യൂയോർക്ക്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ ടെസ്‍ല, സ്​പേസ് എക്സ് മേധാവി ഇലോൺ മസ്ക്. വോട്ടുയന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുന്നതിനാൽ അവ തെരഞ്ഞെടുപ്പുകളിൽനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ നമ്മൾ ഒഴിവാക്കണം. മനുഷ്യരോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഇവ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്’-ഇലോൺ മസ്ക് എക്സിൽ കുറിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അനന്തരവൻ റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ പോസ്റ്റിന് മറുപടിയായിട്ടാണ് മസ്കിന്റെ പ്രതികരണം വരുന്നത്. ‘പ്യൂർട്ടോ റിക്കയിലെ പ്രൈമറി തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഭാഗ്യത്തിന് അവിടെ പേപ്പർ ബാലറ്റ് ഉപയോഗിച്ച് പരിശോധനയുണ്ടായിരുന്നു. അതിനാൽ തന്നെ പ്രശ്നം കണ്ടെത്തുകയും വോട്ടുകളുടെ എണ്ണം തിരുത്താനാവുകയും ചെയ്തു. പേപ്പർ ബാലറ്റ് പരിശോധന ഇല്ലാത്ത സ്ഥലങ്ങളിൽ എന്തായിരിക്കും അവസ്ഥ’- എന്നായിരുന്നു കെന്നഡി ജൂനിയറിന്റെ ട്വീറ്റ്. തെരഞ്ഞെടുപ്പുകളിൽ വോട്ടുയന്ത്രങ്ങൾ ഒഴിവാക്കി പേപ്പർ ബാലറ്റ് വേണമെന്ന് വാദിക്കുന്നയാളാണ് കെന്നഡി ജൂനിയർ.

ലോകമെമ്പാടും വോട്ടുയന്ത്രങ്ങളെക്കുറിച്ച് സംശയവും ആശങ്കകളും ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇലോൺ മസ്ക് കെന്നഡി ജൂനിയറിന്റെ പോസ്റ്റിനോട് പ്രതികിരിച്ചിരിക്കുന്നത്. ഹാക്ക് ചെയ്യാൻ സാധ്യതയുള്ളതിനാൽ പല രാജ്യങ്ങളും വോട്ടുയന്ത്രങ്ങൾ ഉപയോഗിക്കുന്നില്ല.

അതേസമയം, ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ ഇ.വി.എമ്മുകളാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം വലിയ രീതിയിലുള്ള പരാതികളാണ് ഉയർത്തിയിട്ടുള്ളത്. എന്നാൽ, ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോഴും പലതരത്തിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. 140ലധികം മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ ​കൂടുതലാണ് വോട്ടെണ്ണിയപ്പോൾ.

TAGS :
Next Story