Quantcast

ഇസ്‍ലാം വിരുദ്ധ പരാമര്‍ശം; ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍

മുന്‍പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇസ്രായേൽ ആന്‍റ് ഫലസ്തീൻ അഫയേഴ്സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സ്റ്റുവർട്ട് സെൽഡോവിറ്റ്‌സ് (64) ബുധനാഴ്ചയാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    24 Nov 2023 2:31 AM GMT

Stuart Seldowitz arrested
X

സ്റ്റുവർട്ട് സെൽഡോവിറ്റ്സ്

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നഗരത്തിലെ ഹലാൽ ഭക്ഷണ വിൽപനക്കാരനെ തീവ്രവാദി എന്ന് വിളിക്കുകയും ഗസ്സയില്‍ കൊല്ലപ്പെട്ട 4000 ഫലസ്തീന്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുപോയി എന്ന് പറയുകയും ചെയ്ത ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് സ്റ്റുവർട്ട് സെൽഡോവിറ്റ്സ് അറസ്റ്റില്‍. മുന്‍പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇസ്രായേൽ ആന്‍റ് ഫലസ്തീൻ അഫയേഴ്സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സ്റ്റുവർട്ട് സെൽഡോവിറ്റ്‌സ് (64) ബുധനാഴ്ചയാണ് അറസ്റ്റിലായത്.

ക്രൂരമായ ഉപദ്രവം, ഭയപ്പെടുത്തുന്ന രീതിയിലുള്ള പിന്തുടരല്‍, ജോലി സ്ഥലത്ത് ശല്യം ചെയ്യല്‍, വിദ്വേഷം മൂലമുള്ള പിന്തുടരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സ്റ്റുവര്‍ട്ടിനെ അറസ്റ്റ് ചെയ്തതെന്ന് ന്യൂയോര്‍ക്ക് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 24കാരനായ കച്ചവടക്കാരന്‍റെ കടയില്‍ സ്റ്റുവര്‍ട്ട് നിരന്തരം എത്തി ശല്യം ചെയ്യുകയും ഒന്നിലധികം തവണ ഇസ്‍ലാം വിരുദ്ധ പരാമര്‍ശം നടത്തിയെന്നും പൊലീസ് പറഞ്ഞു. മാന്‍ഹട്ടനില്‍ ജോലി ചെയ്യുന്ന ഈജിപ്ഷ്യന്‍ കച്ചവടക്കാരനും സ്റ്റുവര്‍ട്ടും തമ്മില്‍ ഗസ്സ യുദ്ധത്തെക്കുറിച്ച് തര്‍ക്കിക്കുന്ന ഒന്നിലധികം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. “ഞങ്ങൾ 4,000 ഫലസ്തീനിയൻ കുട്ടികളെ കൊന്നിട്ടും മതിയാകുന്നില്ല'' എന്ന് സ്റ്റുവര്‍ട്ട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കച്ചവടക്കാരന്‍ സ്റ്റുവര്‍ട്ടിനോട് 'എനിക്ക് കേള്‍ക്കണ്ട നിങ്ങള്‍ ഇവിടെ നിന്നും പോകൂ' എന്നു പറയുന്നുണ്ട്. എന്നാൽ 'നിങ്ങൾ ഒരു തീവ്രവാദിയാണ്. നിങ്ങൾ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മറ്റൊരു വീഡിയോയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ കളിയാക്കുന്നുമുണ്ട്. കച്ചവടക്കാരനെതിരെ ഈജിപ്തിലെ രഹസ്യ പൊലീസിനെ അണിനിരത്താൻ തന്‍റെ സർക്കാർ ബന്ധങ്ങൾ ഉപയോഗിക്കുമെന്നും സെൽഡോവിറ്റ്സ് ഭീഷണിപ്പെടുത്തുന്നു.''ഈജിപ്തിലെ ഇന്‍റലിജന്‍സ് ഏജന്‍സി നിങ്ങളുടെ മാതാപിതാക്കളെ പിടികൂടും. നിങ്ങളുടെ പിതാവിന് അദ്ദേഹത്തിന്‍റെ നഖങ്ങള്‍ ഇഷ്ടമാണോ? അവർ ഓരോന്നായി പുറത്തെടുക്കും'' സെൽഡോവിറ്റ്സ് ചിരിച്ചുകൊണ്ട് പറയുന്നത് വീഡിയോയില്‍ കാണാം.

ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റായിരിക്കെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സൗത്ത് ഏഷ്യ ഡയറക്ടറേറ്റിന്റെ ആക്ടിംഗ് ഡയറക്ടറായിരുന്നു സെൽഡോവിറ്റ്സ്.സ്റ്റുവര്‍ട്ടിന്‍റെ പരാമര്‍ശങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് കച്ചവടക്കാരന് പിന്തുണയുമായി എത്തിയത്. നിരവധിയാളുകളാണ് ചൊവ്വാഴ്ച മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡ് പരിസരത്തുള്ള ഭക്ഷണ വണ്ടിയില്‍ നിന്നും ഹലാല്‍ ചിക്കനും മറ്റും വാങ്ങാനെത്തിയത്.

TAGS :

Next Story