Quantcast

മാനസിക സംഘർഷം കുറയ്ക്കാനുള്ള മരുന്നുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യൂറോപ്യൻമാരെന്ന് പഠനം

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് 2020 ൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമാണ് ഐസ്‌ലാൻഡ്. യൂറോപ്പിൽ ഏറ്റവും ഉയർന്ന തോതിൽ മാനസിക സംഘർഷം കുറയ്ക്കാനുള്ള ആന്റിഡിപ്രസന്റ് മരുന്നുകൾ ഉപയോഗിക്കുന്നതും ഇതേ രാജ്യത്ത് തന്നെയാണ്.

MediaOne Logo

Web Desk

  • Updated:

    2022-12-04 14:33:58.0

Published:

4 Dec 2022 2:21 PM GMT

മാനസിക സംഘർഷം കുറയ്ക്കാനുള്ള മരുന്നുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യൂറോപ്യൻമാരെന്ന് പഠനം
X

മാനസിക സംഘർഷം കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കുതിച്ചുയർന്നതായി പഠനം. യൂറോപ്യൻമാരാണ് ഇത്തരം മരുന്നുകളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്നും ഓർഗനൈസേഷൻ ഫോർ എകണോമിക് കോ-ഓപറേഷൻ ആൻഡ് ഡെവലപ്‌മെന്റ് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.18 യൂറോപ്യൻ രാജ്യങ്ങളിൽ ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം 2000 മുതൽ 2020 വരെ ഏകദേശം രണ്ടര മടങ്ങ് വർധിച്ചതായും പഠനം പറയുന്നു.

കോവിഡ് മഹാമാരിയുടെ സമയത്താണ് ഉത്കണ്ഠയും വിഷാദവും നേരിടേണ്ടി വന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായത്. മാനസിക സംഘർഷം കുറയ്ക്കാനുള്ള മരുന്നുകൾ കൂടുതൽ വിറ്റഴിക്കപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ ഫ്രാൻസ്, പോർച്ചുഗൽ, യുകെ, സ്‌പെയിൻ, ജർമനി, സ്വീഡൻ എന്നിവർ മുൻനിരയിലുണ്ട്. കൂടാതെ, ലോക സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്തുള്ള ഫിൻലാൻഡ് അടക്കമുള്ള രാജ്യങ്ങളും ഇക്കൂട്ടത്തിലുണ്ട് എന്നതാണ് കൗതുകകരം.

സന്തോഷവും ആന്റീഡിപ്രസന്റുകളുടെ ഉപയോഗവും

സന്തോഷസൂചികയിൽ ഒന്നാമതുള്ള രാജ്യങ്ങളിൽ വിഷാദരോഗങ്ങൾക്കുള്ള മരുന്നുകളുടെ ഉപഭോഗം എങ്ങനെയാണ് ഇത്രയേറെ വർധിക്കുന്നത് എന്നാണോ സംശയം! എന്നാൽ, സന്തുഷ്‌ടരായ ആളുകൾ ആന്റീഡിപ്രസന്റ് മരുന്നുകൾ കഴിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് യൂറോപ്യൻ രാജ്യങ്ങളെക്കുറിച്ചുള്ള പഠനറിപ്പോർട്ടിൽ ഗവേഷകർ വ്യക്തമാക്കുന്നത്.

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് അനുസരിച്ച് 2020 ൽ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രണ്ടാമത്തെ രാജ്യമാണ് ഐസ്‌ലാൻഡ്. യൂറോപ്പിൽ ഏറ്റവും ഉയർന്ന തോതിൽ മാനസിക സംഘർഷം കുറയ്ക്കാനുള്ള ആന്റിഡിപ്രസന്റ് മരുന്നുകൾ ഉപയോഗിക്കുന്നതും ഇതേ രാജ്യത്ത് തന്നെയാണ്.

ഹാപ്പിനസ് റിപ്പോർട്ടിൽ ആറാം സ്ഥാനത്തുള്ള സ്വീഡൻ ആന്റീഡിപ്രസന്റുകളുടെ ഏറ്റവും ഉയർന്ന ഉപയോഗമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. ലോകത്ത് തന്നെ ഏറ്റവും സന്തോഷമുള്ള രാജ്യമായി അറിയപ്പെടുന്ന ഫിൻലാൻഡ് ഇക്കൂട്ടത്തിൽ ഏഴാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലാത്വിയയിൽ പൊതുവെ ആന്റിഡിപ്രസന്റുകളുടെ ഉപഭോഗം കുറവാണ്. പ്രതിദിനം 20 ഡോസുകളാണ് ഈ രാജ്യത്ത് ഉപയോഗിക്കപ്പെടുന്നത്. ഹാപ്പിനസ് റിപ്പോർട്ടിൽ 34-ാം സ്ഥാനത്താണ് ലാത്വിയ. സന്തോഷ പട്ടികയിൽ 43-ാം സ്ഥാനത്തുള്ള ഹംഗറിയും ലാത്വിയക്ക് പിന്നാലെയുണ്ട്. സന്തോഷസൂചികയും മാനസിക സംഘർഷവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കുറവുണ്ടായത് ഡെൻമാർക്കിൽ മാത്രം

