Quantcast

'മൃതദേഹങ്ങൾ,അസ്ഥികൂടങ്ങൾ,വിസർജ്യം'; മാലിന്യക്കൊടുമുടിയായി എവറസ്റ്റ്, വൃത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്ന് വിദഗ്ധർ

എവറസ്റ്റിലെ ഏറ്റവും അവസാന ക്യാമ്പായ സൗത്ത് കോളിൽ ഏകദേശം 40 മുതൽ 50 ടൺ മാലിന്യം നീക്കം ചെയ്യാനുണ്ടെന്നാണ് കണക്ക്

MediaOne Logo

Web Desk

  • Updated:

    2024-07-09 07:21:06.0

Published:

9 July 2024 6:54 AM GMT

frozen garbage,Mount Everest, garbage ,latest world news,മാലിന്യക്കൊടുമുടി,എവറസ്റ്റ് മാലിന്യം,എവറസ്റ്റ് കൊടുമുടി
X

കാഠ്മണ്ഡു: ലോകത്തിന്റെ പലഭാഗത്ത് നിന്നും എവറസ്റ്റ് കൊടുമുടി കീഴടക്കാനായി നിരവധി പേരാണ് ഓരോ വർഷവുമെത്തുന്നത്. 70 വർഷം മുമ്പാണ് മനുഷ്യൻ ആദ്യമായി എവറസ്റ്റ് കൊടുമുടിയിൽ കാലുകുത്തുന്നത്. 1953 മേയ് 29 ന് നേപ്പാൾ സ്വദേശി ടെൻസിങ് നോർഗെയും ന്യൂസിലൻഡ് സ്വദേശിയായ എഡ്മണ്ട് ഹിലരിയും ആദ്യമായി എവറസ്റ്റ് കീഴടക്കി. എന്നാൽ അന്നുതൊട്ട് ഇന്നോളം എവറസ്റ്റിൽ കാലുകുത്തുന്നവർ അവശേഷിപ്പിക്കുന്നത് അവരുടെ കാൽപ്പാടുകൾ മാത്രമല്ല, മാലിന്യകൂമ്പാരങ്ങളുമാണ്.


എവറസ്റ്റിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതായി അടുത്തിടെയാണ് റിപ്പോർട്ട് പുറത്ത് വന്നത്. ടൺ കണക്കിന് മാലിന്യങ്ങൾ വൃത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നാല് മൃതദേഹങ്ങളും ഒരു അസ്ഥികൂടവുമടക്കം ഏകദേശം 11 ടൺ (24,000 പൗണ്ട്) മാലിന്യങ്ങളാണ് ഈവർഷം മാത്രം നേപ്പാൾ സർക്കാർ നിയോഗിച്ച സൈനികരും ഷെർപ്പകളും അടങ്ങുന്ന സംഘം നീക്കം ചെയ്തത്.


എവറസ്റ്റിലെ ഏറ്റവും അവസാന ക്യാമ്പായ സൗത്ത് കോളിൽ ഏകദേശം 40 മുതൽ 50 ടൺ മാലിന്യം വരെ ഇനിയും നീക്കം ചെയ്യാനുണ്ടെന്നാണ് ഷെർപ്പകളുടെ ടീമിനെ നയിച്ച അംഗ് ബാബു ഷെർപ്പ പറയുന്നത്. മാലിന്യങ്ങളിൽ കൂടുതലും പഴയ കൂടാരങ്ങൾ, ഭക്ഷണപ്പൊതികൾ, ഗ്യാസ് കാട്രിഡ്ജുകൾ, ഓക്‌സിജൻ കുപ്പികൾ, ടെന്റ് പായ്ക്കുകൾ, കൂടാരങ്ങൾ കയറുന്നതിനും കെട്ടുന്നതിനും ഉപയോഗിക്കുന്ന കയറുകൾ എന്നിവയാണെന്നും അദ്ദേഹം പറയുന്നു.


സമീപ വർഷങ്ങളിൽ, കൊടുമുടി കയറുന്നവർ അവരുടെ മാലിന്യങ്ങൾ തിരികെ കൊണ്ടുവരണമെന്ന് നിയമം കർശനമാക്കിയിരുന്നു. മാലിന്യങ്ങൾ നിക്ഷേപിച്ചാൽ അവരുടെ സെക്യൂരിറ്റി തുക തിരിച്ചു നൽകില്ലെന്ന നിബന്ധനയും പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് പർവതാരോഹകർക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതും മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാൽ നേരത്തെ നിയമം കർശനമല്ലാത്തതിനാൽ പർവതാരോഹകർ മാലിന്യം നിക്ഷേപിച്ച് തിരിച്ചുവരികയായിരുന്നു പതിവ്.


മഞ്ഞുമൂടിയ ഭൂപ്രദേശത്ത് നിന്ന് തണുത്തുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. സൗത്ത് കോളിൽ നിന്ന് കണ്ടെടുത്ത ഒരു മൃതദേഹം പുറത്തെടുക്കാൻ രണ്ട് ദിവസമാണ് എടുത്തത്. പ്രതികൂല കാലാവസ്ഥ മൂലം പലപ്പോഴും മാലിന്യം ശേഖരിക്കുന്നവർക്ക് പിൻവാങ്ങേണ്ടി വന്നു. 8,400 മീറ്റർ (27,720 അടി) ഉയരത്തിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ക്യാമ്പ് 2 ലേക്ക് കൊണ്ടുപോകാൻ 18 മണിക്കൂർ സമയമാണ് എടുത്തതെന്നും ഇവർ പറയുന്നു.

TAGS :

Next Story