'34,000 രൂപക്ക് ഭക്ഷണം കഴിച്ചു, ബില്ലടക്കാതെ മുങ്ങി'; എട്ടംഗ കുടുംബത്തിനെതിരെ പരാതിയുമായി റെസ്റ്റോറന്റ് ഉടമകൾ
കുടുംബം നല്‍കിയ ഫോണ്‍ നമ്പർ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു
Representative image
യു.കെ: റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് ബില്ലടക്കാതെ മുങ്ങിയ എട്ടംഗ കുടുംബത്തിനെതിരെ പരാതി. യു.കെയിലാണ് സംഭവം. ആയിരമോ രണ്ടായിരമോ അല്ല, 34,000 രൂപയുടെ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ബില്ലടക്കാതെ മുങ്ങിയ കാര്യം റെസ്റ്റോറന്റ് ഉടമകൾ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. കുടുംബം ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയടക്കമാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഉടമകൾ പറയുന്നതിങ്ങനെ...
'ഭക്ഷണം കഴിച്ചശേഷം കൂട്ടത്തിലുണ്ടായിരുന്ന യുവതി ബാങ്കിന്റെ കാർഡ് വെച്ച് ബില്ലടക്കാൻ ശ്രമിച്ചു. എന്നാൽ രണ്ടുതവണയും പരാജയപ്പെടുകയായിരുന്നു. താൻ പണമുള്ള കാർഡ് എടുത്തുവരാമെന്നും അതുവരെ മകൻ റെസ്റ്റോറന്റിലിരിക്കുമെന്നും പറഞ്ഞ് അവർ പുറത്തിറങ്ങി. എന്നാൽ അൽപനേരത്തിന് ശേഷം മകന് ഒരു ഫോൺകോൾ വരികയും അയാൾ പുറത്തിറങ്ങുകയും ചെയ്തു. ഭക്ഷണം കഴിക്കാൻ വന്നപ്പോൾ നൽകിയ ഫോൺനമ്പറിൽ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. നമ്പർ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. മറ്റ് മാർഗങ്ങളില്ലാതെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആരോടും ഇത് ചെയ്യരുത്. പ്രത്യേകിച്ച് പുതുതായി തുറന്ന ഒരു റെസ്റ്റോറന്റിനോട് ചെയ്യുന്നത് അതിലും മോശമാണ്'. റെസ്റ്റോറന്റ് ഉടമകൾ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കൗണ്ടറിൽ ബില്ലടയ്ക്കാൻ ശ്രമിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കുടുംബം ചെയ്തത് ചതിയാണെന്നും ഇവരുടെ ഫോട്ടോ എല്ലാ റസ്റ്റോറന്റിലും പ്രിന്റ് ചെയ്ത് പിൻ ചെയ്തുവെക്കണമെന്നാണ് ഒരാളുടെ കമന്റ്. ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ തന്നെ പണം നൽകാനുള്ള സംവിധാനം എല്ലാ റെസ്റ്റോറന്റുകളിലും കൊണ്ടുവരുന്നത് ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കുമെന്നായിരുന്നു ചിലരുടെ നിർദേശം.
Adjust Story Font
16