24 യൂറോപ്യൻ രാജ്യങ്ങളിലാണ് ഓർഗനൈസേഷൻ ഫോർ എകണോമിക് കോ-ഓപറേഷൻ ആൻഡ് ഡെവലപ്‌മെന്റ് പഠനം നടത്തിയത്. ഈ രാജ്യങ്ങളിൽ 2010നും 2020നും ഇടയിൽ മാനസിക സംഘർഷം കുറയ്ക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപഭോഗം 36.5 ശതമാനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഓരോ വർഷം കഴിയുമ്പോഴും രാജ്യങ്ങളിൽ ആന്റി ഡിപ്രസന്റ് ഉപഭോഗം കൂടിവരികയാണ്. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ മരുന്നുകളുടെ ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തിയ ഒരേയൊരു രാജ്യം ഡെൻമാർക്ക് ആണെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. 4 ശതമാനം കുറവാണ് ഡെൻമാർക്കിലുണ്ടായത്.

എസ്റ്റോണിയയിലാണ് ഏറ്റവും കൂടുതൽ വർധനവ്. 133 ശതമാനം വർധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രാൻസിൽ ആന്റി ഡിപ്രസന്റ് ഉപയോഗം രണ്ട്‌ ശതമാനം മാത്രമാണ് വർധിച്ചിരിക്കുന്നത്. യുകെയിൽ ഇരട്ടി വർധനയാണുണ്ടായത്. തുർക്കിയിൽ ഇത് 50 ശതമാനം വർധിച്ചു. മറ്റ് 10 രാജ്യങ്ങളിൽ 25 ശതമാനത്തിൽ താഴെയായിരുന്നു മാറ്റം.

കോവിഡിന്റെ വരവും മാനസികാരോഗ്യവും

ശാരീരികാരോഗ്യം മാത്രമല്ല ആളുകളുടെ മാനസികാരോഗ്യവും തകർക്കുന്നതിൽ കോവിഡ് വഹിച്ച പങ്ക് ചെറുതല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഊട്ടിയുറപ്പിക്കുന്നതാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ഗവേഷണ റിപ്പോർട്ട്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ തന്നെ ആളുകളുടെ മാനസികാരോഗ്യം ഗണ്യമായി വഷളായതായി സർവേ കണ്ടെത്തി.

വിഷാദം, ഉത്കണ്ഠ, മാനസിക ക്ലേശം തുടങ്ങിയവയാണ് കോവിഡ് വൈറസിനൊപ്പം വ്യാപിച്ചത്. 2020 മാർച്ച് മുതൽ, നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും പിടിയിൽ അകപ്പെട്ടവരുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു.

2020ന്റെ തുടക്കത്തിൽ, ബെൽജിയം, ഫ്രാൻസ്, ഇറ്റലി, മെക്സിക്കോ, ന്യൂസിലാൻഡ്, യുകെ, യുഎസ് എന്നിവിടങ്ങളിൽ വിഷാദരോഗികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി. മെക്സിക്കോ, ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ എന്നിവിടങ്ങളിലെ സ്ഥിതിയും മറിച്ചായിരുന്നില്ല.

ഈ രാജ്യങ്ങളിലെല്ലാം 2019നും 2021നും ഇടയിൽ ആന്റി ഡിപ്രസന്റ് ഉപഭോഗത്തിൽ 10 ശതമാനമോ അതിൽ കൂടുതലോ വർധനവ് ഉണ്ടായിട്ടുണ്ട്. ഈ രണ്ട് വർഷത്തിനുള്ളിൽ ലാത്വിയയിൽ ആന്റിഡിപ്രസന്റ് ഉപയോഗം 22 ശതമാനം വർധിച്ചു. എന്നാൽ, ഹംഗറിയിൽ ഒരു ശതമാനം മാത്രം വർധനവാണുണ്ടായത്.

അതേസമയം, 1995നും 2011നും ഇടയിൽ ആന്റിഡിപ്രസന്റുകളുടെ ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചും ഗവേഷകർ പഠനം നടത്തിയിരുന്നു. വിഷാദരോഗത്തെ കുറിച്ചുള്ള തിരിച്ചറിവുകൾ, കൂടുതൽ അറിവുകൾ, പുതിയ ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ലഭ്യത, രോഗിയുടെ മനോഭാവത്തിലെ മാറ്റങ്ങൾ, മെച്ചപ്പെട്ട ചികിത്സ, ആരോഗ്യമേഖലയിലെ വികസനം എന്നിവയാണ് ഇത്തരം മരുന്നുകളുടെ ഉപയോഗം വർധിക്കാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

TAGS :
Next Story