Quantcast

''വിമാനം പറന്നുയർന്നപ്പോഴാണ് രാജ്യം വിടുകയാണെന്ന് അറിയുന്നത്'' നടുക്കുന്ന ഓർമകൾ പങ്കുവച്ച് അഷ്‌റഫ് ഗനി

''പ്രതിരോധമന്ത്രാലയത്തിലേക്കു പോകാൻ കാറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ, കാർ വന്നില്ല. പകരം, പേടിച്ചരണ്ട കൊട്ടാര സുരക്ഷാ വിഭാഗം തലവനുമായി സുരക്ഷാ ഉപദേഷ്ടാവ് തിരിച്ചുവന്നു''

MediaOne Logo

Web Desk

  • Published:

    31 Dec 2021 11:04 AM GMT

വിമാനം പറന്നുയർന്നപ്പോഴാണ് രാജ്യം വിടുകയാണെന്ന് അറിയുന്നത് നടുക്കുന്ന ഓർമകൾ പങ്കുവച്ച് അഷ്‌റഫ് ഗനി
X

അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം പിടിച്ചടക്കിയ ദിനത്തിന്റെ ഓർമകൾ പങ്കുവച്ച് മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി. താലിബാൻ രാജ്യതലസ്ഥാനമായ കാബൂളിലേക്ക് ഇരച്ചെത്തിയതും വിമാനമാർഗം രാജ്യംവിട്ടതുമെല്ലാമാണ് ഇന്നലെ കഴിഞ്ഞ പോലെ ഒരു നടുക്കം പോലെ ഗനി ഓർത്തെടുത്തത്. ബിബിസി റേഡിയോ 4ന്റെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗസ്റ്റ് 15ന് ഉറക്കമുണരുമ്പോൾ അത് അഫ്ഗാനിലെ തന്റെ അവസാനദിവസമാകുമെന്നതിന്റെ ഒരു സൂചന പോലുമുണ്ടായിരുന്നില്ലെന്ന് ഗനി പറയുന്നു. തന്നെയും വഹിച്ച് വിമാനം കാബൂൾ വിടുമ്പോഴായിരുന്നു സംഭവഗതികളെക്കുറിച്ച് ബോധ്യംവരുന്നത്. ആ ദിവസം കാബൂളിൽ പ്രവേശിക്കില്ലെന്നായിരുന്നു തുടക്കത്തിൽ താലിബാൻ വ്യക്തമാക്കിയത്. എന്നാൽ, രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ അതായിരുന്നില്ല സ്ഥിതിയെന്നും അദ്ദേഹം പറയുന്നു.

''രണ്ട് താലിബാൻ വിഭാഗങ്ങൾ വിവിധ ഭാഗങ്ങളിൽനിന്നായി കാബൂളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഒരു വലിയ ഏറ്റുമുട്ടലിനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. ഇത് 50 ലക്ഷത്തോളം പേർ താമസിക്കുന്ന നഗരത്തെ തകർത്തുകളയും. ജനങ്ങൾക്ക് സംഭവിക്കാൻ പോകുന്ന നാശനഷ്ടങ്ങളും ഭീമമാകും. ഇതോടെയാണ് ഭാര്യയടക്കം പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലുണ്ടായിരുന്ന അടുത്ത ആളുകൾക്കെല്ലാം രാജ്യം വിടാൻ അനുമതി നൽകിയത്. മനസ്സില്ലാ മനസ്സോടെയായിരുന്നു ഇത്.''-ഗനി ഓർത്തെടുത്തു.

പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്ഥലം കാലിയാക്കിയിരുന്നു. പ്രതിരോധമന്ത്രാലയത്തിലേക്കു പോകാൻ കാറിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ, കാർ വന്നില്ല. പകരം, സുരക്ഷാ ഉപദേഷ്ടാവ് പേടിച്ചരണ്ടിരിക്കുന്ന കൊട്ടാര സുരക്ഷാ തലവനുമായി തിരിച്ചുവന്നു. ഇപ്പോൾ താലിബാനെതിരെ നിലപാടെടുത്താൽ എല്ലാവരും കൊല്ലപ്പെടുമെന്ന് പറഞ്ഞു രണ്ടുപേരും. ഖോസ്തിലേക്കു പുറപ്പെടാൻ തയാറായിരിക്കാനാണ് ഞാൻ പറഞ്ഞത്. എന്നാൽ, ഖോസ്തും ജലാലാബാദുമെല്ലാം എപ്പോഴോ വീണുകഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി-അദ്ദേഹം പറയുന്നു.

എവിടെ പോകണമെന്ന് അറിയില്ലായിരുന്നുവെന്നും അഷ്‌റഫ് ഗനി പറയുന്നു. ഒടുവിൽ വിമാനം പറന്നുയർന്നപ്പോഴാണ് രാജ്യം വിടുകയാണെന്ന് അറിഞ്ഞത്. എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗനി രാജ്യംവിട്ടത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അംറുല്ല സാലിഹടക്കം അദ്ദേഹത്തിന്റെ നടപടിക്കെതിരെ രംഗത്തെത്തി. അപമാനകരമാണ് ഗനി ചെയ്തതെന്നായിരുന്നു സാലിഹ് പ്രതികരിച്ചത്. ആഗസ്റ്റ് ആദ്യവാരം തൊട്ട് താലിബാൻ വിവിധ നഗരങ്ങൾ പിടിച്ചടക്കിത്തുടങ്ങിയിരുന്നെങ്കിലും ഗനിയുടെ അപ്രതീക്ഷിത നീക്കമാണ് താലിബാന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയതെന്നും അനായാസം രാജ്യം കീഴടക്കാൻ സൗകര്യമൊരുക്കിയതെന്നും വിമർശനമുയർന്നു.

Summary: Afghanistan's former president has defended his decision to flee the country as the Taliban closed in earlier this year, saying he did it to prevent the destruction of Kabul

TAGS :

Next Story