Quantcast

വിദ്വേഷ പ്രചാരണങ്ങൾ ഫേസ്ബുക്ക് കൈയുംകെട്ടി നോക്കിനിന്നു; റോഹിംഗ്യകൾക്ക് നഷ്ടപരിഹാരം നൽകണം-ആംനെസ്റ്റി

റോഹിംഗ്യകൾക്കെതിരായ വംശഹത്യയെ ആളിക്കത്തിക്കുന്നതിൽ ഫേസ്ബുക്കിന് നിർണായക പങ്കുണ്ടെന്ന് 2018ൽ യു.എൻ വസ്തുതാന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    29 Sep 2022 9:50 AM GMT

വിദ്വേഷ പ്രചാരണങ്ങൾ ഫേസ്ബുക്ക് കൈയുംകെട്ടി നോക്കിനിന്നു; റോഹിംഗ്യകൾക്ക് നഷ്ടപരിഹാരം നൽകണം-ആംനെസ്റ്റി
X

നായ്പിയാദോ: മ്യാന്മറിൽ റോഹിംഗ്യൻ മുസ്്‌ലിംകൾക്കെതിരായ വംശഹത്യയിൽ ഫേസ്ബുക്ക് ഉത്തരവാദികളാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. ന്യൂനപക്ഷത്തിനെതിരായ അതിക്രങ്ങൾക്ക് ഇന്ധനമേകിയ കമ്പനി റോഹിംഗ്യകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ വ്യക്തമാക്കി.

ഫേസ്ബുക്കിൽ നടന്ന റോഹിംഗ്യാ വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ മ്യാന്മറിലെ മനുഷ്യാവകാശ പ്രവർത്തകർ 2012 മുതൽ കമ്പനിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഇതിനോട് അനുകൂലമായ പ്രതികരണങ്ങളൊന്നും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായില്ല. പകരം, ഫേസ്ബുക്കിന്റെ അൽഗോരിതം ഇത്തരത്തിലുള്ള ന്യൂനപക്ഷ വിദ്വേഷങ്ങൾ പരത്തുന്ന തരത്തിലുള്ള വിഡിയോ അടക്കമുള്ള കണ്ടന്റുകൾക്ക് കൂടുതൽ പ്രചാരണം നൽകുന്ന തരത്തിലായിരുന്നുവെന്ന് ആംനെസ്റ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മ്യാന്മറിൽ ഫേസ്ബുക്ക് കൂടുതൽ ജനപ്രിയമായി വരുന്ന ഘട്ടമായിരുന്നു ഇത്. ഈ സമയത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയുള്ള വിദ്വേഷ പ്രചാരങ്ങൾ സമൂഹത്തെ വലിയ തോതിൽ സ്വാധീനിച്ചതാണ് പിന്നീടുണ്ടായ അതിക്രമങ്ങളിലും വംശഹത്യയിലും കലാശിച്ചതെന്നാണ് ആംനെസ്റ്റി പറയുന്നത്. അഞ്ചു വർഷം കഴിഞ്ഞായിരുന്നു സൈന്യത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ റോഹിംഗ്യാ വംശഹത്യ നടന്നത്.

സംഭവത്തിൽ നൂറുകണക്കിനു റോഹിംഗ്യകൾ കൊല്ലപ്പെടുകയും ഏഴു ലക്ഷത്തോളം പേർ ഭവനരഹിതരായി വിവിധ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യാൻ നിർബന്ധിതരാകുകയുമുണ്ടായി. 2017ൽ മ്യാന്മർ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ഏജൻസികൾ ആരോപിച്ചിരുന്നു. ഇതിനെ യു.എസ് അടക്കമുള്ള ലോകരാജ്യങ്ങൾ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ രാജ്യാന്തര നീതിന്യായ കോടതിയിൽ വിചാരണ തുടരുകയാണ്.

മ്യാന്മർ സൈന്യം റോഹിംഗ്യകൾക്കെതിരെ മനുഷ്യത്വവിരുദ്ധമായ കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള അൽഗോരിതം വഴി ഫേസ്ബുക്ക് ലാഭം കൊയ്യുകയായിരുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമാർഡ് ആരോപിച്ചു. അതിന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്‌ക്കെതിരെ നടപടി സ്വീകരിക്കണം. അവരുടെ ഒരു ശ്രദ്ധയുമില്ലാത്ത പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ടെന്നും അവർ പറഞ്ഞു.

എന്നാൽ, ആംനെസ്റ്റി റിപ്പോർട്ടിനോട് പ്രതികരിക്കാൻ മെറ്റ തയാറായിട്ടില്ല. റോഹിംഗ്യകൾക്കെതിരായ അതിക്രമങ്ങളെ ആളിക്കത്തിക്കുന്നതിൽ ഫേസ്ബുക്ക് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നേരത്തെ യു.എൻ അന്വേഷണ സംഘവും വ്യക്തമാക്കിയിരുന്നു. 2018ൽ മർസൂകി ഡാറുസ്മാന്റെ നേതൃത്വത്തിൽ നടന്ന യു.എൻ റോഹിംഗ്യ വംശഹത്യാ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് ഫേസ്ബുക്കിനെതിരെ കണ്ടെത്തലുകളുള്ളത്. തങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ തടയുന്നതിൽ വീഴ്ചകാണിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്കിൽനിന്ന് 150 ബില്യൻ ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റോഹിംഗ്യ അഭയാർത്ഥികൾ രംഗത്തെത്തിയിരുന്നു.

Summary: ''Facebook failed to take action on hate speech against Rohingya despite repeated warnings, Meta owes Rohingya compensation for Myanmar violence'', Says Amnesty International

TAGS :

Next Story