ദമസ്കസില്‍ ഇസ്രായേല്‍ ആക്രമണം; പ്രകോപനം തുടർന്നാല്‍ കനത്ത പ്രത്യാഘാതമെന്ന് തുർക്കിയുടെ മുന്നറിയിപ്പ്
സിറിയയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കി
ദമസ്കസ്: സിറിയൻ തലസ്ഥാനമായ ദമസ്കസിന് നേർക്ക് വീണ്ടും ഇസ്രായേൽ ആക്രമണം. സിറിയയുടെ സൈനികശേഷി ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ അഞ്ഞൂറിലേറെ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്.
പ്രകോപന നടപടികൾ ഉപേക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ഇസ്രായേലിന് തുർക്കിയുടെ മുന്നറിയിപ്പ്. സിറിയയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സിറിയക്കു നേരെയുള്ള അധിനിവേശവും ആക്രമണവും അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനെ അറിയിച്ചതായും തുർക്കി വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
സിറിയയിൽ സമാധാനപരമായ അധികാരക്കൈമാറ്റം സാധ്യമാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മേഖലയിലെ രാജ്യങ്ങളുടെ പിന്തുണ തേടുന്നതിനിടെയാണ് ഇസ്രായേലിന്‍റെ തുടർ ആക്രമണം. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഖാനുമായും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ പതന ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ദമസ്കസിലെ ഉമയ്യദ് ചത്വരത്തിൽ ആയിരങ്ങൾ പങ്കെടുത്ത വൻ റാലി നടന്നിരുന്നു.
Adjust Story Font
16