Quantcast

'സ്‌കൂൾ ബാത്‌റൂമിലെ പൈപ്പുകളും വയറുകളും മോഷ്ടിച്ചു'; മുൻ പാക് മന്ത്രി ഫവാദ് ചൗധരിക്കെതിരെ പത്തിലേറെ കേസുകൾ

ഇംറാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ ദേശീയ ഉപാധ്യക്ഷൻ കൂടിയായ ഫവാദ് ചൗധരിക്കെതിരെയാണ് വിചിത്രകരമായ കേസുകൾ രജിസ്റ്റർ ചെയ്തത്

MediaOne Logo

Web Desk

  • Published:

    22 May 2023 11:33 AM GMT

Case filed against PTI leader and former information minister of Pakistan, Fawad Chaudhry, for stealing taps, electrical wires from govt schools, Fawad Chaudhry school bathroom tap theft case, Fawad Chaudhry
X

ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ മന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ്(പി.ടി.ഐ) ഉപാധ്യക്ഷനുമായ ഫവാദ് ചൗധരിക്കെതിരെ 11ഓളം കേസുകൾ ചുമത്തി പാക് പഞ്ചാബ് പൊലീസ്. സ്‌കൂളുകളിലെ ബാത്‌റൂം പൈപ്പുകളും വയറുകളും മോഷ്ടിച്ചതടക്കമുള്ള കേസുകളാണ് ഫവാദിനെതിരെയുള്ളത്. കഴിഞ്ഞ ദിവസം പഞ്ചാബ് കോടതിയിലാണ് പൊലീസ് കേസ് വിവരങ്ങൾ സമർപ്പിച്ചതെന്ന് പാക് മാധ്യമമായ 'ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു.

മുൾത്താൻ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഖൈർപൂരിലെ സർക്കാർ പ്രാഥമിക വിദ്യാലയത്തിൽനിന്ന് ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിച്ചതാണ് ഒരു കേസ്. മറ്റൊരു സ്‌കൂളിലെ ബാത്‌റൂമിൽനിന്ന് പൈപ്പ് മോഷ്ടിച്ച കേസും ഇദ്ദേഹത്തിനെതിരെയുണ്ട്.

ഫവാദിനെതിരെ ലാഹോറിലെ സർവർ റോഡ്, റേസ് കോഴ്‌സ് പൊലീസ് സ്റ്റേഷനുകളിൽ രണ്ടു വീതം കേസുകളാണുള്ളത്. മുൾത്താനിലെ ജലാൽപൂർ പിർവാലയിലെ കന്റോൺമെന്റ് സ്‌റ്റേഷനിൽ മൂന്ന് കേസുമുണ്ട്. അറ്റോക്ക്, ഝലം, ഫൈസലാബാദ് പൊലീസ് സ്റ്റേഷനുകളിലും വിവിധ കേസുകൾ അദ്ദേഹത്തിനെതിരെ രജസ്റ്റിർ ചെയ്തതായി 'ട്രിബ്യൂൺ' റിപ്പോർട്ടിൽ പറയുന്നു.

ഇംറാൻ ഖാൻ സർക്കാരിൽ വാർത്താ വിനിമയ മന്ത്രിയായിരുന്നു ഫവാദ് ചൗധരി. അഴിമതിക്കേസുകളിൽ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യവ്യാപകമായി നടന്ന അക്രമസംഭവങ്ങളിൽ ഫവാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമങ്ങൾക്ക് പ്രേരണ നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. കേസിൽ കഴിഞ്ഞ ദിവസമാണ് ഇസ്‌ലാമാബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

Summary: Case filed against PTI leader and former information minister of Pakistan, Fawad Chaudhry, for stealing taps, electrical wires from govt schools

TAGS :

Next Story