അൽഅഖ്‌സയിൽ ഇരച്ചുകയറി തീവ്ര ജൂതസംഘം; പള്ളിയിൽ ഇസ്രായേൽ പതാക നാട്ടി
പള്ളിയിൽ രാവിലെ പ്രാർത്ഥനയ്‌ക്കെത്തിയ ഫലസ്തീനികളെ ബന്ധിയാക്കിയ ശേഷം ഇസ്രായേൽ സൈന്യം അക്രമികൾക്ക് സുരക്ഷയുമൊരുക്കി
ജറൂസലേം: അൽഅഖ്‌സ പള്ളിയിൽ തീവ്ര ജൂതസംഘങ്ങളുടെ അതിക്രമം. നൂറുകണക്കിനു വരുന്ന തീവ്ര വലതുപക്ഷ ജൂത ദേശീയവാദികൾ അൽഅഖ്‌സ കോംപൗണ്ടിലേക്ക് അതിക്രമിച്ചു കയറി പള്ളിക്കു മുകളിൽ ഇസ്രായേൽ പതാക നാട്ടി. ഏറെ കോളിളക്കം സൃഷ്ടിക്കാനിടയുള്ള തീവ്ര വലതുപക്ഷത്തിന്റെ പതാകയാത്രയ്ക്കു തൊട്ടുമുൻപാണ് സംഭവം. പള്ളിയിലുണ്ടായിരുന്ന ഫലസ്തീനികളെ ഇസ്രായേൽ സൈന്യം മർദിക്കുകയും ചെയ്തു.
തീവ്ര ജൂത പാർട്ടിയായ ജ്യൂയിഷ് നാഷനലിസ്റ്റ് പാർട്ടി നേതാവ് ഇതമാർ ബെൻ-ഗവീറിന്റെ നേതൃത്വത്തിലാണ് സംഘം ഇന്ന് അൽഅഖ്‌സ പള്ളിയിലേക്ക് ഇരച്ചുകയറിയത്. പ്രാദേശിക സമയം രാവിലെ ഏഴിനും 11നും ഇടയിലായിരുന്നു വൻസുരക്ഷാ സന്നാഹത്തിൽ സംഘം പള്ളിയിലേക്ക് അതിക്രമിച്ചെത്തിയത്. പള്ളിയിൽ കയറി പ്രാർത്ഥന നിർവഹിക്കുകയും ഇസ്രായേൽ പതാക നാട്ടുകയും ചെയ്തു. ഇസ്രായേൽ സൈന്യം നോക്കിനിൽക്കെയായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം.
ഇന്നു രാവിലെ തന്നെ പള്ളി കോംപൗണ്ടിൽ ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരുന്നു. പള്ളിയിലെ അൽഖിബ്ലി പ്രാർത്ഥനാ മുറിയുടെ മുകൾ ഭാഗത്ത് നിലയുറപ്പിച്ച സൈന്യം പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ പള്ളിക്കകത്ത് ബന്ധിയാക്കി. പലർക്കും സൈന്യത്തിന്റെ മർദനമേറ്റതായും വിവരമുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ഫലസ്തീൻ മാധ്യമപ്രവർത്തകരെ സൈന്യം പള്ളിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. പുറത്തുനിന്ന് ഫോട്ടോ പകർത്തുന്നത് തടയുകയും അറസ്റ്റ് ഭീഷണി മുഴക്കുകയും ചെയ്തു.
അൽഅഖ്‌സ കോംപൗണ്ടിലുണ്ടായിരുന്ന ഫലസ്തീനികളെ ഇസ്രായേൽ സൈന്യം റബർ ബുള്ളറ്റ് കൊണ്ട് നേരിട്ടു. നാട്ടുകാരെ ഇവിടെനിന്ന് ആട്ടിയോടിക്കാനായിരുന്നു സൈന്യത്തിന്റെ ശ്രമം. ഇതിനിടെ അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ഓൾഡ് സിറ്റിയിൽനിന്ന് 18 ഫലസ്തീനികളെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈന്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ നാട്ടുകാരെ സഹായിക്കാനായി എത്തിയ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസ് അക്രമികൾ തടഞ്ഞു.
Summary: Israeli flag raised in al-Aqsa Mosque storming ahead of far-right parade
Adjust Story Font
16